പോര് മുറുക്കി പി വി അൻവറും ആര്യാടൻ ഷൗക്കത്തും


സ്വന്തം ലേഖകൻ
Published on Apr 22, 2025, 08:49 AM | 1 min read
എടക്കര: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ പി വി അൻവറും ആര്യാടൻ ഷൗക്കത്തും തമ്മിലുള്ള പോര് മുറുകുന്നു. കെപിസിസി ജനറൽ സെക്രട്ടറിയായ ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയാവുന്നത് തടയാൻ അൻവർ പരസ്യമായി രംഗത്തുണ്ട്. ഇതൊടെ സമൂഹ മാധ്യമങ്ങളിൽ പരസ്‌പരം എറ്റുമുട്ടൽ നടത്തുകയാണ്. അൻവറിനെ പൂർണമായി തള്ളി ആര്യാടന്റെ സഹോദരൻ റിയാസ് അലി ആര്യാടൻ രൂക്ഷമായി അധിക്ഷേപിച്ച് ഫെയ്സ് ബുക്കിൽ കമന്റിട്ടു.
‘പിതാവിന്റെ മരണ സമയത്ത് നാട്ടുകാർ പടക്കം പൊട്ടിച്ചുആഘോഷിച്ചു’വെന്നാണ് കമന്റിട്ടത്. അൻവറിനെ യുഡിഎഫിൽ എടുക്കുന്നതിന് വലിയ തടസം ആര്യാടൻ ഷൗക്കത്ത് വിഭാഗമാണ്. ആര്യാടന്റെ വീടിന് മുന്നിൽ തന്നെ കഴിഞ്ഞ ദിവസം തൃണമൂൽ ഓഫീസ് പ്രവർത്തനമാരംഭിച്ചതും ഈ പോരിന്റെ ഭാഗമായാണ്. കോൺഗ്രസിനെ തകർത്ത് അണികളെ അൻവർ പക്ഷത്തേക്ക് മാറ്റുമെന്നാണ് ഷൗക്കത്ത് വിഭാഗം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന നവമാധ്യമത്തിലെ ഓരോ പോസ്റ്റിന് താഴെയും അൻവറിന്റെ പക്ഷവും ആര്യാടൻ അനുകൂലികളും രൂക്ഷമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.
അൻവർ കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നതിൽ കോൺഗ്രസ് പ്രവർത്തകർക്ക് കടുത്ത എതിർപ്പാണുള്ളത്. അൻവറിന്റെ തൃണമൂലിന്റെ യുഡിഎഫ് പ്രവേശനം ഹൈക്കമാൻഡ് തടഞ്ഞതോടെ താഴെ തട്ടിൽ ഭിന്നതയും രൂക്ഷമായി. നാൾക്കുനാൾ വാക്കുകൾ മാറ്റി പറയുന്ന അൻവറിനെ ഒരു കാരണവശാലും യുഡിഎഫിൽ വേണ്ടന്ന് ആര്യാടൻ ഷൗക്കത്ത് വിഭാഗം അണികൾ പറയുന്നത്. ഷൗക്കത്ത് സ്ഥാനാർഥിയായാൽ ഒരു തരത്തിലും അംഗീകരിക്കില്ലെന്നാണ് അൻവർ പക്ഷവും പറയുന്നത്.








0 comments