കാട്ടുപന്നി വേട്ട: സ്പോർട്സ് ലൈസൻസുകാർക്ക് വീണ്ടും വിലക്ക്

നിലമ്പൂർ: കാട്ടുപന്നി നിയന്ത്രണ വേട്ടയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളിൽ വീണ്ടും മാറ്റം വന്നതോടെ സംസ്ഥാനത്ത് ആശയക്കുഴപ്പം ശക്തമാകുന്നു. 2026 ഓഗസ്റ്റ് 1ന് പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരം സ്പോർട്സ് ലൈസൻസും സ്ഥാപന ലൈസൻസും കൈവശമുള്ളവർക്ക് കാട്ടുപന്നി നിയന്ത്രണ വേട്ടയിൽ പങ്കെടുക്കാനാകില്ലെന്ന് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന നടപടിക്രമങ്ങൾ വീണ്ടും പഴയ നിലയിലേക്ക് മടങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2026 ഫെബ്രുവരി 5ന് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് സ്പോർട്സ് ലൈസൻസുള്ളവരെ കാട്ടുപന്നി നിയന്ത്രണ വേട്ടയിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ ഈ തീരുമാനത്തിനെതിരെ കർഷക സംഘടനകളും ഷൂട്ടർമാരും ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. തുടർന്ന് ഫെബ്രുവരി 17ന് സർക്കാർ പുതിയ ഉത്തരവിറക്കി ഫെബ്രുവരി 5ലെ ഉത്തരവ് മരവിപ്പിച്ചു. അതോടെ സ്പോർട്സ് ലൈസൻസുള്ളവർ വീണ്ടും സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ച് കാട്ടുപന്നി നിയന്ത്രണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി.
എന്നാൽ സർക്കാർ മാറിയതിനു പിന്നാലെ ഓഗസ്റ്റ് 1ന് പുറത്തിറക്കിയ പുതിയ ഉത്തരവിലൂടെ ഫെബ്രുവരി 5ലെ ആദ്യ ഉത്തരവാണ് നിലവിലുള്ളതെന്നും, ഫെബ്രുവരി 17ന് അത് മരവിപ്പിച്ച് പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കിയതായും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സ്പോർട്സ് ലൈസൻസും സ്ഥാപന ലൈസൻസും കൈവശമുള്ളവർക്ക് സംസ്ഥാനത്ത് കാട്ടുപന്നി നിയന്ത്രണ വേട്ടയിൽ പങ്കെടുക്കാനുള്ള അവസരം വീണ്ടും നഷ്ടമായി.
ഇതിനിടെ, ഓഗസ്റ്റ് 3ന് സർക്കാർ മറ്റൊരു സുപ്രധാന ഉത്തരവും പുറത്തിറക്കിയിരുന്നു. അതനുസരിച്ച് എം-പാനൽ ഷൂട്ടർമാർ ഒരു ഗ്രാമപഞ്ചായത്തിലോ നഗരസഭയിലോ രജിസ്റ്റർ ചെയ്താൽ സംസ്ഥാനത്തെ ഏത് തദ്ദേശസ്ഥാപന പരിധിയിലും കാട്ടുപന്നി നിയന്ത്രണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകി. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ഷൂട്ടർമാരുടെ സേവനം വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ തീരുമാനം.
എന്നാൽ ഓഗസ്റ്റ് 1ലെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 3ലെ ഇളവിന്റെ പ്രായോഗിക പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. സംസ്ഥാനതലത്തിൽ എം-പാനലിൽ ഉൾപ്പെട്ടിരിക്കുന്നവരിൽ വലിയൊരു വിഭാഗം സ്പോർട്സ് ലൈസൻസുള്ള ഷൂട്ടർമാരാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവർക്ക് തന്നെ നിയന്ത്രണ വേട്ടയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ, സംസ്ഥാനത്തെ ഏത് പഞ്ചായത്തിലും സേവനം നൽകാമെന്ന പുതിയ അനുമതി പ്രായോഗികമായി ഫലപ്രദമാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുന്നതിനിടെ ഷൂട്ടർമാരുടെ ലഭ്യത കുറയുന്നത് നിയന്ത്രണ പ്രവർത്തനങ്ങളുടെ വേഗതയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കൃഷിനാശം വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ എണ്ണം പരിശീലനം ലഭിച്ച ഷൂട്ടർമാരെ ലഭ്യമാക്കുന്നത് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
പരസ്പരവിരുദ്ധമായി പുറത്തിറങ്ങുന്ന സർക്കാർ ഉത്തരവുകൾ ഉദ്യോഗസ്ഥർക്കും തദ്ദേശസ്ഥാപനങ്ങൾക്കും എം-പാനൽ ഷൂട്ടർമാർക്കും ഒരുപോലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഏതൊക്കെ വിഭാഗം ലൈസൻസുകാർക്ക് നിയന്ത്രണ വേട്ടയിൽ പങ്കെടുക്കാൻ അനുമതിയുണ്ടെന്ന കാര്യത്തിൽ വ്യക്തത വരുത്തുകയും, നിലവിലെ ഉത്തരവുകളിലെ വൈരുധ്യങ്ങൾ പരിഹരിക്കുകയും ചെയ്യണമെന്ന ആവശ്യവും ശക്തമാകുകയാണ്.










0 comments