നിതിൻ രാജിന്റെ മരണം: സംസ്ഥാനത്ത് ഇന്ന് ദളിത് സംഘടനകളുടെ ഹർത്താൽ, കടകൾ തുറക്കും

നിതിൻ രാജ്
തിരുവനന്തപുരം : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടേ വിവിധ ദളിത് സംഘടനകൾ ഇന്ന് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. വാഹനങ്ങൾ തടയില്ലെന്നും സമാധാനപരമായി ഹർത്താലുമായി സഹകരിക്കണമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു. ഇന്നത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി.
ഇന്ന് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.
അൻപത്തിരണ്ട് ദളിത് - ആദിവാസി സംഘടനകളുടേയും ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യുക, രോഹിത് വെമുല നിയമം നടപ്പിലാക്കുക, അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, നിതിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹർത്താൽ.
അതേസമയം കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നും ഒന്നാം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ ഹർത്താലിന്റെ ആവശ്യമില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കടകമ്പോളങ്ങളും പതിവുപോലെ തുറന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.










0 comments