Deshabhimani

അങ്കണവാടിയിൽ മൂന്ന് വയസ്സുകാരന് ക്രൂരമർദ്ദനം; ടീച്ചറെ ചുമതലകളിൽനിന്ന് മാറ്റിനിർത്തി

Anganwadi.jpg

കുട്ടിയുടെ ചെവിയിലെ നഖം ആഴ്ന്നിറങ്ങിയ പാടുകൾ

വെബ് ഡെസ്ക്

Published on Nov 06, 2026, 09:00 PM | 1 min read

പാരിപ്പള്ളി: ക്ലാസിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ മൂന്ന് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച അങ്കണവാടി അധ്യാപികയെ ഔദ്യോഗിക ചുമതലകളിൽനിന്നും അന്വേഷണവിധേയമായി മാറ്റിനിർത്തി ഉത്തരവായി. കല്ലുവാതുക്കൽ പഞ്ചായത്ത് കുളമട വാർഡിലെ 98-ാം നമ്പർ അങ്കണവാടിയിലെ വർക്കർ ശ്രീജാകുമാരിക്കെതിരെയാണ് ശിശുവികസന പദ്ധതി ഓഫീസ് (ICDS) അടിയന്തര നടപടി സ്വീകരിച്ചത്. കുളമട പൊങ്കൻവിള വീട്ടിൽ ഫ്ളവേഴ്സ് ടിവി എഡിറ്റർ സജുമോൻ ശശിധരന്റെ മകൻ ആദവിനാണ് (3) മർദ്ദനമേറ്റത്.


കഴിഞ്ഞ നവംബർ നാലിന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കുട്ടി ട്രൗസറിൽ മൂത്രമൊഴിച്ചതിന് പ്രകോപിതയായ ടീച്ചർ കുട്ടിയുടെ ഇരു കൈകളിലും അടിക്കുകയും രണ്ട് ചെവികളിലും ബലമായി നുള്ളിപ്പറിച്ച് വേദനിപ്പിക്കുകയുമായിരുന്നു. വൈകുന്നേരം വീട്ടിലെത്തിയ കുട്ടിയുടെ രണ്ട് ചെവികളുടെ പിറകിലും നഖം ആഴ്ന്നിറങ്ങിയ മുറിവുകളും കൈകളിൽ അടിയേറ്റ പാടുകളും കണ്ട് രക്ഷിതാക്കൾ ഉടൻ തന്നെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ കുട്ടിയുടെ ഇരു ചെവികൾക്ക് പിന്നിലും പോറലുകളും മുറിവുകളും ഡോക്ടർമാർ സ്ഥിരീകരിക്കുകയും വിദഗ്ദ്ധ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.


തുടർന്ന് കുട്ടിയുടെ മാതാവ് ആര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐസിഡിഎസ് സൂപ്പർവൈസർ സ്ഥലത്തെത്തി അന്വേഷണം നടത്തി. അധ്യാപിക കുഞ്ഞിനെ ദേഹോപദ്രവം ചെയ്യുകയും മുറിവേൽപ്പിക്കുകയും ചെയ്തതായി ബോധ്യപ്പെട്ടതിനെത്തുടർന്ന്, ഇവരെ അങ്കണവാടി പ്രവർത്തനങ്ങളിൽ നിന്നും മാറ്റിനിർത്തിക്കൊണ്ട് ഇത്തിക്കര ശിശുവികസന പദ്ധതി ഓഫീസർ (CDPO) ഉത്തരവിറക്കി. സംഭവത്തിൽ സജുമോൻ ശശിധരൻ നൽകിയ പരാതിയിൽ പാരിപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധ്യാപികയ്ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും രക്ഷിതാക്കൾ പരാതി സമർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home