Deshabhimani

ലോസ് ഏഞ്ചൽസ് മേയറായി നിത്യ രാമൻ; ചരിത്രനേട്ടത്തെ അഭിനന്ദിച്ച് എം എ ബേബി

M A BABY
വെബ് ഡെസ്ക്

Published on Nov 06, 2026, 07:55 PM | 1 min read

തിരുവനന്തപുരം: ലോസ് ഏഞ്ചൽസിന്റെ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വംശജയായ മേയറായി തെരഞ്ഞെടുക്കപ്പെട്ട നിത്യ രാമനെ അഭിനന്ദിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഡോണൾഡ് ട്രംപിന്റെയും കൂട്ടാളികളുടെയും തീവ്രവലതുപക്ഷ, കുടിയേറ്റവിരുദ്ധ രാഷ്ട്രീയത്തിനുള്ള ശക്തമായ തിരിച്ചടിയാണ് നിത്യയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് നഗരങ്ങളുടെയും രാജ്യതലസ്ഥാനത്തിന്റെയും മേയർ സ്ഥാനങ്ങൾ സ്വയം സോഷ്യലിസ്റ്റുകളെന്ന് വിശേഷിപ്പിക്കുന്ന നേതാക്കൾ വഹിക്കാൻ പോകുകയാണെന്നും എം എ ബേബി എക്സില്‍ കുറിച്ചു.


പാർപ്പിടം, ആരോഗ്യം, ഗതാഗതം, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ പൊതുസേവനങ്ങൾ വിപുലീകരിക്കാനും, വൻകിട കോർപറേറ്റ് താത്പര്യങ്ങൾക്കുമേൽ ജനങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകാനുമുള്ള വ്യക്തമായ ജനവിധിയാണ് അവർക്ക് ലഭിച്ചിരിക്കുന്നത്.


ഡോണൾഡ് ട്രംപിന്റെയും കൂട്ടാളികളുടെയും തീവ്ര വലതുപക്ഷ, വംശീയ രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ ശക്തമായ തിരിച്ചടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും തന്റെ പോസ്റ്റിൽ എം എ ബേബി പരാമർശിച്ചു. ബ്രസീലിൽ ലുല നേടിയ ചരിത്രവിജയവും ഇസ്രായേലിൽ നെതന്യാഹുവിനുണ്ടായ തിരിച്ചടിയും സെർബിയയിലെ വുചിച്ചിന്റെ വീഴ്ചയുമെല്ലാം വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തിനെതിരെ ലോകമെമ്പാടും വർധിച്ചുവരുന്ന ജനരോഷത്തിന്റെ തെളിവാണ്. പുരോഗമന-ജനാധിപത്യ ശക്തികൾക്ക് ലഭിക്കുന്ന ശക്തമായ പിന്തുണയാണ് ഇത് കാണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ അനുയായികളും ഇത് കണ്ടില്ലെന്ന് നടിക്കരുതെന്നും എം എ ബേബി കൂട്ടിച്ചേർത്തു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home