കണ്ണുനീരോടെ ഉഴുമലയ്ക്കൽ; നിതിൻ രാജിന് ഇന്ന് നാട് വിടചൊല്ലും

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. സംഭവത്തിൽ അന്വേഷണവിധേയമായി ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ കോളേജ് മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു. നിതിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉഴുമലയ്ക്കലെ വീട്ടിലെത്തിക്കും. തുടർന്നായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിതിനെ കോളേജ് കെട്ടിടത്തിന് താഴെ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിതിൻ ആത്മഹത്യ ചെയ്യില്ലെന്നും അധ്യാപകരുടെ നിരന്തരമായ മാനസിക പീഡനമാണ് മരണത്തിന് പിന്നിലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. നിതിന്റെ ജാതിയെയും നിറത്തെയും സാമ്പത്തിക സ്ഥിതിയെയും പരിഹസിച്ച് അധ്യാപകർ പരസ്യമായി അധിക്ഷേപിച്ചിരുന്നതായി പിതാവ് രാജൻ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ ചക്കരക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സസ്പെൻഷനിലായ രണ്ട് അധ്യാപകരെയും പോലീസ് ഉടൻ ചോദ്യം ചെയ്യും. ഇവരുടെ മൊഴികൾ വിശദമായി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. അതേസമയം, കുടുംബം ഉന്നയിക്കുന്ന ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള ആരോപണങ്ങൾ കോളേജ് അധികൃതർ നിഷേധിച്ചു. ക്യാമ്പസിനുള്ളിലെ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.










0 comments