അരങ്ങില്‍ തീപടർത്തിയ 
നിലന്പൂർ ആയിഷയ്ക്ക് നവതി

Nilambur Ayisha

‘ഉള്ളതുപറഞ്ഞാല്‍’ നാടകത്തില്‍ നിലന്പൂര്‍ ആയിഷ (നടുക്ക്)

avatar
എം സനോജ്‌

Published on Sep 19, 2025, 12:30 AM | 1 min read


നിലമ്പൂര്‍

കാലത്തിന്റെ കാലുഷ്യങ്ങളെ ആത്മധൈര്യത്താല്‍ അതിജീവിച്ച നടി നിലന്പൂര്‍ ആയിഷ നവതിയുടെ നിറവില്‍. പതിനഞ്ചാം വയസ്സില്‍ തുടങ്ങിയ കലാപ്രയാണം 90–ാം വയസ്സിലും തുടരുന്നു. ‘മരിക്കുവോളം അഭിനയിക്കണം’ എന്ന്‌ പ്രഖ്യാപിച്ച്‌ ഇന്നും സജീവമാണവർ.

നിലന്പൂര്‍ മുക്കട്ട മൂത്തേടത്ത് അഹമ്മദ്കുട്ടി– എരഞ്ഞിക്കല്‍ കുഞ്ഞാച്ചുമ്മ ദന്പതികളുടെ മൂന്നാമെത്ത മകളായി 1935 സെപ്തംബര്‍ 18നാണ്‌ ജനിച്ചത്‌. ബാപ്പയുടെ അലക്കുകാരനായിരുന്ന വീരമുത്തുവിലൂടെ രാജാപാട്ട് നാടകങ്ങള്‍ സ്വായത്തമാക്കി.


ഏറനാട്ടില്‍ നാടകപ്രസ്ഥാനം വേരുറപ്പിക്കുന്ന കാലത്ത്‌ ഇ കെ അയമു, നിലന്പൂര്‍ ബാലന്‍, കെ ടി മുഹമ്മദ്, ഡോ. ഉസ്മാന്‍, കെ ജി ഉണ്ണീന്‍, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എന്നിവരോടൊപ്പം നിലന്പൂര്‍ യുവജന കലാസമിതിയിലൂടെ നാടകരംഗത്തെത്തി. ഇ കെ അയമുവിന്റെ ‘ജ്ജ് നല്ല മന്സനാകാൻ നോക്ക്’ നാടകത്തിലൂടെ അരങ്ങേറ്റം. 1961ല്‍ കണ്ടംബെച്ച കോട്ടിലൂടെ ചലച്ചിത്രരംഗത്ത് എത്തിയ ആദ്യ മുസ്ലിം നടിയായി.


കോഴിക്കോട് ഫറോക്ക്‌ ലക്ഷ്മി കൊട്ടകയിലായിരുന്നു ആദ്യനാടകത്തിന്റെ അരങ്ങേറ്റം. പിന്നീട്‌ കല്ലേറിന്റെയും വെടിവയ്പ്പിന്റെയും ആക്രമണങ്ങളുടെയും നടുവിലായിരുന്നു കലാജീവിതം. മണ്ണാര്‍ക്കാട്ട് മതമൗലികവാദികളുടെ മര്‍ദനമേറ്റു. ഫറോക്കിൽ അഭിനയത്തിനിടെ കല്ലേറില്‍ പരിക്ക്. മുട്ടത്തും നാദാപുരത്തും കല്ലേറുകള്‍ തുടര്‍ന്നു. മഞ്ചേരി മേലാക്കത്ത് വേദിയിലേക്ക് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു. യാഥാസ്ഥിതികർ ഭീഷണി തുടര്‍ന്നപ്പോഴും മലയാളക്കര ‘കേരള നൂര്‍ജഹാന്‍’ എന്ന പേര് ചാര്‍ത്തി. 1983ല്‍ എല്ലാം ഉപേക്ഷിച്ച് സൗദിയിലേക്ക് വിമാനം കയറി. അറബി വീടുകളില്‍ ഗദ്ദാമയായി 18 വര്‍ഷം.


തിരിച്ചെത്തി 2001ല്‍ ഇബ്രാഹീം വെങ്ങരയുടെ ‘ഉള്ളതുപറഞ്ഞാല്‍’ നാടകത്തിലൂടെ വീണ്ടും അരങ്ങിൽ. തൊണ്ണൂറോളം സിനിമകളില്‍ വേഷമിട്ടു. രണ്ടുതവണ മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്‌. 2011ല്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം. സാമൂഹ്യനീതി വകുപ്പിന്റെ പ്രഥമ വയോജനക്ഷേമ ലൈഫ് ടൈം അച്ചീവ്മെന്റ്‌ അവാര്‍ഡ്. കേരള സംഗീത നാടക അക്കാദമി ഉപാധ്യക്ഷ തുടങ്ങി നിരവധി അംഗീകാരങ്ങൾ തേടിയെത്തി. നിലന്പൂര്‍ വല്ലപ്പുഴയിൽ പേരമകന്‍ സുനില്‍ ബാബുവിനും കുടുംബത്തിനുമൊപ്പമാണ് താമസം.



deshabhimani section

Related News

View More
0 comments
Sort by

Home