കൊച്ചിയിലെ രാത്രി പരിശോധനയിൽ കുടുങ്ങിയത് 60 വാഹനങ്ങൾ; 2.75 ലക്ഷം പിഴ

എറണാകുളത്ത് രാത്രികാല വാഹന പരിശോധനയ്ക്കിടെ നിയമലംഘനം കണ്ടെത്തിയ ബൈക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
കൊച്ചി: നഗരത്തിൽ രാത്രികളിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ എറണാകുളം ആർടിഒ എൻഫോഴ്സ്മെന്റ് വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ നൂറിലധികം വാഹനങ്ങൾ പരിശോധിച്ചു. ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ 60 വാഹനങ്ങൾക്ക് പിഴയൊടുക്കാൻ ചലാൻ അയച്ചു. 2,74,500 രൂപ പിഴയും ഈടാക്കി.
മറൈൻ ഡ്രൈവ്, കലൂർ സ്റ്റേഡിയം ലിങ്ക് റോഡ്, വൈറ്റില ബണ്ട് റോഡ്, പനമ്പിള്ളി നഗർ മേഖലകളിൽ രാത്രി എട്ടുമുതൽ പുലർച്ചെ 5.30 വരെ നാല് സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്. എറണാകുളം ആർടിഒ ബിജു ഐസക്കിന്റെ നിർദേശപ്രകാരമായിരുന്നു നടപടി.
സൈലൻസർ രൂപമാറ്റം വരുത്തിയ 29 വാഹനങ്ങളും ഹെൽമെറ്റില്ലാതെ യാത്ര ചെയ്ത 21 പേരും പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്ത 10 വാഹനങ്ങളും പിടികൂടി. അനധികൃത ലൈറ്റ് മാറ്റം, മൂന്നുപേരെ കയറ്റിയ ഇരുചക്രവാഹനങ്ങൾ, ഇൻഷുറൻസ് ഇല്ലാത്തത്, നമ്പർ പ്ലേറ്റ് മറയ്ക്കൽ, രജിസ്ട്രേഷൻ ക്രമക്കേട് തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി.
എംവിഐമാരായ എൻ വിനോദ് കുമാർ, സുജിത് ജോർജ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.









0 comments