print edition തൊഴിൽസുരക്ഷ ഉറപ്പില്ല ; ലേബർ കോഡിലും യുഡിഎഫ് – ബിജെപി ഡീൽ

ബി എസ് ആരതി
Published on Sep 04, 2026, 01:30 AM | 2 min read
തിരുവനന്തപുരം : തൊഴിലാളികളുടെ അവകാശം ഹനിച്ചും തൊഴിൽ സുരക്ഷ ഇല്ലാതാക്കിയും കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് ലേബർ കോഡിന് പിന്തുണയുമായി യുഡിഎഫ് സർക്കാർ. സംഘടിത മേഖലയിലെ വലിയ വിഭാഗത്തെയും അസംഘടിത തൊഴിലാളികളെ പൂർണമായും നിയമപരിരക്ഷയിൽനിന്ന് ഒഴിവാക്കുന്ന നടപടിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. തൊഴില്‍ മേഖലയിലെ ആശങ്ക പരിഹരിക്കാന്‍ യൂണിയന്‍ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിക്കാമെന്ന് തൊഴില്‍മന്ത്രി ഉറപ്പ് നല്‍കിയെങ്കിലും തുടര്‍നടപടിയില്ല. സ്ഥാപനങ്ങള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതില്‍ സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു.
കേന്ദ്ര തൊഴിൽ ചട്ടങ്ങളിൽ ഭേദഗതിവരുത്തി വിജ്ഞാപനം ഇറക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്‌ണ പ്രഖ്യാപിച്ചിട്ട് രണ്ടുമാസമായി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കുമെന്ന് ജൂലൈ 12നാണ് മന്ത്രി പറഞ്ഞത്. ഒരാഴ്‌ചയ്‌ക്കകം സിഐടിയു ഉൾപ്പെടെ തൊഴിലാളി യൂണിയനുകൾ ചർച്ചയിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ വിവരം കൈമാറി. എന്നാൽ പിന്നീട് നടപടി യില്ല.
തൊഴിലുടമകൾക്ക് അനുകൂലമായി കരാർവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങളാണ് ലേബർ കോഡിലുള്ളത്. ജോലിസമയം, മിനിമം വേതനം, ജോലി സുരക്ഷ, യൂണിയനുകൾ രൂപീകരിക്കാൻ അവകാശം എന്നിവ ഇല്ലാതാക്കുന്നതാണ് വ്യവസ്ഥ. ലേബർ കോഡ് കേന്ദ്രം പ്രഖ്യാപിച്ചപ്പോൾത്തന്നെ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു.
2025 നവംബർ 21നാണ് രാജ്യത്ത് ലേബർ കോഡ് പ്രാബല്യത്തിൽ വന്നത്. 2026 ജനുവരി 22ന് ഇതേപ്പറ്റി പഠിക്കാനും വിശദ റിപ്പോർട്ട് നൽകാനും എൽഡിഎഫ് സർക്കാർ ജസ്‌റ്റിസ് ഗോപാല ഗൗഡ കമീഷനെ നിയോഗിച്ചു. റിപ്പോർട്ട് കിട്ടി ദിവസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ കമീഷന്‍ ശുപാർശ നിയമമാക്കാനായില്ല. പിന്നീട്, യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം കേന്ദ്രനയത്തെ പിന്തുണക്കുന്ന സമീപനം സ്വീകരിച്ച് ചട്ടങ്ങൾ പുറത്തിറക്കുന്നത് നീട്ടുകയാണ്.
ഇൗ സ്ഥിതി മുതലെടുത്ത് കൊച്ചിയിലെ ടാൽറോപ്പ് കന്പനി, കുറഞ്ഞ ആനുകൂല്യം നൽകി മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടു. അമേരിക്ക ആസ്ഥാനമായി കോഴിക്കോടും കൊച്ചിയിലും പ്രവർത്തിച്ച കോറോ ഹെൽത്ത് മെഡിക്കൽ കോഡിങ് കന്പനിയും ജൂലൈയിൽ എണ്ണൂറോളം ജീവനക്കാരെ ഒഴിവാക്കി. തൊഴിൽനിയമം ലംഘിച്ച ഇൗ കന്പനികൾക്കെതിരെ നിയമ നടപടിയെടുക്കാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞില്ല. എൽഡിഎഫ് സർക്കാർ കമീഷനെ നിയോഗിച്ച് പൂർത്തിയാക്കിയ ലേബർ കോഡ് പ്രതിരോധ റിപ്പോർട്ടിൽ നടപടി എടുക്കാത്തതായിരുന്നു കാരണം.അതോടെ കമ്പനി മാനേജ്‌മെന്റുകളുടെ കൂട്ടപിരിച്ചുവിടൽപോലുള്ളവ നിയന്ത്രിക്കാനും പറ്റാതെയായി.









0 comments