ജമാഅത്തെ ഇസ്ലാമിക്ക് സ്ഥാനാർഥികളില്ല; വോട്ടുകൾ യുഡിഎഫിന്

കോഴിക്കോട്/ തിരുവനന്തപുരം: എൽഡിഎഫിനെതിരെ മതരാഷ്ട്രവാദികളെ നിയമസഭാ തെരഞ്ഞെടുപ്പിലും ഒപ്പം കൂട്ടി യുഡിഎഫ്. തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും യുഡിഎഫിന് പിന്തുണ നൽകാൻ ജമാഅത്തെ ഇസ്ലാമി തീരുമാനിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയകക്ഷിയായ വെൽഫെയർ പാർടി ഇത്തവണ ഒരു സീറ്റിലും സ്ഥാനാർഥികളെ നിർത്തില്ല. ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് നേതൃത്വം ധാരണയിലെത്തിയതിനെ തുടർന്നാണ് വെൽഫെയർ പാർടി സ്ഥാനാർഥികളെ നിർത്താത്തത്. ചൊവ്വാഴ്ച ജില്ലാ അടിസ്ഥാനത്തിൽ യോഗം ചേർന്ന് ബുധനാഴ്ച തീരുമാനം പ്രഖ്യാപിച്ചേക്കും.
2021ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 18 നിയമസഭാ സീറ്റുകളിൽ വെൽഫെയർ പാർടി മത്സരിച്ചിരുന്നു. മറ്റ് മണ്ഡലങ്ങളിൽ യുഡിഎഫിനായിരുന്നു പിന്തുണ. അതിനുശേഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും വെൽഫെയർ പാർടി യുഡിഎഫിനെയാണ് പിന്തുണച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഖ്യത്തിൽ ഏർപ്പെടുകയും ചെയ്തു. മുസ്ലിം ലീഗ്, കോൺഗ്രസ് സീറ്റുകൾ വെൽഫെയർ പാർടിക്ക് കൈമാറിയിരുന്നു. സംസ്ഥാനത്താകെ നൂറിലധികം വാർഡുകളിലാണ് യുഡിഎഫ് മതരാഷ്ട്രവാദികളുമായി കൈകോർത്തത്.
ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്‌ട്രവാദമില്ലെന്നും ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സംഘടനയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. എന്നാൽ പിന്നാലെ, സംസ്ഥാന ഷൂറ കൗൺസിൽ അംഗം ശൈഖ് മുഹമ്മദ് കാരകുന്ന് ഇസ്സാമിക് റിപ്പബ്ലികിനെ ജമാഅത്തെ ഇസ്ലാമി തള്ളിപ്പറയില്ലെന്ന് പരസ്യമായി പ്രസ്താവിക്കുകയും ചെയ്തു.
ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ്–മുസ്ലിംലീഗ് നേതാക്കൾ ജമാഅത്തെ ഇസ്ലാമിയുടെയും വെൽഫെയർപാർടിയുടെയും നേതാക്കളുമായി രഹസ്യചർച്ച നടത്തിയിരുന്നു.










0 comments