റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട; ആറ് കിലോയോളം കഞ്ചാവുമായി 19 കാരൻ പിടിയിൽ

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറ് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിലായി. പശ്ചിമ ബംഗാൾ മുർഷിദാബാദ് കാസിപാറ സ്വദേശിയായ ആഷിക് ഷെയ്ഖ് (19) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. നവംബർ 6-ന് ഉച്ചയ്ക്ക് 1.58-ഓടെ തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിച്ചേർന്ന ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിൽ (ട്രെയിൻ നമ്പർ 12660) വന്നിറങ്ങിയ പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന ഷോൾഡർ ബാഗിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ ആറ് പാക്കറ്റുകളിലായി ഒളിപ്പിച്ചുവെച്ച 5.966 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ബംഗാളിൽ നിന്നും കഞ്ചാവ് തൃശൂരിൽ എത്തിച്ചു നൽകിയാൽ ഇരുപതിനായിരം രൂപ നൽകാമെന്ന് പറഞ്ഞേൽപ്പിച്ചതുകൊണ്ടാണ് ഇത് കൊണ്ടുവന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ മൊഴി നൽകി.
തൃശൂർ വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ എസ് അൻഷാദിന്റെ സാന്നിധ്യത്തിൽ നടത്തിയ ദേഹപരിശോധനയ്ക്ക് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് പ്രതിയുടെ മാതാവിനെയും ബന്ധുക്കളെയും വിവരം ഔദ്യോഗികമായി അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. തൃശൂർ റെയിൽവേ സ്റ്റേഷൻ എസ്എച്ച്ഒ ടി.ഡി ബിജു, എഎസ്ഐ മുരളി, സിപിഒ രാജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തൊണ്ടിമുതലും പ്രതിയെയും കോടതിയിൽ ഹാജരാക്കി.









0 comments