73 കോടി രൂപ സംസ്ഥാനം വായ്പ നൽകി
print edition നിപ്‌മറിനെ അന്താരാഷ്ട്ര ഭിന്നശേഷി പുനരധിവാസ കേന്ദ്രമാക്കും

ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നിപ്മർ
തൃശൂർ: സംസ്ഥാന സാമൂഹ്യനീതി വകുപ്പിനുകീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനെ (നിപ്‌മർ) അന്താരാഷ്ട്രസൗകര്യ-ത്തോടെയുള്ള ഭിന്നശേഷി പുനരധിവാസ കേന്ദ്രമാക്കാനുള്ള ബൃഹദ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിപ്മറിന്റെ വിവിധ വികസനപ്രവർത്തനങ്ങൾക്കായി 73 കോടി രൂപ വായ്പയായി സംസ്ഥാന സർക്കാർ ലഭ്യമാക്കിയിട്ടുണ്ടെന്നും നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിൽനിന്ന് സംസ്ഥാന സർക്കാരിന്റെ ഈടിൽ തിരിച്ചടവ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ 11 കിടക്കകളുള്ള സ്‌പൈനൽ കോഡ് ഇഞ്ചുറി റീഹാബിലിറ്റേഷൻ യൂണിറ്റ്, 250 കിടക്കകളുള്ള പുനരധിവാസ ആശുപത്രിയായി ഉയർത്തുന്നതിന് 53 കോടി രൂപ വിനിയോഗിക്കും. വിവിധ അക്കാദമിക് കോഴ്സുകൾക്ക് ആവശ്യമായ അധിക ക്ലാസ് മുറികൾ, പരീക്ഷാ ഹാൾ, അനാട്ടമി പഠന സൗകര്യം, ലൈബ്രറി വിപുലീകരണം എന്നിവയ്ക്കായി പ്രത്യേക അക്കാദമിക് ബ്ലോക്ക് നിർമാണത്തിന് 20 കോടി ഉപയോഗിക്കും.
കേരളത്തിൽ ആദ്യമായി കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുമായി അഫിലിയറ്റ് ചെയ്ത് ബാച്ചിലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പി, ബാച്ചിലർ ഓഫ് പ്രൊസ്തെറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ് ഡിഗ്രി പ്രോഗ്രാമുകൾ ആരംഭിച്ച സ്ഥാപനമാണ് നിപ്മർ. നാലു തവണ മികച്ച സ്ഥാപനത്തിനുള്ള സംസ്ഥാന പുരസ്‌കാരവും 2024ലെ ഐക്യരാഷ്ട്ര സഭാ ടാസ്‌ക്ഫോഴ്‌സ് അവാർഡും നേടിയ നിപ്മറിനെ 2025ൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ മികവിന്റെ കേന്ദ്രമായി അംഗീകരിച്ചിരുന്നു. പുതിയ പദ്ധതികൾകൂടി യാഥാർഥ്യമാകുന്നതോടെ നിപ്മർ ലോകോത്തര സൗകര്യമുള്ള കേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു. നിപ്‌മർ ഡയറക്ടർ സി ചന്ദ്രബാബുവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments