ad
Deshabhimani

'ഗോത്രവർഗ്ഗക്കാരനെന്ന് പരിഹാസം, പെൺകുട്ടികളെക്കൊണ്ട് തല്ലിക്കാൻ ശ്രമം'; ഡോ. റാമിനെതിരെ വെളിപ്പെടുത്തലുമായി വിദ്യാർഥികൾ

Nithin.jpg
വെബ് ഡെസ്ക്

Published on Apr 14, 2026, 04:01 PM | 1 min read

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകനായ ഡോ. റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ രംഗത്ത്. ജാതീയമായ അധിക്ഷേപങ്ങളും ശാരീരിക-മാനസിക പീഡനങ്ങളും ഡോക്ടറുടെ ഭാഗത്തുനിന്ന് പതിവായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു.


ചെരുപ്പിട്ട് വന്നതിന് 'കോളനി' എന്ന് വിളിച്ചും ഗോത്രവർഗ്ഗക്കാരനെന്ന് പരിഹസിച്ചും വിദ്യാർഥികളെ ഡോ. റാം നിരന്തരം അപമാനിച്ചിരുന്നു. ഒരു വിദ്യാർഥിയെ സഹപാഠിയായ പെൺകുട്ടിയെക്കൊണ്ട് ചെരുപ്പ് വെച്ച് തല്ലിക്കാൻ ഇയാൾ ശ്രമിച്ചതായും പരാതിയുണ്ട്. പ്രതികരിക്കുന്നവരെ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായിരുന്നു ഡോക്ടറുടെ രീതി.


വിദ്യാർഥികളുടെ ശാരീരിക പ്രത്യേകതകളെ പരിഹസിക്കുന്നത് ഇയാളുടെ വിനോദമായിരുന്നുവെന്ന് വിദ്യാർഥികൾ വെളിപ്പെടുത്തുന്നു. നിറം കുറഞ്ഞ പെൺകുട്ടിയെ 'കറുത്ത പശുവെന്നും' നിറം കൂടിയവരെ 'വെള്ളപ്പാറ്റയെന്നും' വിളിച്ച് ഇയാൾ ആക്ഷേപിച്ചിരുന്നു.


ക്ലാസ്സിൽ വെച്ച് പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ പെൺകുട്ടിയെ അധ്യാപകൻ പോയ ശേഷമാണ് സഹപാഠികൾക്ക് ആശ്വസിപ്പിക്കാൻ പോലും കഴിഞ്ഞത്. മുടി നീട്ടി വളർത്തുന്നവരെ ശാരീരികമായി ഉപദ്രവിക്കുന്നതും രക്ഷിതാക്കളുടെ സാമ്പത്തിക ശേഷി നോക്കി വിദ്യാർഥികളോട് വിവേചനം കാണിക്കുന്നതും ഇയാളുടെ പതിവായിരുന്നു.


മെഡിക്കൽ കോളേജിലെ റാഗിങ് വിരുദ്ധ സമിതിയുടെ ചുമതലയുള്ള ആളാണ് വിദ്യാർഥികളെ ഇത്തരത്തിൽ മാനസികമായി തളർത്തുന്നതെന്നത് ഞെട്ടിക്കുന്നതാണ്. നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച വിദ്യാർഥികളെ നിരീക്ഷിക്കാൻ ഡോക്ടർ ആളുകളെ ഏർപ്പെടുത്തിയതായും ആരോപണമുണ്ട്.


പ്രതിഷേധങ്ങളുടെ ഫോട്ടോയും ദൃശ്യങ്ങളും പകർത്തി കരിയർ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. വിഷയത്തിൽ മാനേജ്‌മെന്റ് കാണിക്കുന്ന നിസ്സംഗതയ്ക്കെതിരെയും വിദ്യാർഥികൾ രംഗത്തെത്തി. ചർച്ചയ്ക്ക് അധികാരമില്ലാത്ത പ്രതിനിധികളെ അയച്ച് മാനേജ്‌മെന്റ് തങ്ങളെ കബളിപ്പിക്കുകയാണെന്ന് വിദ്യാർഥി പ്രതിനിധികൾ പറഞ്ഞു.


ഡോ. റാമിനെതിരെ മുൻപും നിരവധി പരാതികൾ ഉയർന്നിരുന്നെങ്കിലും മാനേജ്‌മെന്റ് സംരക്ഷിക്കുകയായിരുന്നുവെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളിൽ ഡോക്ടറുടെ പീഡനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സഹപാഠികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home