ഡിഎഫ്‌ഒ ഓഫീസ് അക്രമം: പി വി അൻവർ റിമാൻഡിൽ

നിലമ്പൂർ> നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഓഫീസ് തല്ലിത്തകർത്ത കേസിൽ പി വി അൻവർ എംഎൽഎ റിമാൻഡിൽ. ഞായർ രാത്രി 9.30ഓടെ ഒതായിയിലെ വീട്ടിൽനിന്നാണ് നിലമ്പൂർ ഡിവൈഎസ്‌പി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
ഉൾവനത്തിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ട സംഭവം മറയാക്കിയാണ് പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഓഫീസ് തല്ലിത്തകർത്തത്. പ്രാബല്യത്തിൽവരാത്ത വനഭേദഗതി നിയമത്തിനെതിരെ പി വി അൻവർ എംഎൽഎ നടത്തുന്ന ജനകീയ യാത്ര ആളില്ലാതെ പൊളിഞ്ഞിരുന്നു. യാത്ര നിർത്തിവയ്‌ക്കാനാണ് ഞായറാഴ്‌ച അക്രമവുമായി എംഎൽഎയും പ്രവർത്തകരും രംഗത്തെത്തിയത്.
സൗത്ത് ഡിഫ്‌ഒ ഓഫീസ് പരിധിയിലെ വനത്തിലാണ് ശനിയാഴ്‌ച കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചത്. എന്നാൽ, നോർത്ത് ഡിഎഫ്‌ഒ ഓഫീസാണ് എംഎൽഎയുടെ അനുയായികൾ അടിച്ചുതകർത്തത്. അവധി ദിവസമായതിനാൽ അടഞ്ഞുകിടന്ന പ്രധാന ഗേറ്റും ഓഫീസ് വാതിലും പൊളിച്ചാണ് സംഘം അകത്തുകയറിയത്. ഓഫീസിനകത്തെ കസേരകളും ജനറൽ ചില്ലുകളും വാതിലും ക്ലോക്കും ഉൾപ്പെടെ അടിച്ചുതകർത്തു. പുറത്തുനിന്ന് ആളുകളെ എത്തിച്ചാണ് ആക്രമണം നടത്തിയതെന്നും ആരോപണമുണ്ട്.
കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച വിവരം അറിഞ്ഞയുടൻ സർക്കാർ അടിയന്തര നടപടികൾ എടുത്തിരുന്നു. കുടുംബത്തെ ഏറ്റെടുക്കുമെന്നതുൾപ്പെടെ പ്രഖ്യാപിച്ചു. ഇതെല്ലാം അവഗണിച്ചാണ് സമരനാടകവുമായി എംഎൽഎയും സംഘവും എത്തിയത്. നിലമ്പൂർ നോർത്ത് ഡിഎഫ്ഒയുടെ പരാതിയിൽ പി വി അൻവർ എംഎൽഎ ഉൾപ്പെടെ 11 പേർക്കെതിരെ പൊലീസ് കേസെടുത്തു.









0 comments