ad
Deshabhimani

ഡോക്ടർമാരില്ല; കാസര്‍കോട് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി

panathur health centre

പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം

avatar
സ്വന്തം ലേഖകൻ

Published on Aug 09, 2026, 02:06 AM | 1 min read

രാജപുരം : കാസര്‍കോട് മലയോര ജനത പനിയിലും മറ്റു പകർച്ചവ്യാധികളിലും വിറച്ചുനിൽക്കുമ്പോൾ ഡോക്ടര്‍മാരില്ലെന്ന പേരില്‍ കുടുംബാരോഗ്യ കേന്ദ്രം അടച്ചൂപൂട്ടി. സാധാരണക്കാരുടെ ഏക ആശ്രയകേന്ദ്രമായ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രമാണ്‌ അനിശ്‌ചിതകാലത്തേക്ക്‌ അടച്ചുപൂട്ടിയത്‌. ഡോക്ടറുടെ ക്ഷാമം ഉള്ളതിനാൽ ഞായറാഴ്ച മുതൽ ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ ഡോക്ടർമാരുടെ സേവനം ഉണ്ടാകില്ലെന്ന കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ആദിൽ മാത്യു ജേക്കബ് ഇറക്കിയ നോട്ടീസ്‌ ആശുപത്രി നോട്ടീസ്‌ ബോർഡിൽ പതിപ്പിച്ചു.


നിലവിൽ ആശുപത്രിയിൽ മൂന്ന് ഡോക്ടർമാരാണ് ഉണ്ടായിരുന്നത്‌. രണ്ടു പേരെ ജില്ലാ മെഡിക്കൽ ഓഫീസറും ഒരാളെ പഞ്ചായത്തുമാണ് നിയമിച്ചത്. മൂന്ന് പേരും പിജി പരീക്ഷ എഴുതുന്നതിനുള്ള മുന്നൊരുക്കത്തിനായി ലീവ് എടുത്തതോടെയാണ്‌ ഡോക്ടർമാർ ഇല്ലാതായാതത്‌. പനത്തടി പഞ്ചായത്തിലേയും, അതിർത്തി പഞ്ചായത്തായ കർണാടകത്തിലെ കരിക്കെ പഞ്ചായത്തിലേയും നൂറുകണക്കിന് രോഗികളാണ് ഈ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപിത്തം, ഉൾപ്പെടെയുള്ള പകർച്ചപ്പനികൾ പടർന്നു പിടിക്കുന്ന പ്രദേശമാണ് ഈ ആശുപത്രി പരിധി.


തൊട്ടടുത്തു കിടക്കുന്ന കർണാടകത്തിൽനിന്നു ഉൾപ്പെടെ നിരവധി പേരാണ് നിത്യവും ചികിത്സ തേടിയെത്തുന്നത്. കള്ളാർ പഞ്ചായത്തിലുള്ള നൂറുകണക്കിനാളുകളും ഇ‍ൗ ആതുരാലയത്തെ ആശ്രയിക്കുന്നുണ്ട്‌. മറ്റു ചികിത്സാ സൗകര്യങ്ങൾ ഒന്നുമില്ലാത്ത മലയോര പ്രദേശത്ത് ആകെയുള്ള സർക്കാർ ആശുപത്രി അടച്ചു പൂട്ടിയതോടെ രോഗികൾ ദുരിതത്തിലായി. ഇ‍ൗ മേഖയിലുള്ളവർക്ക്‌ ഇനി ആശ്രയിക്കാവുന്നത്‌ പൂടംകല്ല് താലൂക്ക് ആശുപത്രിയാണ്‌. ഇവിടെയും സ്ഥിതി വ്യത്യസ്‌തമല്ല. ഡോക്ടറില്ലാത്തതിനാൽ രാത്രികാല പരിശോധന ഇവിടെയില്ല. പകലും ഡോക്ടർക്ഷാമത്താൽ ബുദ്ധിമുട്ടുന്നുണ്ട്‌. പാണത്തൂർ, കള്ളാർ പഞ്ചായത്തുകളിലുള്ളവർ പൂടംകല്ല്‌ താലൂക്കാശുപത്രിയിലേക്ക്‌ എത്തുന്നതോടെ ഇവിടെയും വലിയ പ്രതിസന്ധി ഉടലെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home