കാന്തപുരത്തിന്റേത്‌ 
നിർണായക 
ഇടപെടൽ , കേന്ദ്രസർക്കാരിന്റെ നയതന്ത്രം പൂർണപരാജയം

ജീവിതപ്പച്ച ; നിമിഷപ്രിയയുടെ വധശിക്ഷ 
മരവിപ്പിച്ചു

nimisha priya execution postponed
വെബ് ഡെസ്ക്

Published on Jul 16, 2025, 03:17 AM | 2 min read


കോഴിക്കോട്

യമൻപൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത്‌ മരവിപ്പിച്ചു. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരാണ്‌ ഇക്കാര്യം അറിയിച്ചത്‌. വിഷയത്തിൽ യമനിലെ പണ്ഡിതരുമായി ചർച്ച നടത്തിെയെന്നും ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വധശിക്ഷ ഒഴിവാക്കാൻ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്ന്‌ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ്‌ കാന്തപുരം യമനിലെ പുരോഹിതർ വഴി ചർച്ചയ്‌ക്ക്‌ ശ്രമിച്ചത്‌.


കാന്തപുരത്തിന്റെ അഭ്യർഥനപ്രകാരം യമനിലെ പ്രമുഖ പണ്ഡിതൻ ഷേഖ് ഹബീബ് ഉമർബ്‌നു ഹഫീസാണ് വിഷയത്തിൽ ഇടപെട്ടത്. കഴിഞ്ഞ ദിവസം രണ്ട് തവണ ചർച്ച നടത്തി. ഹഫീസിന്റെ സഹോദരപുത്രൻ ഹബീബ് അബ്‌ദുറഹ്‌മാൻ അലി മശ്ഹൂറാണ്‌ ചർച്ചയ്‌ക്ക് നേതൃത്വം നൽകിയത്‌. യമനിൽ രാഷ്‌ട്രീയ സംഘർഷം നിലനിൽക്കുന്നതിനാൽ സർക്കാർ ഇടപെടൽ ഫലപ്രദമാകാത്ത സാഹചര്യമായിരുന്നു. വധശിക്ഷ മരവിപ്പിച്ചതായി യമനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


കാന്തപുരത്തിന്റേത്‌ 
നിർണായക 
ഇടപെടൽ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയതിനുപിന്നിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ നടത്തിയ നിർണായക ഇടപെടൽ.


കാരന്തൂർ മർകസിൽ യുവജന നൈപുണ്യ സംഗമത്തിൽ സംസാരിക്കവെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയ കാര്യം കാന്തപുരം ലോകത്തെ അറിയിച്ചത്. നിമിഷപ്രിയയുടെ മോചനത്തിന്‌ ഇടപെട്ടത്, ജനങ്ങൾക്ക് നന്മചെയ്യൽ തന്റെ കർത്തവ്യമാണെന്ന ബോധ്യത്തിലാണെന്ന്‌ അദ്ദേഹം പറഞ്ഞു.


വധശിക്ഷയ്‌ക്കുപകരം കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ദിയാധനം നൽകി പ്രായശ്ചിത്തം ചെയ്യാൻ ഇസ്‌ലാമിൽ വ്യവസ്ഥയുണ്ട്‌. മരിച്ചയാളുടെ കുടുംബം സമ്മതിക്കാതെ വധശിക്ഷ ഒഴിവാക്കാൻ കോടതിക്ക് കഴിയില്ല. കുടുംബം ദിയാധനം സ്വീകരിക്കാൻ തയ്യാറാകുമോ ഇല്ലയോ എന്നാണ് ഇനി അറിയാനുള്ളത്‌. കുടുംബവുമായി ചർച്ചകൾ തുടരും. കാന്തപുരത്തിന്റെ നിർണായക ഇടപെടലിനും മനുഷ്യത്വത്തിനും കേരളം അഭിനന്ദനമറിയിച്ചു.

കേന്ദ്രസർക്കാരിന്റെ നയതന്ത്രം പൂർണപരാജയം

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ നയതന്ത്ര ഇടപെടലുകൾ നടത്തുന്നതിൽ കേന്ദ്രസർക്കാർ പൂർണപരാജയം. യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ രക്ഷിക്കാൻ നയതന്ത്രതലത്തിൽ കാര്യമായ ഇടപെടലുകൾ നടത്താൻ പരിമിതികളുണ്ടെന്നാണ്‌ കേന്ദ്രസർക്കാർ തുടക്കം മുതൽ സ്വീകരിച്ച നിലപാട്‌. കഴിഞ്ഞദിവസം സുപ്രീംകോടതിയിലും നിലപാട്‌ ആവർത്തിച്ചു. നിമിഷപ്രിയ തടവിലുള്ള സന അടക്കമുള്ള പ്രദേശം ഹൂതി വിമതരുടെ കീഴിലാണ്‌. ഹൂതികളുമായി ബന്ധംപുലർത്തുന്ന ഇറാനുമായി നയതന്ത്രചർച്ചകൾ നടത്തിയിരുന്നെങ്കിൽ ഇടപെടൽ സാധ്യമാകുമായിരുന്നു. മധ്യസ്ഥതയ്‌ക്ക്‌ തയ്യാറാണെന്ന്‌ ഇറാനും അറിയിച്ചിരുന്നു. എന്നാൽ, ഇറാനെ ഇടപെടുത്താനുള്ള ഫലപ്രദമായ നീക്കം കേന്ദ്രത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടായില്ല. ഇറാനുമായി ഏറ്റുമുട്ടുന്ന ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന കേന്ദ്രസർക്കാർ നിലപാടാണ്‌ വഴിമുടക്കിയത്‌.


നിമിഷപ്രിയയുടെ അമ്മയ്‌ക്ക്‌ യമനിലേക്ക്‌ പോകാൻ അനുമതി നൽകാൻപോലും കേന്ദ്രം തയാറായില്ല. ഒടുവിൽ, ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിലാണ്‌ അമ്മയ്‌ക്ക്‌ യാത്രാനുമതി കിട്ടിയത്‌. നയതന്ത്ര ഇടപെടലുകളുടെ അഭാവത്തിൽ നിമിഷപ്രിയയുടെ അമ്മയും സേവ്‌ നിമിഷപ്രിയ ആക്‌ഷൻ കൗൺസിലിലെ സാമൂഹ്യപ്രവർത്തകരുമാണ്‌ ശ്രമങ്ങൾ ഏകോപിപ്പിച്ചത്‌. നിമിഷപ്രിയയെ രക്ഷിക്കാൻ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം എംപിമാരും പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത്‌ നൽകി. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉൾപ്പടെയുള്ളവരുടെ ഇടപെടലുകളെ തുടർന്ന്‌ നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചപ്പോള്‍ അത് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിന്റെ ഫലമെന്ന് വരുത്തിതീര്‍ക്കാനാണ് ബിജെപി അനുകൂല ദേശീയമാധ്യമങ്ങള്‍ ശ്രമിക്കുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Home