ad
Deshabhimani

പാസ്‌പോർട്ട് സേവന ഫീസ് വർധന: പ്രതിഷേധം ശക്തം

PASSPORT.jpg
വെബ് ഡെസ്ക്

Published on Jun 29, 2026, 12:37 PM | 1 min read

കുവൈത്ത് സിറ്റി : ​കുവൈത്തിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾക്കുള്ള സേവന നിരക്ക്‌ കുത്തനെ വർധിപ്പിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പുതിയ സേവനദാതാക്കളായ ഡ്യൂഡിജിറ്റൽ ഗ്ലോബൽ പ്രഖ്യാപിച്ച ഫീസ് ഘടന പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപിമാരും പ്രവാസി സംഘടനകളും കേന്ദ്ര വിദേശമന്ത്രാലയത്തിന്റെയും ഇന്ത്യൻ എംബസിയുടെയും ഇടപെടൽ തേടി. ​


വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എംപിമാരായ പി സന്തോഷ്കുമാറും പി പി സുനീറും കേന്ദ്ര വിദേശമന്ത്രാലയത്തിന് കത്തയച്ചു. ​അബ്ബാസിയയിലെ സേവനകേന്ദ്രം അവസാനിപ്പിച്ച് ദജീജിലേക്ക് മാറ്റിയത്‌ യാത്രാച്ചെലവും സമയനഷ്ടവും വർധിപ്പിക്കും. സർവീസ് ചാർജ് കുറയ്ക്കുക, പുതിയ നിരക്ക് ബാധകമാകുന്ന സേവനങ്ങളിൽ വ്യക്തത വരുത്തുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും അടിയന്തര യാത്രക്കാർക്കും ഇളവുകൾ അനുവദിക്കുക തുടങ്ങിയ നിർദേശങ്ങളും അവർ മുന്നോട്ടുവച്ചു.


നിലവിൽ നിർബന്ധമല്ലാതിരുന്ന കൊറിയർ, ടൈപ്പിങ്‌, പ്രിന്റിങ്‌ തുടങ്ങിയ സേവനങ്ങൾ നിർബന്ധിതമാക്കിയതും സർവീസ് ചാർജ് മൂന്ന്‌ ദിനാറിൽനിന്ന്‌ ആറുദിനാറായി ഉയർത്തിയതും പ്രവാസികൾക്ക് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് കല കുവൈത്ത് ഇന്ത്യൻ അംബാസഡർക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സർവീസ് ചാർജ് പുനഃപരിശോധിച്ച് താങ്ങാനാകുന്ന നിരക്കിൽ കോൺസുലർ സേവനങ്ങൾ ഉറപ്പാക്കണമെന്ന് പ്രസിഡന്റ് അൻസാരി കടയ്ക്കലും ജനറൽ സെക്രട്ടറി ജിതിൻ പ്രകാശും ആവശ്യപ്പെട്ടു.


ഫീസ് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയും പ്രസ്താവന പുറത്തിറക്കി. വിലക്കയറ്റവും വിമാനയാത്രാ നിരക്കിലെ വർധനയും കാരണം പ്രവാസികൾ ദുഷ-്‌കരമായ സാഹചര്യത്തിലാണ്‌. കോൺസുലർ സേവനങ്ങൾക്ക്‌ അധികതുക ഈടാക്കുന്നത് സാധാരണ പ്രവാസികൾക്ക് കൂടുതൽ തിരിച്ചടിയാകുമെന്നും സംസ്ഥാന പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ആക്ടിങ് ജനറൽ സെക്രട്ടറി മുജീബ് മൂടാൽ, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home