കോൺഗ്രസ് ചതിച്ചു: പ്രിയങ്ക ബത്തേരിയിൽ എത്തുമ്പോൾ ഉപവസിക്കുമെന്ന് എൻ എം വിജയന്റെ കുടുംബം

പ്രിയങ്കാഗാന്ധി, എൻ എം വിജയൻ, പത്മജ
കൽപ്പറ്റ: ഐ സി ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധി എത്തുമ്പോൾ ഉപവസിക്കുമെന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബം. ചൊവ്വാഴ്ചയാണ് പ്രിയങ്ക ബത്തേരിയിൽ എത്തുന്നത്. കുറ്റക്കാരെ മാറ്റിനിർത്തുമെന്ന വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
കുറ്റക്കാരെ മാറ്റിനിർത്തുമെന്നും, കുടുംബത്തിനൊപ്പമാണ് കോൺഗ്രസെന്നും വീട്ടിൽവന്ന് പ്രിയങ്ക പറഞ്ഞതാണെന്ന് എൻ എം വിജയന്റെ മരുമകൾ പത്മജ മാധ്യമങ്ങളോട് പറഞ്ഞു. മരണത്തിന് ഉത്തരവാദിയായ ഐ സി ബാലകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കുന്നുവെന്ന് മാത്രമല്ല, അയാൾക്ക് വേണ്ടി പ്രിയങ്ക വോട്ട് അഭ്യർത്ഥിക്കാൻ വരുന്നത് അച്ഛനോടുള്ള നീതിനിഷേധമാണ്. ഐ സി ബാലകൃഷ്ണനാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ അച്ഛൻ വ്യക്തമായി എഴുതിയിരുന്നു. അതൊക്കെ തെറ്റാണെന്നാണ് ഇപ്പോൾ കോൺഗ്രസ് പറയുന്നത്.- പത്മജ മാധ്യമങ്ങളോട് പറഞ്ഞു.
2024 ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. ഐ സി ബാലകൃഷ്‌ണൻ എംഎൽഎയും വയനാട് ഡിസിസി പ്രസിഡന്റ് ആയിരുന്ന എൻ ഡി അപ്പച്ചനുമാണ് മരണത്തിനുത്തരവാദികൾ എന്നാണ് വിജയൻ ആത്മഹത്യാക്കുറിപ്പിൽ എഴുതിയത്. ആത്മഹത്യ പ്രേരണാക്കേസിൽ അറസ്‌റ്റിലായ ഒന്നും രണ്ടും പ്രതികളായ ബാലകൃഷ്‌ണനും അപ്പച്ചനും ജാമ്യത്തിലാണ്.










0 comments