ധൈര്യമുണ്ടോ ചർച്ചചെയ്യാൻ ? വെല്ലുവിളിച്ച്‌ ഭരണപക്ഷം

മിണ്ടൂല ; ഞങ്ങൾ 
കൂവിത്തോൽപ്പിക്കും ; പ്രതിപക്ഷ നിലപാടുകളെ പൊളിച്ചടുക്കി മന്ത്രിമാർ

Niyamasabha Session today
വെബ് ഡെസ്ക്

Published on Oct 08, 2025, 12:11 AM | 3 min read


തിരുവനന്തപുരം

സഭയിൽ തുടർച്ചയായി ബഹളം വച്ചുകൊണ്ടിരുന്ന പ്രതിപക്ഷത്തിന്‌ തലങ്ങും വിലങ്ങും കൊടുത്ത്‌ മന്ത്രിമാരായ കെ എൻ ബാലഗോപാലും പി രാജീവും എം ബി രാജേഷും. ‘ഏറ്റുമാനൂരപ്പനെ കട്ടുകൊണ്ടുപോയ’ പഴയ സംഭവം ഇരുവരും പ്രതിപക്ഷത്തെ ശരിക്കും ഓർമിപ്പിച്ചു. മാത്യു കുഴൽനാടന്‌ സുപ്രീംകോടതിയുൾപ്പെടെ എല്ലാ കോടതികളിൽനിന്നും തുടർച്ചയായി തിരിച്ചടി കിട്ടിയതും മന്ത്രിമാർ ചൂണ്ടിക്കാട്ടി.


‘ഞങ്ങൾ വിദ്യാർഥിയായിരിക്കെയായിരുന്നു ഏറ്റുമാനൂരപ്പന്റെ വിഗ്രഹം മോഷ്‌ടിച്ച വാർത്ത വന്നത്‌. നായനാർ മന്ത്രിസഭയായിരുന്നു. പ്രതിപക്ഷം സർക്കാരിനെതിരെ തിരിഞ്ഞു. പൊലീസ്‌ അന്വേഷിച്ച്‌ പിടിച്ചത്‌ തിരുവനന്തപുരത്തെ കെഎസ്‌യു നേതാവ്‌ സ്‌റ്റീഫനെ. ഇ‍ൗ നാട്ടിൽ ദൈവങ്ങൾക്കും ദൈവവിശ്വാസികൾക്കും വിശ്വാസമുള്ളത്‌ എൽഡിഎഫ്‌ സർക്കാരുകളിലാണ്‌’– ബാലഗോപാൽ പ്രതിപക്ഷത്തെ നോക്കി പറഞ്ഞപ്പോൾ ഭരണപക്ഷം ഡെസ്‌കിലടിച്ചു. സ്‌പീക്കറുടെ ഡയസിനുമുന്നിൽ ബഹളംകൂട്ടുന്ന പ്രതിപക്ഷാംഗങ്ങൾക്ക്‌ കൂവുകയേ വഴിയുണ്ടായിരുന്നുള്ളു. അതിനും മന്ത്രിയിൽനിന്ന്‌ കിട്ടി. ‘ജനങ്ങൾ തെരഞ്ഞെടുത്തയച്ചത്‌ കൂവിത്തോൽപിക്കാനല്ല, അത്‌ ജനാധിപത്യവുമല്ല’.


മാത്യു കുഴൽനാടനും ഭരണപക്ഷത്തിന്റെ വിമർശനച്ചൂടറിഞ്ഞു. ‘കീഴ് കോടതിയിൽ തോൽക്കുമ്പോൾ അപ്പീൽ പോകാൻ വിധിയായി എന്നാണ് ചിലർ പറയുന്നത്. കോടതി ശാരീരികമായി ഉപദ്രവിക്കാത്തതിനാൽ ചിലർ രക്ഷപ്പെട്ടു. കോടതിയിൽ ആർക്കും പോകാം. അത്‌ നാട്ടുകാരെ പറ്റിക്കാനാകരുത്‌’–- ബാലഗോപാൽ പറഞ്ഞു.


