ജനപക്ഷം ഈ നിയമങ്ങൾ ; 21 ബിൽ , ചരിത്രംകുറിച്ച് സഭ

മിൽജിത് രവീന്ദ്രൻ
Published on Oct 11, 2025, 12:23 AM | 4 min read
തിരുവനന്തപുരം
കേരള മുന്നേറ്റത്തിൽ നാഴികക്കല്ലാകുന്ന ബില്ലുകൾ പാസാക്കിയ സമ്മേളനമായി 15–ാം നിയമസഭയുടെ 14–ാം സമ്മേളനം ചരിത്രത്തിൽ ഇടംപിടിക്കും. സെപ്തംബര്‍ 15 മുതല്‍ ഒക്‌ടോബര്‍ ഒമ്പതുവരെ 11 ദിവസം മാത്രമാണ് സഭ ചേർന്നതെങ്കിലും ധനവിനിയോഗ ബിൽ ഉൾപ്പെടെ 21 എണ്ണം പാസാക്കി. പ്രതിപക്ഷത്തിന്റെ നിഷേധാത്മക സമീപനം കല്ലുകടിയായെങ്കിലും ജനപക്ഷ നിയമങ്ങൾക്ക് രൂപംനൽകാൻ സർക്കാരിന് സാധിച്ചു.
അവസാന ദിവസങ്ങളിൽ ചോദ്യോത്തരവേള മുതൽ സഭ അലങ്കോലമാക്കാനുള്ള പ്രതിപക്ഷശ്രമം മറികടന്നാണ് മണിക്കൂറുകൾ ചർച്ചചെയ്‌ത് ബിൽ പാസാക്കിയത്. അവസാന ദിനം 11 ബിൽ പാസാക്കി. ഇതും റെക്കോഡാണ്. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച ശേഷം ഏഴു മണിക്കൂർ ഭരണപക്ഷാംഗങ്ങൾ ചർച്ച ചെയ്‌താണ് ബില്ലുകളത്രയും പാസാക്കിയത്. 1982–85ൽ ഒരു ദിവസം ഏഴു ബിൽ പാസാക്കിയിരുന്നു.
ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതും കേരള ചരിത്രത്തിൽ സുവർണലിപികളാൽ രേഖപ്പെടുത്തുന്നതുമായ എട്ട് ബിൽ ഇവയിലുൾപ്പെടുന്നു. വായ്‌പാ കെണിയിൽപെട്ട് ആകെയുള്ള കിടപ്പാടത്തിൽ ഇറങ്ങേണ്ടിവരുന്ന ദുരവസ്ഥയ്‌ക്ക് പരിഹാരം കാണുന്നതാണ് ഏക കിടപ്പാടം സംരക്ഷണ ബിൽ. കൈവശമുള്ള തർക്കമില്ലാത്ത അധികഭൂമിക്ക് ഉടമസ്ഥാവകാശം നൽകുന്ന ബിൽ കേരളത്തിലെ പകുതിയോളം കുടുംബങ്ങൾക്കെങ്കിലും പ്രയോജനപ്രദമാകും.
ഭരണഭാഷ പൂർണമായും മലയാളമാക്കുന്നതിനുള്ള ബില്ലും പാസാക്കി. ജില്ലാ കോടതിവരെയുള്ള വ്യവഹാരങ്ങൾ മലയാളമാകണമെന്നാണ് ബില്ലിലെ വ്യവസ്ഥ. മലയോരജനത നേരിടുന്ന വന്യജീവി ശല്യമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും സഭ പാസാക്കിയവയിലുണ്ട്. സർക്കാർ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പൊതു സേവനാവകാശ നിയമം. ഗവർണർ ഒപ്പിടുന്നതോടെ ഇവ നിയമമാകും.
