3 പ്രതിപക്ഷ എംഎൽഎമാർക്ക് സസ്‌പെൻഷൻ
നിലവിട്ട് പ്രതിപക്ഷം ; ചീഫ് മാർഷലിനെയും മർദിച്ചു , വനിതാ വാച്ച് ആൻഡ് വാർഡുമാരെയും കൈയേറ്റം ചെയ്‌തു

സ്‌പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി നടുത്തളത്തിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷ എംഎൽഎമാർ
മിൽജിത് രവീന്ദ്രൻ
Published on Oct 10, 2025, 03:23 AM | 2 min read
തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ ശബരിമല വിഷയവും പാളിയതിന്റെ ജാള്യംമറയ്‌ക്കാൻ സഭയിൽ അക്രമം അഴിച്ചുവിട്ട് പ്രതിപക്ഷം. ചീഫ് മാർഷലിനെ മർദിച്ചു, വനിതകൾ അടക്കമുള്ള വാച്ച് ആൻഡ് വാർഡുമാരെ കൈയേറ്റം ചെയ്‌തു. കൈക്ക് പരിക്കേറ്റ ചീഫ് മാർഷൽ എസ് ഷിബു(52)വിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌പീക്കറുടെ ചേംബറിൽ കടന്നുകയറാൻ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളെ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു മർദനം.
ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി ബോഡി ഷെയ്‌മിങ് നടത്തിയെന്ന് വി ഡി സതീശൻ ആരോപിച്ചു. വിഷയം ശൂന്യവേളയിൽ ഉന്നയിച്ചോയെന്ന് സ്‌പീക്കർ ചോദിച്ചു. ഇതിനിടെ അൻവർ സാദത്ത്, റോജി എം ജോൺ, ചാണ്ടി ഉമ്മൻ എന്നിവർ പാഞ്ഞടുത്തതോടെ വാച്ച് ആൻഡ് വാർഡുമാർ പ്രതിരോധിച്ചു. സ്‌പീക്കറുടെ കാഴ്‌ചമറച്ച് ഉയർത്തിയ ബാനർ പിടിച്ചെടുക്കാൻ സ്‌പീക്കർ നിർദേശിച്ചതോടെ പിടിവലിയിൽ ബാനർ കീറി. ഇതോടെ അടുത്ത ബാനർ ഉയർത്തി.
ഇൗ സമയത്തും ചോദ്യോത്തരം തുടർന്നു. വീണ്ടും സ്‌പീക്കറുടെ ചേംബറിലേക്ക് കടന്നുകയറാൻ ശ്രമിച്ച റോജി എം ജോൺ, എം വിൻസന്റ്, സനീഷ് കുമാർ ജോസഫ്, ഐ സി ബാലകൃഷ്‌ണൻ, അൻവർ സാദത്ത്, ടി സിദ്ദിഖ് തുടങ്ങിയവരെ തടഞ്ഞ ചീഫ് മാർഷൽ അടക്കമുള്ളവരെ മർദിച്ചു. ഇതോടെ സഭ നിർത്തിവച്ചു.
സഭ പുനരാരംഭിച്ചപ്പോൾ ചീഫ് മാർഷലിന് പരിക്കേറ്റതായി സ്‌പീക്കർ അറിയിച്ചു. എന്നാൽ, ഇൗ ചീഫ് മാർഷൽ കൈയൊടിഞ്ഞെന്ന് പറഞ്ഞ് മുമ്പ് കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇത് പുതിയ ചീഫ് മാർഷലാണെന്ന് സ്‌പീക്കർ വ്യക്തമാക്കിയതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ഏക കിടപ്പാടം സംരക്ഷണ ബിൽ അടക്കം 11 ബില്ലുകൾ പരിഗണിച്ചു. രാവിലെ 10.45ന് പ്രതിപക്ഷം സഭ വിട്ടെങ്കിലും ഭരണപക്ഷാംഗങ്ങൾ ചർച്ചചെയ്‌ത് ബില്ലുകൾ പാ സാക്കി.
3 പ്രതിപക്ഷ എംഎൽഎമാർക്ക് സസ്‌പെൻഷൻ
നിയമസഭയുടെ സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷലിനെ ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതിപക്ഷാംഗങ്ങളായ റോജി എം ജോൺ, എം വിൻസെന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെ സഭാംഗത്വത്തിൽനിന്ന് സ്‌പീക്കർ സസ്‌പെൻഡ് ചെയ്‌തു. ഇൗ സമ്മേളന കാലയളവിലേക്കാണ് സസ്‌പെൻഷൻ. ഇതിനുള്ള പ്രമേയം പാർലമെന്ററികാര്യ മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ചു.
സ്‌പീക്കറുടെ ഡയസ്സിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചത് തടഞ്ഞ സുരക്ഷാ ജീവനക്കാരെ പ്രതിപക്ഷാംഗങ്ങൾ ശാരീരികമായി ആക്രമിക്കുകയായിരുന്നു. ചീഫ് മാർഷൽ ഷിബുവിന്റെ വലത് കൈക്ക് ഗുരുതര പരിക്കേറ്റു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ശസ്‌ത്രക്രിയ ആവശ്യമാണെന്ന് ഡോക്‌ടർമാർ നിർദേശിച്ചു. പ്രതിപക്ഷാംഗങ്ങളിൽനിന്നുണ്ടായ കടുത്ത അച്ചടക്ക ലംഘനത്തെ സഭ ശക്തമായി അപലപിക്കുന്നതായും പ്രമേയം പറഞ്ഞു.









0 comments