കോടതികളിൽനിന്ന്‌ തുടർച്ചയായി തിരിച്ചടി കിട്ടിയ ഇതുപോലൊരു പ്രതിപക്ഷം കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്ന്‌ പി രാജീവും പറഞ്ഞു. കെ ഫോണിൽ ഹൈക്കോടതി ചോദിച്ചത്‌ പബ്ലിക്‌ ഇൻട്രസ്‌റ്റാണോ അതോ പബ്ലിസിറ്റി ഇൻട്രസ്‌റ്റോ എന്നായിരുന്നു. എഐ കാമറയുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ നേതാവിനും മുൻ പ്രതിപക്ഷ നേതാവിനും ഹൈക്കോടതി മുന്നറിയിപ്പുനൽകി. ഈ സഭയിലെ ഒരു വക്കീൽ കോടതികളിൽ പോയി സ്ഥിരം തോൽക്കുമ്പോൾ പറയുന്നത്‌ അപ്പീൽ പോകാൻ വിധിയായെന്നാണ്‌. സ്വന്തമായി വക്കീൽ ഓഫീസുള്ള അദ്ദേഹത്തോട്‌ കഴിഞ്ഞദിവസം സുപ്രീം കോടതി ചോദിച്ചത്‌ 10 ലക്ഷം രൂപ പിഴയിടട്ടെ എന്നായിരുന്നു. ചാനൽ ചർച്ചകളിൽ രേഖയുണ്ടെന്ന്‌ പറയും. അതു കേട്ട്‌ ചാനൽ ജഡ്‌ജിമാർ കൊള്ളാം എന്ന്‌ വിധിക്കും. കോടതിയിലെത്തിയാൽ കൈരേഖ കാണിക്കും. അസാധാരണ സിദ്ധിയുള്ള സാമാജികനുള്ള സഭയാണിത്‌–രാജീവ്‌ പറഞ്ഞു.




ധൈര്യമുണ്ടോ ചർച്ചചെയ്യാൻ ? വെല്ലുവിളിച്ച്‌ ഭരണപക്ഷം

ചർച്ചയ്‌ക്ക്‌ നോട്ടീസ്‌ നൽകാതെ നിയമസഭയിൽ തുടർച്ചയായി ബഹളംവയ്‌ക്കുന്ന പ്രതിപക്ഷത്തെ വെല്ലുവിളിച്ച്‌ എൽഡിഎഫ്‌ അംഗങ്ങൾ. ധൈര്യമുണ്ടെങ്കിൽ ചർച്ചയ്‌ക്കു തയ്യാറാകാൻ മന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.


ആരോപണങ്ങളിൽ എന്തെങ്കിലും ന്യായം ഉണ്ടായിരുന്നെങ്കിൽ സഭയിൽ ചർച്ച ചെയ്യാനല്ലേ തയ്യാറാകേണ്ടത്. പറയാൻ പോയിന്റുകളില്ല; അതിനാൽ അവർ ചർച്ച ഇഷ്ടപ്പെടുന്നില്ല– ബാലഗോപാൽ പറഞ്ഞു. ഹൈക്കോടതിയെപോലും അംഗീകരിക്കില്ല എന്ന നിലപാടാണ്‌ പ്രതിപക്ഷത്തിനെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. ഹൈക്കോടതിയുടെ നിർദേശപ്രകാരമുള്ള അന്വേഷണം അംഗീകരിക്കാതിരിക്കുന്നത്‌ സങ്കുചിത രാഷ്‌ട്രീയമാണ്‌. അതിനാലാണ്‌ നിയമസഭയിൽ തുടർച്ചയായി ബഹളംവയ്‌ക്കുന്നത്‌.


