നിയമസഭാ സമ്മേളനം അനിശ്‌ചിതകാലത്തേക്ക് പിരിഞ്ഞു
11 ബില്ലുകൾ പാസാക്കി ; നിയമസഭാ സമ്മേളനം അനിശ്‌ചിതകാലത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം
പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭയുടെ പതിനാലാം സമ്മേളനം, തീരുമാനിച്ചതിലും ഒരു ദിവസം മുന്പേ പിരിഞ്ഞതോടെ വ്യാഴാഴ്‌ച പാസാക്കിയത് 11 ബില്ലുകൾ. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചെങ്കിലും ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങളെ ബാധിക്കുന്ന ബില്ലുകളിൽ സജീവ ചർച്ച നടന്നു. ജപ്‌തി ഭീഷണി നേരിടുന്ന സാധാരണക്കാരുടെ കിടപ്പാടം സംരക്ഷിക്കാനുള്ള രാജ്യത്തെ ആദ്യ ബില്ലാണ് മന്ത്രി പി രാജീവ് അവതരിപ്പിച്ച് സഭ പാസാക്കിയ 2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ,
വ്യക്തികളുടെ കൈവശം നിയമപ്രകാരമുള്ള അധികഭൂമി ക്രമീകരിച്ചുനൽകുന്ന 2025ലെ കേരള സ്വകാര്യ കൈവശ അധിക ഭൂമി (ക്രമീകരണ) ബിൽ മന്ത്രി കെ രാജൻ അവതരിപ്പിച്ച് സഭ പാസാക്കി. നിയമപരമായതും തർക്കങ്ങളും വ്യവഹാരങ്ങളും ഇല്ലാത്തതുമായ അധിക ഭൂമിയാണ് ഉടമസ്ഥാവകാശം നൽകി സാക്ഷ്യപത്രം നൽകുക. സർക്കാർ ഭൂമി സംരക്ഷിച്ചാകും ക്രമീകരണം. അധിക ഭൂമിയുടെ സമീപം സർക്കാർ ഭൂമിയുണ്ടെങ്കിൽ, അതിനു കുറവുണ്ടാകാതെയാകും അധികഭൂമിക്ക് സാക്ഷ്യപത്രം. ഉടമസ്ഥാവകാശ സാക്ഷ്യപത്രം അധിക ഭൂമിയുടെ ആധികാരിക രേഖയാകും. കൈമാറ്റം ചെയ്യാനും ഇതുപയോഗിക്കാം. 2026 ജനുവരിയോടെ ലാൻഡ് ട്രിബ്യൂണലിലുള്ള മുഴുവൻ കേസുകളും അവസാനിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര വികസനവും ഭേദഗതി ബില്ലും മന്ത്രി പി രാജീവ് അവതരിപ്പിച്ച് പാസാക്കി. സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങൾ സ്ഥാപിക്കാനും വിപുലീകരിക്കാനും ആധുനികവൽക്കരിക്കാനും ആവശ്യമായ ലൈസൻസുകളും സർട്ടിഫിക്കറ്റുകളും പുതുക്കലും വേഗത്തിൽ നൽകാനും വ്യവസായ നഗരപ്രദേശ വികസന അധികാരസ്ഥാനങ്ങളുടെ രൂപീകരണത്തിനും വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്.
മന്ത്രി വി എൻ വാസവൻ അവതരിപ്പിച്ച ഗുരുവായൂർ ദേവസ്വം ഭേദഗതി ബിൽ, മന്ത്രി ആർ ബിന്ദു അവതരിപ്പിപ്പിച്ച കേരള പബ്ലിക് സർവീസ് കമീഷൻ ഭേദഗതി (2–ാം നമ്പർ) ബിൽ, സിൻഡിക്കേറ്റ് അടക്കമുള്ള മൂന്നിലൊന്ന് പേർ ആവശ്യപ്പെടുന്ന പക്ഷം 7 ദിവസത്തിനുള്ളിൽ യോഗം ചേരണമെന്ന നിയമഭേദഗതി ചെയ്യുന്ന സർവകലാശാല നിയമങ്ങൾ (ഭേദഗതി) (4ാം നമ്പർ) ബിൽ, സർവകലശാല നിയമങ്ങൾ (ഭേദഗതി) (2ാം നമ്പർ) ബിൽ, മന്ത്രി പി രാജീവ് അവതരിപ്പിച്ച ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവകലാശാല (ഭേദഗതി) ബിൽ, 2025ലെ മലയാള ഭാഷാ ബിൽ, പൊതുസേവനവകാശ ബിൽ, മന്ത്രി ജെ ചിഞ്ചുറാണി അവതരിപ്പിച്ച 2025ലെ ജന്തുക്കളോടുള്ള ക്രൂരതതടയൽ ഭേദഗതി ബിൽ എന്നിവയും പാസായി.
