Deshabhimani

ഡൽഹിയിൽ കിയ കാർ ഷോറൂമിൽ വൻ തീപിടിത്തം; രണ്ടുപേർക്ക് പരിക്ക്, ആറ് കാറുകൾ കത്തിനശിച്ചു

kia delhi fire
വെബ് ഡെസ്ക്

Published on Nov 06, 2026, 09:03 PM | 1 min read

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ കിയ കാർ ഷോറൂമിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ടുപേർക്ക് പരിക്ക്. ആറ് കാറുകൾ കത്തിനശിച്ചു. സാകേതിലെ സൈദുൽ അജായിബ് പ്രദേശത്ത് പ്രവർത്തിക്കുന്ന ഷോറൂമിലാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ കുടുങ്ങിയ 12 മുതൽ 15 വരെ പേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. പരിക്കേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


ഉച്ചകഴിഞ്ഞ് 3.45ഓടെയാണ് മെട്രോ സ്റ്റേഷന് എതിർവശത്തുള്ള കിയ ഷോറൂമിൽ തീപിടിത്തമുണ്ടായെന്ന വിവരം ലഭിച്ചതെന്ന് ഡെപ്യൂട്ടി മജിസ്‌ട്രേറ്റ് ലക്ഷ്യ സിംഗാൾ പറഞ്ഞു. പിന്നാലെ അഗ്നിരക്ഷാസേനയും പൊലീസും മറ്റ് അടിയന്തര സേവന വിഭാഗങ്ങളും സ്ഥലത്തെത്തി. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും സ്റ്റേഷൻ ഹൗസ് ഓഫീസറും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


തീപിടിത്തത്തെത്തുടർന്ന് കെട്ടിടത്തിൽനിന്ന് കനത്ത പുക ഉയർന്നു. കിലോമീറ്ററുകൾ അകലെനിന്നുപോലും കാണാവുന്ന തരത്തിലായിരുന്നു പുക. മുകൾനിലകളിൽ കുടുങ്ങിയവരെ സമീപത്തെ കെട്ടിടങ്ങളിൽ ഏണികൾ സ്ഥാപിച്ചാണ് രക്ഷപ്പെടുത്തിയത്.


അഗ്നിരക്ഷാസേനയുടെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ പരിശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഡൽഹി ദുരന്തനിവാരണ അതോറിറ്റി, റവന്യൂ വകുപ്പ്, ആംബുലൻസ് സർവീസുകൾ, കാറ്റ്സ് (CATS) എന്നിവയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home