അൻവർ വിഷയത്തിൽ ഇനി പ്രതികരണമില്ല: രമേശ് ചെന്നിത്തല

നിലമ്പൂർ : അൻവർ വിഷയത്തിൽ ഇനി പ്രതികരണം വേണ്ടെന്നാണ് തീരുമാനമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുൻ ഡിസിസി പ്രസിഡൻ്റ് വി വി പ്രകാശിൻ്റെ വീട്ടിൽ അൻവർ വോട്ടഭ്യർഥിച്ച് ചെന്നതും ആര്യാടൻ ഷൗക്കത്ത് ചെല്ലാത്തതും സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ചെന്നിത്തലയുടെ മറുപടി. തെരഞ്ഞെടുപ്പിൽ അൻവർ ഘടകമാണെന്ന് വിശ്വസിക്കുന്നില്ല. അൻവറുമായി ഇനി ഒരു ചർച്ചയും നടത്തില്ല. ജനങ്ങളുമായാണ് ചർച്ച. സൂക്ഷ്മ പരിശോധനയിൽ തൃണമൂൽ കോൺഗ്രസിൻ്റെ പത്രിക തള്ളിയത് അവരുടെ കാര്യം. ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല.
മണ്ഡലത്തിൽ രണ്ട് സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉള്ളതുകൊണ്ടാണ് ഇന്നലെ യുഡിഎഫ് കൺവൻഷനിൽ എത്താതിരുന്നത്. തെരഞ്ഞെടുപ്പ് കഴിയുംവരെ നിലമ്പൂരിൽ ക്യാമ്പ് ചെയ്യും. മുസ്ലിം ലീഗാണ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനേക്കാൾ മുന്നിൽനിന്ന് പ്രവർത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.









0 comments