പാസാക്കിയ ബില്ലുകൾ
ഏക കിടപ്പാടം സംരക്ഷണ ബിൽ
സ്വകാര്യകൈവശത്തിലു ള്ള അധികഭൂമി (ക്രമവൽക്കരണ) ബിൽ
വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരവികസനവും ഭേദഗതി ബിൽ
ഗുരുവായൂർ ദേവസ്വം ഭേദഗതി ബിൽ
പബ്ലിക് സർവീസ് കമീഷൻ ഭേദഗതി (2–ാം നമ്പർ) ബിൽ
സർവകലാശാലനിയ മം (ഭേദഗതി) (2–ാം നമ്പർ) ബിൽ
സർവകലാശാല നിയമം (ഭേദഗതി) (3–ാം നമ്പർ)
സർവകലാശാല നിയമം (ഭേദഗതി) (4–ാം നമ്പർ)
ഡിജിറ്റൽ ശാസ്‌ത്ര സാങ്കേതിക നൂതനവി ദ്യ സർവകലാശാല (ഭേദഗതി) ബിൽ
മലയാള ഭാഷാ ബിൽ
കേരള പൊതുസേവനാവകാശ ബിൽ
ജന്തുക്കളോടുള്ള ക്രൂരത തടയൽ ഭേദഗതി ബിൽ
വന്യജീവി സംരക്ഷണ ഭേദഗതി ബില്‍
വനം ഭേദഗതി ബില്‍
മുനിസിപ്പാലിറ്റി ഭേദഗതി ബിൽ
പഞ്ചായത്ത് രാജ് ഭേദഗതി ബിൽ
പൊതുവിൽപ്പന നികുതി ഭേദഗതി ബിൽ
കേരള സംഘങ്ങൾ രജിസ്‌ട്രേഷൻ ബിൽ
കയർ തൊഴിലാളി ഭേദഗതി ബിൽ
കയർ തൊഴിലാളി ക്ഷേമ സെസ് ഭേദഗതി ബിൽ
ധനവിനിയോഗ ബിൽ
ആക്രമണകാരിയായ മൃഗത്തെ കൊല്ലാം
കേരളത്തിലെ മലയോരമേഖലയിലെ ജനങ്ങൾക്ക് വലിയ ആശ്വാസമേകുന്ന രണ്ടു ബില്ലുകൾ പാസാക്കിയവയിലുണ്ട്. മനുഷ്യ – വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരമാകുന്ന വന്യജീവി സംരക്ഷണം ഭേദഗതി ബില്ലാണ് ഇതിൽ ഒന്ന്. നാട്ടിലിറങ്ങി ആക്രമിക്കുന്ന മൃഗത്തെ കൊല്ലാനുള്ള ഉത്തരവിടാൻ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ബിൽ അധികാരം നൽകുന്നു. വന്യമൃഗം ആളുകളെ ആക്രമിക്കുകയോ ജനവാസമേഖലയിൽ ഇറങ്ങുകയോ ചെയ്‌താൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് കലക്‌ടറുടെയോ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെയോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അവയെ കൊല്ലാനോ മയക്കുവെടിവച്ച് പിടിക്കാനോ ഉത്തരവിടാം.
സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്താനും മരത്തിന്റെ വില കര്‍ഷകന് ലഭ്യമാക്കുന്നതുമാണ് വനം ഭേദഗതി ബില്ലാണ് രണ്ടാമത്തേത്. കൂടാതെ വന കുറ്റകൃത്യങ്ങളില്‍ ചിലത് കോടതിയുടെ അനുമതിയോടെ കോമ്പൗണ്ട് ചെയ്യാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

അധികഭൂമിക്ക് ഉടമസ്ഥാവകാശം
ഡിജിറ്റൽ സർവെ പൂർത്തിയായ വില്ലേജുകളിൽ വ്യക്തികളുടെ കൈവശം നിയമപ്രകാരമുള്ള അധികഭൂമി ഉണ്ടെങ്കിൽ ക്രമീകരിച്ച് നൽകുന്ന കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവൽക്കരണ) ബിൽ സഭ പാസാക്കി. നിയമപരമായതും തർക്കങ്ങളും വ്യവഹാരങ്ങളും ഇല്ലാത്തതുമായ അധിക ഭൂമിക്കാണ് ഉടമസ്ഥാവകാശം നൽകി സാക്ഷ്യപത്രം നൽകുക. ഉടമസ്ഥാവകാശ സാക്ഷ്യപത്രം അധികഭൂമിയുടെ ആധികാരിക രേഖയാകും. കൈമാറ്റം ചെയ്യുന്നതിനും ഇതുപയോഗിക്കാനാകും. സർക്കാർഭൂമി സംരക്ഷിച്ചാകും ക്രമീകരണം. അധികഭൂമിയുടെ സമീപത്ത് സർക്കാർ ഭൂമിയുണ്ടെങ്കിൽ, അതിന് കുറവുണ്ടാകുംവിധം അധികഭൂമിക്ക് സാക്ഷ്യപത്രം നൽകില്ല. മറ്റൊരു ഭൂവുടമയുടെയും ഭൂമി നഷ്‌ടപ്പെടില്ല എന്നും ഉറപ്പുവരുത്തും.
