നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന് വോട്ട് മറിച്ചെന്ന് ബിജെപി സ്ഥാനാർഥി

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിലേക്ക് വോട്ടുമറിച്ചതായി ബിജെപി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജിന്റെ വെളിപ്പെടുത്തല്‍. ഞായറാഴ്ച സ്വകാര്യ ചാനലിനോടായിരുന്നു സ്ഥാനാർഥിയുടെ തുറന്നുപറച്ചില്‍. വിജയസാധ്യതയില്ലെന്ന് കണ്ടതോടെ എല്‍ഡിഎഫിനെ തോല്‍പ്പിക്കാനായി വലതുപക്ഷത്തിന് ബിജെപി വോട്ട് മറിച്ചതായി വിവരം ലഭിച്ചെന്നാണ് മോഹന്‍ ജോര്‍ജ് പറഞ്ഞത്. ഇടതുപക്ഷം വരാൻപാടില്ലെന്ന ഉദ്ദേശ്യത്തിൽ ചിലർ ഷൗക്കത്തിന് വോട്ടുചെയ്തെന്നും തുറന്നടിച്ചു. ‘20,000–- 25,000 വോട്ട് കിട്ടുമെന്നാണ് പ്രതീക്ഷ. പ്രചാരണത്തിന്റെ അവസാന റൗണ്ടിൽ ഇടതുപക്ഷവും വലതുപക്ഷവും നല്ലരീതിയില്‍ പ്രവർത്തിച്ചു. ഇരുകൂട്ടരുടെയും എംഎൽഎമാർ പ്രചാരണത്തിന് നേരിട്ടിറങ്ങി.
ഇതോടെയാണ് ഞങ്ങൾക്ക് ജയസാധ്യതയില്ലെന്നുകണ്ട് പലരും കോൺഗ്രസിന് വോട്ട് മറിച്ചത്. ബിജെപി വേണ്ടരീതിയിൽ പ്രചാരണം നടത്തിയില്ല. പലരോടും വോട്ടുചോദിക്കാൻ കഴിഞ്ഞില്ല. വോട്ടെടുപ്പിനുശേഷം പലരും പരാതിയറിയിച്ചു’–- മോഹൻ ജോർജ് പറഞ്ഞു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവായ മോഹൻ ജോർജ് ബിജെപി സ്ഥാനാർഥിയായതോടെ യുഡിഎഫ്–ബിജെപി ബാന്ധവത്തെക്കുറിച്ച് എല്‍ഡിഎഫ് നേതാക്കൾ സംശയം പ്രകടപ്പിച്ചിരുന്നു. ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചുനൽകാനുള്ള പാലമാണ് ഇദ്ദേഹമെന്ന ഇടതുപക്ഷത്തിന്റെ വാദമാണ് വോട്ടെടുപ്പിന്റെ തലേദിവസത്തെ വെളിപ്പെടുത്തലിലൂടെ ബലപ്പെട്ടത്.









0 comments