ad
Deshabhimani

നിപാ: 3 പേർകൂടി ആശുപത്രിയിൽ

kozhikkode nipah
വെബ് ഡെസ്ക്

Published on Jun 13, 2026, 12:45 AM | 1 min read

കോഴിക്കോട്‌ : നിപാ ബാധിതനായ ഫാറൂഖ്‌ കോളേജ്‌ സ്വദേശിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മെഡിക്കൽ ബോർഡ്‌ തീരുമാനപ്രകാരം ഇദ്ദേഹത്തിന്‌ മോണോ ക്ലോണൽ ആന്റി ബോഡി ആദ്യത്തെ ഡോസ് നൽകിയിട്ടുണ്ട്‌. 48 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ഡോസും നൽകും.


സമ്പർക്കത്തിലുണ്ടായിരുന്ന മൂന്നുപേരെകൂടി വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തുപേരെക്കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. അതേസമയം, പുതിയ കേസുകളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. വൈറസ് ബാധയെക്കുറിച്ച് പഠിക്കാനും സാംപിളുകൾ ശേഖരിക്കാനുമായി കേന്ദ്രത്തിൽ നിന്ന് ഐസിഎംആർ വിദഗ്ധസംഘം ശനിയാഴ്‌ച എത്തും.

കഴിഞ്ഞ ദിവസം സമ്പർക്കവിലക്കിലായിരുന്ന മൂന്നുപേരെയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്‌. ഇവരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്‌.

നിലവിൽ അതിതീവ്ര വിഭാഗത്തിൽ നാലും തീവ്ര വിഭാഗത്തിൽ 16 ഉം കുറഞ്ഞ തീവ്ര വിഭാഗത്തിൽ 67 പേരുമടക്കം 87 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്.


നിപാ റിപ്പോർട്ട് ചെയ്യപ്പെട്ട രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലുള്ള 286 വീടുകളിൽ ആരോഗ്യ പ്രവർത്തകർ സർവേ നടത്തി. പനിയുള്ള 12 പേരെ കണ്ടെത്തി. ഇവർക്ക്‌ നിപാ രോഗലക്ഷണങ്ങളില്ലെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതർ അറിയിച്ചു. നീപാ വരുമ്പോൾ ഒരുക്കുന്ന ട്രയാജൻ സംവിധാനം തുടങ്ങാത്തതിനാൽ മെഡിക്കൽ കോളേജ്‌ അത്യാഹിത വിഭാഗത്തിലാണ്‌ പനി ബാധിതരെയും മറ്റും പരിശോധിക്കുന്നത്. സംശയാസ്പദമായ രോഗികളെ മാത്രം ഇവിടെനിന്ന് നേരിട്ട് സമ്പർക്ക വിലക്കിനയക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home