നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ; ഇരട്ടി ഊർജത്തോടെ എൽഡിഎഫ്, ഉൾപ്പിരിവുകളിൽ യുഡിഎഫ്


സി കെ ദിനേശ്
Published on Jun 20, 2025, 12:54 AM | 1 min read
തിരുവനന്തപുരം
ഉപതെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്ന് പ്രചരിച്ചതിനിടെ അപ്രതീക്ഷിത രാഷ്‌ട്രീയ ഗോദയായ നിലമ്പൂർ ചലനമുണ്ടാക്കിയത് കേരളത്തിലാകെ. ജൂൺ ഒന്നിന് എം സ്വരാജ് നിലമ്പൂരിലെത്തിയതോടെയാണ് കളം മാറിയതെന്ന് എതിരാളികളും യുഡിഎഫ് അനുകൂല മാധ്യമങ്ങളും തിരിച്ചറിഞ്ഞു. അടുത്ത രണ്ട് തെരഞ്ഞെടുപ്പുകളിലേക്കുമുള്ള ഊർജമാണ് നിലമ്പൂരിലെ പ്രചാരണവും റാലികളും എൽഡിഎഫിന് പകർന്നത്.
ഭരണവിരുദ്ധവികാരം അജണ്ടയാക്കാൻ നോക്കിയവർതന്നെ അത് പിൻവലിച്ചു. വർഗീയ വിരുദ്ധതയും വികസന–-ക്ഷേമ പ്രവർത്തനവും ഊന്നി എൽഡിഎഫ് നടത്തിയ പ്രചാരണത്തെ നേരിടാൻ യുഡിഎഫിനായില്ല. എൽഡിഎഫിനെതിരായ വ്യാജ ചീട്ടുകളും ജനങ്ങൾ ചെവിക്കൊണ്ടില്ലെന്നതിന്റെ സൂചനയായി മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് യോഗങ്ങൾ.
ഒമ്പത് വർഷത്തിനിടെ നിലമ്പൂരിൽ എന്ത് നടന്നെന്ന് നന്നായി അറിയാവുന്ന നാട്ടുകാർ പലയിടത്തും സ്വയം എൽഡിഎഫിന്റെ പ്രചാരകരായി. ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചെന്ന മേനിപറച്ചിലൊഴികെ തന്ത്രങ്ങൾ പാളി നിരായുധരായി യുഡിഎഫ്. അൻവറിനെ പറഞ്ഞുപറ്റിച്ചെന്ന വികാരമാണ് മുസ്ലിം ലീഗിനും കോൺഗ്രസിലെ ഒരു വിഭാഗത്തിനും ഇപ്പോഴും. ഡിസിസി പ്രസിഡന്റ് വി എസ് ജോയിയോട് പ്രവർത്തനം തുടങ്ങാൻ പറഞ്ഞശേഷം നേതൃത്വം കാലുമാറിയത് ആ വിഭാഗത്തെ രോഷാകുലരാക്കി.
പ്രതിപക്ഷ നേതാവിന്റെ തിരുമാനങ്ങൾ അപക്വമാണെന്ന ആക്ഷേപം കോൺഗ്രസിലും യുഡിഎഫിലും ശക്തം. രാഹൂൽ മാങ്കൂട്ടത്തിൽ അടക്കമുള്ള യുവനേതാക്കൾ രാത്രിയുടെ മറവിൽ അൻവറിനെ കണ്ടതും വെട്ടിലായതും വീണ്ടും കോൺഗ്രസിൽ ചർച്ചയാവുകയാണ്. തന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പായി നിലമ്പൂരിനെ കാണാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് താൽപ്പര്യപ്പെടുന്നില്ല. പ്രതിപക്ഷ നേതാവിനോടുള്ള അദ്ദേഹത്തിന്റെ സമീപനം വരും ദിവസങ്ങളിൽ വ്യക്തമാകും. നിലമ്പൂരിലെ പാളിച്ചകൾ സതീശനെതിരായ നീക്കമാക്കാനാകും രമേശ് ചെന്നിത്തലയടക്കമുള്ളവരുടെ ശ്രമം.









0 comments