ad
Deshabhimani

തെറി വിളിച്ചു, കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു: ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പ്

tiny tom neena kurup

ടിനി ടോം- photo credit: Tiny Tom facebook. നീന കുറുപ്പ് - photo credit: Neena Kurup facebook

വെബ് ഡെസ്ക്

Published on May 24, 2026, 10:52 AM | 2 min read

കൊച്ചി : മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിൽ പ്രശ്നം രൂക്ഷമാകുന്നു. നടൻ ടിനി ടോമിനെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിച്ച് നടി നീന കുറുപ്പ് പരാതി നൽകി. ടിനി ടോം തന്നെ കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ചെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും നീന കുറുപ്പ് നൽകിയ പരാതിയിൽ പറയുന്നു. അമ്മ കുടുംബ സംഗമത്തിന്റെ റിഹേഴ്‌സലിനിടെ ടിനി ടോം തന്നെ പരസ്യമായി അപമാനിച്ചെന്നും അസഭ്യവും അശ്ലീല പ്രയോഗവും നടത്തിയെന്നും നീന കുറുപ്പ് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറി. അമ്മയുടെ ഓഫീസിൽ വച്ചാണ് പല അതിക്രമങ്ങളും നേരിടേണ്ടി വന്നതെന്നും മറ്റ് അം​ഗങ്ങൾ പിടിച്ചുമാറ്റിയതുകൊണ്ടാണ് ടിനി ടോമിന്റെ ഉപദ്രവത്തിൽ നിന്ന് താൻ രക്ഷപെട്ടതെന്നും നീന കുറുപ്പ് പരാതിയിൽ പറയുന്നു. നിരവധി വനിത അം​ഗങ്ങൾക്ക് ടിനി ടോമിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും പലരും ടിനി ടോമിന്റെ ഭീഷണി ഭയന്ന് പരാതി നൽകാൻ പലരും മടിക്കുകയാണെന്നും നീന കുറുപ്പ് പരാതിയിൽ പറയുന്നു. വ്യക്തികളെ മാത്രമല്ല കുടുംബാംഗങ്ങളെയും അപമാനിക്കുന്നുവെന്നും നീന കുറുപ്പിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടി.


കഴിഞ്ഞ ദിവസം അമ്മ സംഘടനയിലെ മുൻ എക്സിക്യൂട്ടീവ് അം​ഗം അൻസിബ ഹസൻ ടിനി ടോമിനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തന്നെ ജിഹാദിയെന്ന് ടിനി വിളിച്ച് അധിക്ഷേപിച്ചെന്നും അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തിയെന്നുമാണ് അൻസിബ മാധ്യമങ്ങളോട് പറഞ്ഞത്. 'അമ്മ' സെക്രട്ടറിയും പ്രസിഡന്റും തനിക്കൊപ്പം നിന്നില്ലെന്നും 'അമ്മ' മുൻ ജോയിന്റ് സെക്രട്ടറി കൂടിയായ അൻസിബ ആരോപിച്ചു. അമ്മയ്ക്ക് ഇതിൽ ഒന്നും ചെയ്യാനില്ല എന്നാണ് പ്രസിഡന്റ് പറഞ്ഞതെന്നും അൻസിബ പറഞ്ഞു. കമ്മിറ്റിയിൽ അഭിപ്രായം പറഞ്ഞതിന് ടിനി വ്യക്തിവൈരാ​ഗ്യം തീർക്കുകയാണെന്ന് അൻസിബ പറഞ്ഞു. മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നു എന്നുവരെ പ്രചരിപ്പിച്ചു. പ്രൊഡക്ഷൻ കൺട്രോളറുടെ മകനെ മതപരിവർത്തനം ചെയ്യാൻ നടത്തിയെന്ന് പറഞ്ഞു. താരസംഘടനയായ 'അമ്മ'യിൽനിന്നുള്ള രാജിക്ക് കാരണം ടിനി ടോമും സംഘടനയിലെ ചിലരുമാണ്. മറ്റൊരു വനിതാ എക്സിക്യൂട്ടീവ് അം​ഗത്തെക്കൊണ്ട് തനിക്കെതിരെ വ്യാജപരാതി നൽകി. കടുത്ത മാനസിക സംഘർഷം കാരണമാണ് 'അമ്മ'യിൽനിന്ന് രാജിവെച്ചത്.- അൻസിബ പറഞ്ഞു. രാജിക്ക് ശേഷവും അപവാദപ്രചാരണം തുടരുന്നതിനാലാണ് തുറന്നുപറച്ചിലെന്നും അൻസിബ മാധ്യമങ്ങളോട് വെളിപ്പെടുത്തി.


അൻസിബയുടെ ആരോപണങ്ങൾ നീന കുറുപ്പും പരാതിയിൽ ശരിവച്ചു. ഒരു സഹ എക്‌സിക്യൂട്ടീവ് അംഗത്തിന്റെ മേൽ മതതീവ്രവാദവും മതപരിവർത്തന ശ്രമങ്ങളും ആരോപിക്കുന്നതിന് താൻ സാക്ഷിയാണെന്നും നീന കുറുപ്പ് പരാതിയിൽ പറയുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home