ഫെയ്‌സ്ബുക്ക് ലൈവിൽ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയതിനുശേഷം ആദിവാസി നേതാവ് ജീവനൊടുക്കി

റാഞ്ചി: ജാർഖണ്ഡിൽ ആദിവാസി അവകാശങ്ങൾക്കായി പ്രവർത്തിച്ചിരുന്ന സാമൂഹ്യപ്രവർത്തകയും രാഷ്ട്രീയ നേതാവുമായ നിഷ ഭഗത് ജീവനൊടുക്കി. വെള്ളിയാഴ്ച റാഞ്ചിയിലെ വസതിയിലാണ് നിഷയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് നിഷ താൻ നേരിട്ട ദുരനുഭവങ്ങളും സുരക്ഷാസംബന്ധമായ ആശങ്കകളും ഫെയ്‌സ്ബുക്ക് ലൈവിൽ വെളിപ്പെടുത്തിയിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പത്തുമിനിറ്റോളം നീണ്ട ഫെയ്‌സ്ബുക്ക് ലൈവിൽ ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചാണ് നിഷ സംസാരിച്ചത്. സമൂഹത്തിനുവേണ്ടി നിരന്തരം ശബ്ദമുയർത്തിയിട്ടും കാര്യമായ മാറ്റങ്ങളുണ്ടാകുന്നില്ലെന്നും തനിക്കൊപ്പം ആരുമില്ലെന്ന തോന്നലുണ്ടെന്നും അവർ പറഞ്ഞു. സുരക്ഷാ പ്രശ്നങ്ങൾ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപിച്ചു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട ചിലർക്കെതിരെയും ഭരണസംവിധാനത്തിനെതിരെയും നിഷ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിഠോറിയ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഗുംല ജില്ലക്കാരിയായ നിഷ ഭഗത് ഉറാവ് ആദിവാസി വിഭാഗത്തിൽപ്പെട്ടയാളാണ്. ആദിവാസികളുടെ സ്വത്വം, സംസ്കാരം, പാരമ്പര്യം, ഭൂമി എന്നിവ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. ജാർഖണ്ഡ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഹന്ദു ഭഗതാണ് പിതാവ്. ദുർഗാപുരിൽ ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ നിഷ പിന്നീട് ബെംഗളൂരുവിൽ ജോലി ചെയ്തിരുന്നു. എന്നാൽ ആദിവാസി അവകാശ പോരാട്ടങ്ങളിൽ സജീവമാകുന്നതിനായി ജോലി ഉപേക്ഷിക്കുകയായിരുന്നു.
ആദിവാസികൾക്ക് പ്രത്യേക സർണ മതകോഡ് അനുവദിക്കുക, ജലം-വനം-ഭൂമി എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുക, ഛോട്ടാനാഗ്പുർ ടെനൻസി നിയമവും സാന്താൾ പർഗാന ടെനൻസി നിയമവും പെസ നിയമവും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നിഷ നിരവധി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. ആദിവാസി സംവരണവുമായി ബന്ധപ്പെട്ട മതപരിവർത്തന വിഷയങ്ങളിലും അവർ നിലപാടുകൾ സ്വീകരിച്ചിരുന്നു. 2025 ഡിസംബറിൽ ഇതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി തലമുണ്ഡനം ചെയ്തതും ശ്രദ്ധിക്കപ്പെട്ടു. ജാർഖണ്ഡ് ലോക്‌താന്ത്രിക് ക്രാന്തികാരി മോർച്ചയുമായി (JLKM) ബന്ധപ്പെട്ട് പ്രവർത്തിച്ച നിഷ 2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുംല മണ്ഡലത്തിൽ മത്സരിച്ചിരുന്നു.
നിഷയുടെ മരണത്തിൽ ബിജെപി നേതാവും ജാർഖണ്ഡ് പ്രതിപക്ഷ നേതാവുമായ ബാബുലാൽ മറാണ്ടി അന്വേഷണം ആവശ്യപ്പെട്ടു. നിഷ ഉന്നയിച്ച ആരോപണങ്ങൾ വിശദമായി അന്വേഷിക്കണമെന്നും ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും മറാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മരണത്തിലേക്ക് നയിച്ച സാഹചര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് ലൈവിൽ ഉന്നയിച്ച ആരോപണങ്ങളും പൊലീസിന് നൽകിയ പരാതികളുണ്ടോയെന്നതും പരിശോധിച്ചുവരികയാണ്. കുടുംബാംഗങ്ങളുടെയും സമീപവാസികളുടെയും മൊഴികളും ശേഖരിക്കുന്നുണ്ട്.









0 comments