ad
Deshabhimani

കോഴിക്കോട് മരിച്ച ഒമ്പത്‌ വയസ്സുകാരിക്ക് അപൂർവരോഗമായ കവാസാക്കിയെന്ന്‌ സംശയം

Kawasaki disease

കവാസാക്കി രോ​ഗലക്ഷണങ്ങൾ. പ്രതീകാത്മകചിത്രം

avatar
സ്വന്തം ലേഖകൻ

Published on Jun 29, 2026, 10:59 AM | 2 min read

കോഴിക്കോട്‌ : കഴിഞ്ഞ ദിവസം കടലൂരിൽ മരിച്ച ഒമ്പത്‌ വയസ്സുകാരിക്ക്‌ അപൂർവരോഗമായ കവാസാക്കി ബാധിച്ചതായി സംശയം. കവാസാക്കി രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന കടലൂർ "ജിനാൻ രാരോത്ത്‌’ ഒമ്പതുവയസ്സുകാരി ആയിഷ ഹെൽനയാണ്‌ ശനിയാഴ്‌ച മരിച്ചത്‌. പനി കൂടിയതോടെ ചൊവ്വാഴ്‌ചയാണ്‌ കുട്ടിയെ തിരൂർ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ശരീരത്തിലാകെ ചുവന്ന തടിപ്പുകളുണ്ടായിരുന്നു. നാക്ക്‌ അമിതമായി ചുവന്നിരുന്നു (സ്‌ട്രോബറി ടങ്‌). ലക്ഷണങ്ങൾ കണ്ട ത്വക്ക്‌രോഗ ഡോക്‌ടറാണ്‌ കവാസാക്കിയാകാൻ സാധ്യതയുണ്ടെന്ന്‌ പറഞ്ഞ്‌ ഗവ. മെഡിക്കൽ കോളേജിലേക്ക്‌ മാറ്റാൻ നിർദേശിച്ചത്‌. വ്യാഴം ഉച്ചയോടെ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. തുടർച്ചയായ ദിവസങ്ങളിൽ 104 ഡിഗ്രിക്കടുത്ത്‌ പനിയുണ്ടായിരുന്നു. അലർജിക്കുള്ള ആന്റിബയോട്ടിക്കുകളും പനിക്കുള്ള സാധാരണ മരുന്നുകളും കൊടുത്തിട്ട്‌ ഫലിക്കാതെ വന്നതോടെയാണ്‌ ഡോക്‌ടർമാരും കവാസാക്കി രോഗമാകാമെന്ന്‌ സംശയിച്ചത്‌. മെഡിക്കൽ കോളേജിലെത്തിയപ്പോൾ ഹൃദയമിടിപ്പ്‌ വളരെ കുറഞ്ഞിരുന്നു. പിന്നീട്‌ കണ്ണും ചുറ്റുമുള്ള ഭാഗങ്ങളും ചുവന്നു. മെഡിക്കൽ കോളേജിൽനിന്ന്‌ കവാസാക്കിക്ക്‌ നൽകുന്ന ചികിത്സകളാണ്‌ നൽകിയത്‌.

എന്താണ്‌ കവാസാക്കി

യഥാസമയം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന രോഗമാണ്‌ കവാസാക്കി. കുഞ്ഞുങ്ങളിൽ മാത്രം കാണപ്പെടുന്ന ഹൃദ്രോഗമാണിത്‌. പ്രധാന ലക്ഷണം പനിയാണ്. അഞ്ചുദിവസത്തിൽ കൂടുതൽ പനി നീണ്ടാൽ ഒട്ടും വൈകാതെ കുട്ടികളുടെ ഡോക്ടറെ കാണണം. നാക്കും ചുണ്ടും ചുവക്കുന്നതും കാലിന്റെ വിരൽഭാഗത്തെ തൊലി ഇളകി ചുരുണ്ടുവരുന്നതും ലക്ഷണമാണ്. ഹൃദയത്തെ ബാധിക്കുന്ന ഇ‍ൗ രോഗം യഥാസമയം രോഗനിർണയവും ചികിത്സയും നടന്നാൽ പൂർണമായും ഭേദമാക്കാം. ടോമി സാക്ക കവാസാക്കി എന്ന ജപ്പാൻകാരനായ ഡോക്ടർ കണ്ടുപിടിച്ച രോഗമായതിനാലാണ് കവാസാക്കി എന്ന പേരിൽ അറിയപ്പെടുന്നത്.

ശ്രദ്ധിക്കാം


• കാരണങ്ങളൊന്നുമില്ലാത്ത പനി. സാധാരണ കാണുന്ന ചുമ, ജലദോഷം, വയറിളക്കം, ഛർദിൽ എന്നിവയൊന്നും ഉണ്ടാകാതെ പനി മാത്രം വരും.

• തുടർച്ചയായി അഞ്ചുദിവസം പനിക്കുകയും അനുബന്ധ ലക്ഷണങ്ങളായി പീള കെട്ടാതെ കണ്ണ് ചുവക്കുക, കഴുത്തുവീക്കം (കുരുക്കൾ ശരീരത്തിൽ വരിക), കൈകാലുകളിൽ നീര് വയ്ക്കുക, ചുണ്ടോ നാക്കോ ചുവക്കുക എന്നീ അഞ്ചു ലക്ഷണങ്ങളിൽ നാലെണ്ണം ഉണ്ടെങ്കിൽ കവാസാക്കിയാകാം.

• പനി മൂർച്ഛിച്ച് ഹൃദയധമനികളുടെ പ്രവർത്തനം നിലച്ച് പൊട്ടിപ്പോകുന്നതാണ് കവാസാക്കിയുടെ അപകടാവസ്ഥ. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home