ഒരു പ്രതിപക്ഷവും ഇങ്ങനെയാകരുത്
പ്രതിപക്ഷ പ്രവർത്തനം എങ്ങനെയാകരുത് എന്ന് ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടിയാണ് പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം സമാപിച്ചത്. അവസാന ദിവസം ബഹളത്തിനും അക്രമത്തിനും ശേഷം രാവിലെ 10.45 ഓടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. എന്നാൽ, വൈകിട്ട് ആറുവരെ ഭരണപക്ഷാംഗങ്ങൾ സഭയിലിരുന്ന് ചർച്ച നടത്തി 11 ബിൽ പാസാക്കി.
ജപ്‌തിയിലൂടെ ജനങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യം അവസാനിപ്പിക്കുന്നതിനുള്ള ബിൽ, സർക്കാർ സേവനം ജനങ്ങളുടെ അവകാശമാക്കുന്ന ബിൽ, അധിക ഭൂമിക്ക് ഉടമസ്ഥാവകാശം നൽകുന്ന ബിൽ എന്നിവയടക്കം സുപ്രധാന ബില്ലുകളാണ് സഭ പാസാക്കിയത്. സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും പ്രയോജനം ചെയ്യുന്ന നിയമനിർമാണങ്ങളിൽ അഭിപ്രായം രേഖപ്പെടുത്താനോ നിർദേശം മുന്നോട്ടുവയ്‌ക്കാനോ ഉള്ള അവസരമാണ് പ്രതിപക്ഷം ഇതിലൂടെ നഷ്ടപ്പെടുത്തിയത്.
സമ്മേളനം ആരംഭിച്ച സെപ്‌തംബർ 15 മുതൽ തികഞ്ഞ ജനാധിപത്യപരമായ സമീപനമാണ് സർക്കാർ സ്വീകരിച്ചത്. പ്രതിപക്ഷം നോട്ടീസ് നൽകിയ നാല് അടിയന്തര പ്രമേയങ്ങളിൽ സഭ നിർത്തിവച്ച് ചർച്ചചെയ്യാൻ തയ്യാറായി. എന്നാൽ, തുടർദിവസങ്ങളിൽ അടിയന്തര പ്രമേയ നോട്ടീസ് പോലും നൽകാതെ സഭാനടപടി അലങ്കോലമാക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചത്. ജനങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങൾ സർക്കാരിന്റെ മുന്നിലെത്തിച്ച് പരിഹാരം കാണാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയത്.
അവസാന ദിനങ്ങളിൽ ശബരിമലയിലെ ശിൽപ്പപ്പാളി വിഷയം മറയാക്കി ചോദ്യോത്തര വേളതന്നെ തടസ്സപ്പെടുത്താനുള്ള നീക്കം പ്രതിപക്ഷം നടത്തി. പ്രതിപക്ഷാംഗമായ രാഹുൽ മാങ്കൂട്ടത്തിലെതിരെ ഉയർന്ന പീഡന, ഗർഭഛിദ്ര ആരോപണങ്ങളും മാത്യു കുഴൽനാടൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതുമടക്കമുള്ള വിഷയം സഭയിൽ ചർച്ചയാകുമെന്ന ഭയവും പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിനുപിന്നിൽ ഉണ്ടായിരുന്നു.
നിയമസഭാ സമ്മേളനം അനിശ്‌ചിതകാലത്തേക്ക് പിരിഞ്ഞു
പതിനഞ്ചാം കേരള നിയമസഭയുടെ 14–ാം സമ്മേളനം നടപടികള്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു. സെപ്തംബര്‍ 15 മുതല്‍ 11 ദിവസമാണ് സഭ സമ്മേളിച്ചത്. ധനവിനിയോഗ ബിൽ ഉള്‍പ്പെടെ 21 ബിൽ പാസാക്കി. നാല് അടിയന്തര പ്രമേയം സഭ നിർത്തിവച്ച് ചർച്ച ചെയ്‌തു.
തെരഞ്ഞെടുപ്പ് കമീഷന്റെ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം സുതാര്യമായി നടത്തണമെന്നത് സംബന്ധിച്ച സർക്കാർ പ്രമേയം സഭ ഏകകണ്‌ഠമായി പാസാക്കി. ചീഫ് മാര്‍ഷലിനെ പരിക്കേൽപ്പിച്ചതിനെതുടർന്ന് പ്രതിപക്ഷത്തെ മൂന്ന് അംഗങ്ങളെ സസ്പെൻഡ് ചെയ്യേണ്ടിവന്ന ദൗർഭാഗ്യകരമായ സാഹചര്യം ഉണ്ടായതായും സമ്മേളനത്തിന്റെ സംക്ഷിപ്‌തം അവതരിപ്പിച്ച് സ്‌പീക്കർ പറഞ്ഞു.









0 comments