ക്രെഡിറ്റ്‌ ലീഗിനോ ?
ചർച്ച മുറുകുന്നു

Nilambur Byelection
avatar
സി കെ ദിനേശ്‌

Published on Jun 25, 2025, 02:54 AM | 1 min read


തിരുവനന്തപുരം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വിജയം കോൺഗ്രസും ചില മാധ്യമങ്ങളും മതിമറന്ന് ആഘോഷിക്കുമ്പോൾ, ജയത്തിന്റെ ക്രെഡിറ്റിലും പി വി അൻവറിനെ കൂടെക്കൂട്ടുന്നതിലും ഭിന്നത രൂക്ഷം.


വിജയശിൽപ്പികൾ തങ്ങളാണെന്ന് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ ലീഗ്‌ നേതാക്കളും യുഡിഎഫ്‌ മാധ്യമങ്ങളും അവകാശപ്പെടുമ്പോഴും അവർക്ക് മാത്രമായി ക്രെഡിറ്റ് നൽകേണ്ടതില്ലെന്ന വാദമാണ്‌ മറുവിഭാഗത്തിന്‌. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ഇവർക്കൊപ്പമാണ്‌. ആര്യാടൻ മുഹമ്മദ്‌ ലീഗിനെ വെല്ലുവിളിച്ച്‌ വിജയിച്ച മണ്ഡലമാണ്‌ നിലമ്പൂരെന്നും ഇവർ ഓർമിപ്പിക്കുന്നു.


എന്നാൽ, ആര്യാടൻ ഷൗക്കത്ത് പാണക്കാട് സന്ദർശിച്ച്‌ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും മുസ്ലിം ലീഗിന്‌ നൽകി. മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തനം സജീവമാകാൻ വൈകിയെന്ന്‌ ഡിസിസി പ്രസിഡന്റ്‌ ജോയിക്ക്‌ ഒരു കുത്തുംനൽകി.


മുന്നണിയുടെ ഐക്യത്തിന്റെ വിജയമാണിതെന്ന് വി ഡി സതീശൻ ആവർത്തിക്കുന്നുണ്ടെങ്കിലും കോൺഗ്രസിനും ലീഗിനുമല്ലാതെ മറ്റൊരു യുഡിഎഫ്‌ കക്ഷിക്കും നിലമ്പൂരിൽ ആളില്ല. വിജയത്തിന്റെ പൂർണ ശിൽപ്പി പി കെ കുഞ്ഞാലിക്കുട്ടിയാണെന്നും ചിലർ പ്രചരിപ്പിക്കുന്നു. അതിനിടയിൽ, നിലമ്പൂരിലെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത് കെസി വേണുഗോപാലാണ് എന്ന പ്രചാരണം മറ്റൊരുവിഭാഗം ശക്തമാക്കി.


യഥാർഥ നായകൻ താനാണെന്ന് അവകാശപ്പെടുന്ന പി വി അൻവറിനെ തള്ളേണ്ടതില്ലെന്ന നിലപാടാണ്‌ യുഡിഎഫ്‌ കൺവീനർ അടൂർ പ്രകാശ്‌, രമേശ്‌ ചെന്നിത്തല തുടങ്ങിയവർക്ക്‌. യുഡിഎഫിലെടുക്കേണ്ടി വരുമെന്നും ചർച്ച ചെയ്ത്‌ തീരുമാനിക്കുമെന്നമുള്ള സൂചനയാണ്‌ അടൂർ പ്രകാശ്‌ മാധ്യമങ്ങൾക്ക്‌ നൽകുന്നത്‌.


വി ഡി സതീശന് ഇക്കാര്യത്തിൽ പഴയ നിലപാടുതന്നെയാണ്‌. അൻവർ മത്സരിച്ചിട്ടും യുഡിഎഫ്‌ വിജയിച്ചെന്നതാണ്‌ സതീശനൊപ്പമുള്ളവർ ചൂണ്ടിക്കാട്ടുന്നത്‌. 27ന് തിരുവനന്തപുരത്ത് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പ്രധാന അജൻഡതന്നെ ഇക്കാര്യമാകും.




deshabhimani section

Related News

View More
0 comments
Sort by

Home