വഴങ്ങില്ല; ആഭ്യന്തരവും വിജിലൻസും വേണമെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല, വി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തുനിന്നും തള്ളിമാറ്റപ്പെട്ടതിന് പിന്നാലെ നേതൃത്വവുമായി അകന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തല കടുത്ത നിബന്ധനകൾവെച്ചതായി സൂചന. ആഭ്യന്തരം, വിജിലിൻസ് വകുപ്പുകൾ തരുമെങ്കിൽ മാത്രമേ മന്ത്രിസഭയിലേക്ക് ഉള്ളൂ എന്നാണ് ചെന്നിത്തലയുടെ നിലപാട്. മറ്റേതെങ്കിലും വകുപ്പ് വാങ്ങി മന്ത്രിക്കസേരയിൽ ഇരിക്കുന്നതിലും ഭേദം പുറത്തുനിൽക്കാനാണ് ചെന്നിത്തല പക്ഷത്തിന് താൽപ്പര്യം.
മുഖ്യമന്ത്രിയാകേണ്ടിയിരുന്നയാൾക്ക് ആഭ്യന്തര വകുപ്പിൽ കുറഞ്ഞ സ്ഥാനംനൽകുന്നത് അപമാനിക്കലാണെന്ന് ചെന്നിത്തലപക്ഷം വാദിക്കുന്നു. എന്നാൽ മുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തരവും കൈപ്പിടിയിലാക്കാനാണ് വി ഡി സതീശൻ ശ്രമിക്കുന്നത്. ചെന്നിത്തല വഴങ്ങിയില്ലെങ്കിൽ ആഭ്യന്തരം നൽകി, ധനവകുപ്പും കൈവശപ്പെടുത്താൻ സതീശന് നീക്കമുണ്ട്.
തന്നെ പിന്തുണയ്ക്കുന്ന അൻവർ സാദത്തിനെയും ഐ സി ബാലകൃഷ്നെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന നിബന്ധനയും ചെന്നിത്ത മുന്നോട്ടുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കസേരയ്ക്കുവേണ്ടിയുള്ള പോരിൽ പിന്തള്ളപ്പെട്ടുപോയ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രധാന വകുപ്പുകളിൽ പിടിമുറുക്കിയിട്ടുണ്ട്. അഞ്ചുമുതൽ ഏഴുവരെ മന്ത്രിസ്ഥാനംവരെ നേടാനാണ് വേണുഗോപാൽ പക്ഷം ശ്രമിക്കുന്നത്. ചെന്നിത്തലയും വേണുഗോപാലും തമ്മിൽ ശനിയാഴ്ച നിർണായക കൂടിക്കാഴ്ച നടത്തി. മന്ത്രിസഭയിൽ ചെന്നിത്തലയ്ക്ക് നിർണായക വകുപ്പ് ലഭിക്കുന്നതിനും വേണുഗോപാൽ വിഭാഗക്കാരായ എംഎൽഎമാർക്ക് മന്ത്രിസ്ഥാനം ഉറപ്പിക്കുന്നതിനും ഇരുനേതാക്കളും തമ്മിൽ ധാരണയായെന്നാണ് സൂചന.










0 comments