ഉന്നത നീതിപീഠത്തിൽ പ്രതിപക്ഷത്തിന്‌ വിശ്വാസം നഷ്ടപ്പെട്ടിട്ട്‌ ഏറെയായെന്ന്‌ പാർലമെന്ററി കാര്യ മന്ത്രി എം ബി രാജേഷ്‌ പ റഞ്ഞു. 
കഴിഞ്ഞദിവസമാണ്‌ പരമോന്നത നീതിപീഠം ഒരു എംഎൽഎയോട്‌ പറഞ്ഞത്‌ രാഷ്‌ട്രീയക്കളിയുമായി ഇങ്ങോട്ടുവരരുതെന്ന്‌. കോടതിയും നിയമസഭയും ചർച്ചയും മാത്രമല്ല ജനങ്ങളെയും അവർക്ക്‌ ഭയമാണ്‌ . ഭീരുത്വം ആവർത്തിച്ചു പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌– രാജേഷ്‌ പറഞ്ഞു.


4 ബില്ലുകൾ പാസാക്കി

പ്രതിപക്ഷ ബഹളത്തിനിടയിലും നാല്‌ ബില്ലുകൾ നിയമസഭ പാസാക്കി. 2024ലെ പൊതുവിൽപ്പന നികുതി ഭേദഗതി ബിൽ, 2025ലെ കേരള സംഘങ്ങൾ രജിസ്‌ട്രേഷൻ ബിൽ, 2025ലെ കേരള കയർ തൊഴിലാളി ഭേദഗതി ബിൽ, 2025 ലെ കേരള കയർ തൊഴിലാളി ക്ഷേമ സെസ്‌ ഭേദഗതി ബിൽ എന്നിവയാണ്‌ പാസാക്കിയത്‌.


പഴങ്ങളിൽനിന്നും ധാന്യം ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽനിന്നും ഉൽപ്പാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തെ (ഹോർട്ടി വൈൻ) വിൽപ്പന നികുതിയിൽ ഉൾപ്പെടുത്താനായാണ്‌ പൊതുവിൽപ്പന നികുതി ഭേദഗതി ബിൽ കൊണ്ടുവന്നിട്ടുള്ളത്‌. ഹോർട്ടി വൈനിനെ ഇന്ത്യൻ നിർമിത വിദേശ വൈനുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തും. ഇതിന്‌ ഇന്ത്യൻ നിർമിത വിദേശ വൈനുകളുടെ നികുതി ബാധകമാകും. കർഷകരെ പ്രോത്സാഹിപ്പിക്കാനും ഹോർട്ടി വൈൻ ഉൽപ്പാദിപ്പിച്ച്‌ വിൽക്കാനും ഇത്‌ വഴിയൊരുക്കും.


കല, സാംസ്‌കാരിക, ധാർമിക സംഘങ്ങൾ രജിസ്‌റ്റർ ചെയ്യുന്നതിന്‌ സംസ്ഥാനമാകെ ബാധകമാകുന്ന ഏകീകൃത നിയമം കൊണ്ടുവരുന്നതിനായാണ്‌ കേരള സംഘങ്ങൾ രജിസ്‌ട്രേഷൻ ബിൽ. ഇ‍ൗസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്സിന്റെ ഭാഗമായി 2008ലെ കേരള കയർ തൊഴിലാളി ക്ഷേമ സെസ്‌ ആക്ടിലെ നടപടിക്രമ ലംഘനങ്ങൾ, കുറ്റകൃത്യങ്ങൾ, പിഴ മുതലായവയിൽ നിലവിലെ ശിക്ഷാ വ്യവസ്ഥകൾക്കുപകരം പിഴ ശിക്ഷ ചുമത്താനും പിഴ ഇ‍ൗടാക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാനുമുള്ളതാണ്‌ മറ്റു ബില്ലുകൾ. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്‌, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ്‌ ബിൽ അവതരിപ്പിച്ചത്‌.





deshabhimani section

Related News

View More
0 comments
Sort by

Home