നിലവിൽ വ്യക്തിക്ക് ഭൂമിയിൽ തനിക്കുള്ള അവകാശം മാത്രമേ കൈമാറ്റം ചെയ്യാനാകൂ. സർവേ രേഖകളുടെ അടിസ്ഥാനത്തിൽ കൈമാറ്റം നടന്നാലും അടിസ്ഥാന പ്രമാണത്തിലുള്ള ഭൂമിക്കേ ഉടമസ്ഥത ലഭിക്കൂ. ഈ സാഹചര്യത്തിലാണ് അധിക വിസ്‌തീർണത്തിന് ഉടമസ്ഥത ലഭിക്കത്തക്കവിധം ബിൽ കൊണ്ടുവന്നത്. ഇതുവരെ 342 വില്ലേജുകളിലായി 8,28,534 ഹെക്‌ടർ ഭൂമിയാണ് ഡിജിറ്റലായി അളന്നത്. 50 ശതമാനത്തിലധികം ഭൂമിയിൽ അധിക ഭൂമി കണ്ടെത്തിയിട്ടുണ്ട്.

കിടപ്പാടം ഒഴിയേണ്ട
വായ്‌പാതിരിച്ചവ് മുടങ്ങി ബാങ്കിൽനിന്ന് ജപ്‌തി ഭീഷണി നേരിടുന്നവരുടെ കിടപ്പാടം സംരക്ഷിക്കുന്നതാണ് കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ. വായ്‌പാ തിരിച്ചടവിൽ ബോധപൂർവം വീഴ്‌ച വരുത്താത്ത കേസുകളിൽ ഏക പാർപ്പിടം ജപ്‌തി വഴിയും മറ്റും നഷ്‌ടപ്പെടുന്നത് ഒഴിവാകും. വായ്‌പകൾക്ക് ജാമ്യം നിൽക്കുന്നവരുടെ കിടപ്പാടവും സംരക്ഷിക്കും.
വർഷം മൂന്നു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്കും ആകെ വായ്‌പാത്തുക അഞ്ചു ലക്ഷം രൂപയും പിഴയും പലിശയും അടക്കം 10 ലക്ഷം രൂപയിൽ കവിയാത്തതുമായ കേസുകൾക്കാണ് നിയമ പരിരക്ഷ. നഗരത്തിൽ അഞ്ചും ഗ്രാമത്തിൽ പത്തും സെന്റും ഭൂമിയിൽ കവിയാത്തവർക്ക് സംരക്ഷണം ലഭിക്കും. പണയപ്പെടുത്തിയ ഏക കിടപ്പാടം നഷ്‌ടപ്പെട്ട് കുടുംബങ്ങൾ കുടിയിറക്കപ്പെടുന്ന സാഹചര്യം ഇതോടെ ഒഴിവാകും. ഇൗ ബില്ലിലൂടെ വീട് മൗലികാവകാശമാവുകയാണ്. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനൊരു ബിൽ പാസാക്കു ന്നത്.

തിരിച്ചുവരും കാളപൂട്ടും മരമടിയും
സംസ്ഥാനത്ത് കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങൾ തിരിച്ചുവരും. ജന്തുക്കളോടുള്ള ക്രൂരതതടയൽ ഭേദഗതി ബിൽ നിയമസഭ പാസാക്കിയതോടെയാണിത്. സുപ്രീംകോടതി തമിഴ്‌നാട്ടിലെ ജല്ലിക്കട്ട് നിരോധിച്ചതിന് പിന്നാലെ തമിഴ്‌നാട് സര്‍ക്കാര്‍ ജല്ലിക്കട്ട് പുനഃസ്ഥാപിക്കാന്‍ നിയമനിര്‍മാണം നടത്തിയിരുന്നു. ഇതേ മാതൃകയിലുള്ള ബില്ലാണ് കേരളവും കൊണ്ടുവന്നത്. തമിഴ്നാട്ടില്‍ ജല്ലിക്കട്ട് നിരോധിച്ചതിന്റെ തുടര്‍ച്ചയായാണ് കേരളത്തില്‍ മരമടിയും കാളപൂട്ടുമൊക്കെ നിന്നുപോയത്. കാർഷികോത്സവങ്ങള്‍ പുനരാരംഭിക്കാൻ നിയമ നിര്‍മാണം വേണമെന്ന് നിരവധി കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
തടസ്സമില്ലാതെ സർക്കാർ സേവനം
സർക്കാർ സേവനം തടസ്സമില്ലാതെ ജനങ്ങൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നതാണ് പൊതുജന സേവനാവകാശ ബിൽ. സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക, സേവനങ്ങൾ നൽകുന്നതിൽ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തുക തുടങ്ങിയ വ്യവസ്ഥകൾ ബില്ലിലുണ്ട്. സേവനങ്ങൾ ആറുമാസത്തിനകം വിജ്ഞാപനം ചെയ്‌തില്ലെങ്കിൽ വകുപ്പ് തലവന്മാർക്കെതിരെ നടപടിയെടുക്കും. സേവനം സമയബന്ധിതമായി ലഭിച്ചില്ലെങ്കിൽ പൊതുജനങ്ങൾക്ക് സമീപിക്കാൻ രണ്ട് അപ്പീൽ അതോറിറ്റി ഉണ്ടാകും. അതിലും തീരുമാനമായില്ലെങ്കിൽ സ്വതന്ത്ര കമീഷനെ സമീപിക്കാം.
