നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ; യുഡിഎഫിന് വോട്ട് കുറഞ്ഞു

നിലമ്പൂർ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വർഗീയ മുന്നണി കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇടതുപക്ഷത്തിന്റെ അടിത്തറ തകർന്നില്ല. ഒപ്പം നിന്ന എംഎൽഎ രാജിവച്ച് എതിരെ മത്സരിച്ചിട്ടും എൽഡിഎഫിന്റെ പരമ്പരാഗത വോട്ട് നിലനിർത്താനായി. 66,660 വോട്ടാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് നേടിയത്. ആകെ വോട്ടിന്റെ 37.88 ശതമാനമാണിത്. 2021ൽ യുഡിഎഫ് സ്ഥാനാർഥി വി വി പ്രകാശ് നേടിയ 78,527 വോട്ട് നേടാൻ ആര്യാടൻ ഷൗക്കത്തിനായില്ല. ഇക്കുറി മൂവായിരത്തോളം വോട്ട് അധികം പോൾ ചെയ്തപ്പോഴും യുഡിഎഫിന് വോട്ട് കുറഞ്ഞു.
യുഡിഎഫിന് ശക്തമായ വേരുകളുള്ള മണ്ഡലമാണ് നിലമ്പൂർ. മണ്ഡലത്തിന്റ തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ ഏറ്റവും കൂടുതൽ ജയിച്ചതും യുഡിഎഫാണ്. കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് 35 വർഷം പ്രതിനിധീകരിച്ച മണ്ഡലം. കഴിഞ്ഞ രണ്ടു തവണ സ്വതന്ത്രനെ നിർത്തിയുള്ള പരീക്ഷണത്തിലാണ് മണ്ഡലം എൽഡിഎഫ് നേടിയത്. 2016ൽ കോൺഗ്രസ് നേതാവായിരുന്ന പി വി അൻവർ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചപ്പോൾ യുഡിഎഫ് വോട്ടുകൂടി നേടിയാണ് ജയിച്ചത്. അന്നത്തെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരെ കോൺഗ്രസിൽ ഉയർന്ന എതിർപ്പും അൻവറിന് തുണയായി. 2021ൽ എൽഡിഎഫ് സംസ്ഥാനത്ത് 99 സീറ്റുനേടി അധികാരത്തിൽ തിരിച്ചെത്തിയ തെരഞ്ഞെടുപ്പിൽ 2,700 വോട്ടായിരുന്നു അൻവറിന്റെ ഭൂരിപക്ഷം. അന്നത്തെ യുഡിഎഫ് സ്ഥാനാർഥി വി വി പ്രകാശിനെ ആര്യാടൻ ഷൗക്കത്ത് കാലുവാരിയിരുന്നു. അൻവർ എൽഡിഎഫുമായി അകന്നപ്പോൾ യുഡിഎഫ് വോട്ട് ഇടതുപക്ഷത്തിന് നഷ്ടമാവുക സ്വാഭാവികം. യുഡിഎഫ് പരമ്പരാഗത മണ്ഡലം നിലനിർത്തിയതൊഴിച്ചാൽ നിലമ്പൂരിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് വ്യക്തം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിന്നും വോട്ടിങ് നിലയിൽ ഗണ്യമായ മുന്നേറ്റമുണ്ടാക്കാൻ എൽഡിഎഫിനായി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 42,962ഉം ഉപതെരഞ്ഞെടുപ്പിൽ 29,915ഉം വോട്ടാണ് ലഭിച്ചിരുന്നത്. നിയമസഭയിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി വി അൻവറിന് 2016ൽ 77,858 ഉം 2021ൽ 81,227ഉം വോട്ട് ലഭിച്ചു. അൻവർ ഈ തെരഞ്ഞെടുപ്പിൽ 19,760 വോട്ട് പിടിച്ചപ്പോഴും എൽഡിഎഫ് പരമ്പരാഗത വോട്ട് നിലനിർത്തി. 2014ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച പി വി അൻവർ 6,811 വോട്ട് നേടിയിരുന്നു. ഈ വോട്ടുകൾ മാറ്റി നിർത്തിയാൽ ഇടതുപക്ഷത്തിന് കാര്യമായ വോട്ട് നഷ്ടമുണ്ടായിട്ടില്ല.
മതതീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും യുഡിഎഫിനെ പിന്തുണച്ചു. ജമാഅത്തെയുടെ രാഷ്‌ട്രീയ പ്രസ്ഥാനമായ വെൽഫെയർ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചപ്പോൾ എസ്‌ഡിപിഐ സ്ഥാനാർഥിയെ നിർത്തിയിട്ടും യുഡിഎഫിന് വോട്ട് മറിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 4,751 ഉം 2021ൽ 3,281 ഉം വോട്ടുണ്ടായിരുന്ന എസ്‌ഡിപിഐക്ക് ഇത്തവണ ലഭിച്ചത് വെറും 2,075 വോട്ടാണ്. പകുതി വോട്ടുകൾ യുഡിഎഫിന് മറിച്ചു. ബിജെപി സ്ഥാനാർഥിയുടെ വോട്ടിലും ഗണ്യമായ കുറവുണ്ടായി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 17,520 വോട്ടാണ് എൻഡിഎ സ്ഥാനാർഥിക്ക് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പിൽ ഇത് 13,555 ആയിരുന്നു. ഇത്തവണ അത് 8,648 ആയി കുറഞ്ഞു. ബിജെപി വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചെന്ന് സ്ഥാനാർഥി മോഹൻ ജോർജ് വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.









0 comments