ad
Deshabhimani

മലപ്പുറത്ത് നിപാബാധ; 4 തദ്ദേശസ്ഥാപന പരിധിയില്‍ നിയന്ത്രണം

veena

മലപ്പുറം കലക്ടറേറ്റില്‍ ആരോ​ഗ്യപ്രവര്‍ത്തകരുമായുള്ള അവലോകന യോഗത്തിനുശേഷം മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on May 08, 2025, 09:05 PM | 2 min read

മലപ്പുറം: വളാഞ്ചേരി നഗരസഭയിലെ രണ്ടാംവാർഡ് പരിധിയിലെ താമസക്കാരിയായ നാൽപ്പത്തിരണ്ടുകാരിക്ക് നിപാ ബാധ സ്ഥിരീകരിച്ചതോടെ നാല് തദ്ദേശസ്ഥാപനങ്ങളിൽ ജില്ലാ ഭരണസംവിധാനം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വളാഞ്ചേരി ന​ഗരസഭയ്ക്ക് പുറമെ മാറാക്കര, എടയൂർ, ആതവനാട് പഞ്ചായത്തുകളിലെ ചില വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണിലാണ്.


വളാഞ്ചേരി ന​ഗരസഭയിലെ തോണിക്കൽ -(ഡിവിഷൻ 1), താണിയപ്പൻകുന്ന് -(ഡിവിഷൻ 2), കക്കാട്ടുപാറ -(ഡിവിഷൻ 3), കാവുംപുറം -(ഡിവിഷൻ 4), മാറാക്കര പഞ്ചായത്തിലെ മജീദുകുണ്ട് -(വാർഡ് 9), മലയിൽ -(വാർഡ് 11), നീരടി -(വാർഡ് 12), എടയൂർ പഞ്ചായത്തിലെ വലാർത്തപടി -(വാർഡ് 17), ആതവനാട് പഞ്ചായത്തിലെ കരിപ്പോൾ -(വാർഡ് 6) എന്നിവിടങ്ങളിലാണ് നിയന്ത്രണം. ഇവിടങ്ങളിൽ പൊതുജനങ്ങൾ കൂട്ടംകൂടാൻ പാടില്ല. വ്യാപാരസ്ഥാപനങ്ങൾ രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ മാത്രമേ പ്രവർത്തിക്കാവൂ. മെഡിക്കൽ സ്റ്റോറുകൾക്ക് നിയന്ത്രണം ബാധകമല്ല. മദ്രസകൾ, അങ്കണവാടികൾ എന്നിവയും പ്രവർത്തിപ്പിക്കരുത്.


ഏഴുപേർക്ക് നെഗറ്റീവ്


ഒരാഴ്ചമുമ്പാണ് വളാഞ്ചേരി സ്വദേശിനിയായ നാൽപ്പത്തിരണ്ടുകാരിയെ പനി ബാധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്. നിപാ ലക്ഷണങ്ങൾ പ്രകടമാക്കിയതോടെ സ്രവം പരിശോധിക്കുകയായിരുന്നു. ബുധനാഴ്ച കോഴിക്കോട് ​ഗവ. മെഡിക്കൽ കോളേജ് മൈക്രോബയോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവായതോടെ പൂണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സ്രവം അയച്ചു. വ്യാഴാഴ്ച ഇവിടെനിന്നുള്ള ഫലം പോസിറ്റീവായതോടെയാണ് നിപാ സ്ഥിരീകരിച്ചത്. ഇവർക്ക് മോണോക്ലോണൽ ആന്റിബോഡി നൽകും.


രോ​ഗിയുമായി അടുത്ത സമ്പർക്കത്തിലേർപ്പെട്ട ഏഴുപേരെ ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെടുത്തി സാമ്പിളുകൾ പരിശോധിച്ചു. ഇവരെല്ലാം നിപാ നെഗറ്റീവാണ്. രോ​ഗബാധയേറ്റയാളുടെ ഭർത്താവ്, മാതാവ്, രണ്ട് മക്കൾ, ആശുപത്രിയിലെത്തിച്ച വണ്ടിയുടെ ഡ്രൈവർ, ആരോ​ഗ്യപ്രവർത്തകർ എന്നിവരാണ് പട്ടികയിലുള്ളത്. ഇവർക്ക് ചെറിയ പനിയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആവശ്യമെങ്കിൽ ഇവരുടെ സ്രവം വീണ്ടും പരിശോധിക്കും. സമ്പർക്കപ്പട്ടികയിലുള്ളവരെ 21 ദിവസം ഐസൊലേഷനിലാക്കും.


രോ​ഗബാധ സ്ഥിരീകരിച്ചയുടൻ വ്യാഴം വൈകിട്ടോടെ മന്ത്രി വീണാ ജോർജ് ജില്ലയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജിയർ (എസ്ഒപി) അനുസരിച്ചുള്ള 25 കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. യുവതിയുടെ വീടിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവ് നിയന്ത്രണമേഖലയിലാക്കി (കണ്ടൈൻമെന്റ് സോൺ). രോ​ഗിയുടെ റൂട്ട് മാപ്പ് വെള്ളിയാഴ്ച പുറത്തുവിടും. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലയിൽ കൺട്രോൾ റൂം തുറക്കും. ഹെൽപ്പ് ലൈൻ നമ്പർ: 0483 2736320, 0483 2736326.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home