അമ്മ മലയാളം
സർക്കാർ ഉത്തരവുകളും ജില്ലാകോടതിവരെയുള്ളവയിലെ വിധിന്യായങ്ങളും മലയാളത്തിലാക്കാൻ വ്യവസ്ഥ ചെയ്യുന്നു മലയാളഭാഷാ ബിൽ. എല്ലാ ഒൗദ്യോഗികാവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കുന്നതിനും സമസ്‌തമേഖലകളിലും നടപ്പാക്കുന്നതിനും ബിൽ ലക്ഷ്യമിടുന്നു. ഭാഷയുടെ വളർച്ച, പരിപോഷണം, പരിപാലനം എന്നിവ ഉറപ്പുവരുത്തും. അതേസമയം ന്യൂനപക്ഷ ഭാഷാവിഭാഗങ്ങളുടെ അവകാശം സംരക്ഷിക്കും.
ഉദ്യോഗസ്ഥ–ഭരണപരിഷ്‌കാര (ഒൗദ്യോഗികഭാഷ) വകുപ്പിനെ മലയാള ഭാഷാവികസന വകുപ്പാക്കി മാറ്റും. വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരെ പുനർവിന്യസിച്ച് മലയാളഭാഷാവികസന ഡയറക്ടറേറ്റുമുണ്ടാക്കും. കേന്ദ്ര സംസ്ഥാന നിയമങ്ങളും ഭേദഗതികളും നിശ്ചിത കാലയളവിനകം മലയാളത്തിലാക്കും.
തദ്ദേശ സ്ഥാപനങ്ങളിൽ ജനകീയ സോഷ്യൽ ഓഡിറ്റ്
തദ്ദേശ സ്ഥാപനങ്ങളിലെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനകീയ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുന്ന സംസ്ഥാനമാകാൻ കേരളം. ഇതിനായി 2025ലെ കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് ഭേദഗതി ബില്ലുകളാണ് പാസാക്കിയത്. രാജ്യത്ത് ആദ്യമായാണ് തദ്ദേശസ്ഥാപനങ്ങളിൽ ജനകീയ സോഷ്യൽ ഓഡിറ്റ് നടക്കുക.
ബിൽ നിയമമാകുന്നതോടെ ഗുണഭോക്‌താക്കൾക്ക് മാത്രമല്ല ജനങ്ങൾക്കാകെ തദ്ദേശ സ്ഥാപനങ്ങളിലെ നിർവഹണം പരിശോധിക്കാൻ അധികാരം ലഭിക്കും. ആഭ്യന്തര വിജിലൻസ് മോണിറ്ററിങ് സംവിധാനവുമുണ്ടാകും. പട്ടികജാതി, പട്ടികവർഗ വാർഡ് സംവരണത്തിന് പുതിയ മാനദണ്ഡം ബില്ലുകളിലുണ്ട്. ഇരുവിഭാഗത്തിന്റെയും ജനസംഖ്യ തുല്യമാണെങ്കിൽ ആദ്യ തവണ നറുക്കെടുപ്പിലൂടെയും പിന്നീട് റൊട്ടേഷൻ അടിസ്ഥാനത്തിലും സംവരണം നിശ്ചയിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ തോന്നുംപടി പരസ്യബോർഡുകൾ സ്ഥാപിക്കാനാകില്ല. തദ്ദേശസ്ഥാപനം നിശ്ചയിക്കുന്ന സ്ഥലത്ത് ഫീസ് ഈടാക്കി കമാനങ്ങളും ബോർഡുകളും സ്ഥാപിക്കാൻ അനുമതി നൽകും.










0 comments