print edition നിധിൻരാജിന്റെ മരണം: ലോൺ ആപ് സംഘം റിമാൻഡിൽ

കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ കെട്ടിടത്തിൽനിന്ന് വീണുമരിച്ച ബിഡിഎസ് വിദ്യാർഥി ആർ എൽ നിധിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ് സംഘം അറസ്റ്റിൽ. ‘ഇൻസ്റ്റന്റ് ഫണ്ട്‌സ്’ ലോൺ ആപ് നടത്തിപ്പുകാരായ മൂന്നുപേരെയാണ് നോയ്‌ഡയിൽനിന്ന് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയത്. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശി ഋഷികേശ് തിവാരി(32), ഹരിയാന ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് (54), ഉത്തർപ്രദേശുകാരൻ പ്രശാന്ത് ഖേവൽ(28) എന്നിവരാണ് പിടിയിലായത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ചെയ്‌തു.
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് അധ്യാപിക ഡോ. ലത ശശിധരന്റെ പരാതിയിൽ ചക്കരക്കൽ പൊലീസ് രജിസ്റ്റർചെയ്‌ത കേസിലാണ് അറസ്റ്റ്. നിധിൻരാജ് ‘ഇൻസ്റ്റന്റ് ഫണ്ട്‌സ്’ ലോൺ ആപ് വഴി 15,000 രൂപ 36 ശതമാനമാണ് പലിശയ്‌ക്ക് വായ്‌പയെടുത്തിരുന്നു.
തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് സംഘം നിധിൻ രാജിനെ ഭീഷണിപ്പെടുത്തി. റഫറൻസായി നൽകിയ ഡോ. ലതയുടെ നന്പറിലും വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തി. ഉടൻ പണം അടച്ചില്ലെങ്കിൽ ഉപദ്രവിക്കുമെന്നും പറഞ്ഞു.നിധിൻ രാജിന്റെ ഫോണിലേക്ക് സ്ഥിരമായി വന്ന കോൾ കേന്ദ്രീകരിച്ച് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വലയിലാക്കാനായത്. അന്വേഷണം തുടങ്ങിയതോടെ ഒന്നൊഴികെ മറ്റെല്ലാ ഫോണും ഓഫായി. ആക്‌ടീവായി തുടർന്ന നന്പർ പിന്തുടർന്നാണ് പൊലീസ് നോയ്‌ഡയിലെത്തിയത്. നോയ്‌ഡ പൊലീസിന്റെ സഹായവും സൈബർ സംഘത്തിന് ലഭിച്ചു.
ഐടി പാർക്കിന് സമാനമായ, നാൽപ്പതോളംപേർ ജോലിചെയ്യുന്ന സ്ഥാപനമാണ് ഇൻസ്റ്റന്റ് ഫണ്ട്‌സ്. ഒരേസമയം 30 സിം കാർഡുവരെ ഉപയോഗിക്കാൻ കഴിയുന്ന സിം ബോക്‌സുകൾ ഉപയോഗിച്ചാണ് വായ്‌പയെടുത്തവരെ വിളിച്ചിരുന്നത്. സിം ബോക്‌സുകളും സിം കാർഡുകളും പിടിച്ചെടുത്തു.










0 comments