ad
Deshabhimani

print edition നിധിൻരാജിന്റെ മരണം; ഹൈക്കോടതി നിരന്തരം ശാസിച്ചിട്ടും നിസ്സംഗത തുടർന്ന്‌ സർക്കാർ

നിതിൻ രാജിന്റെ മരണം: ആരോഗ്യ സർവകലാശാലാ അന്വേഷണം ഇന്ന്; അധ്യാപകർ ഒളിവിൽ
avatar
വിനോദ്‌ പായം

Published on Aug 19, 2026, 01:13 AM | 1 min read

കണ്ണൂർ : അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളേജ് വിദ്യാർഥി നിധിൻരാജ്‌ ജീവനൊടുക്കിയ കേസിലെ മുഖ്യ പ്രതി ഡോ. എം കെ റാമിനെ രക്ഷിക്കാൻ നിരന്തരം ഇടപെട്ട പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശം കഴിഞ്ഞ ദിവസവും ഉണ്ടായെങ്കിലും അധികൃതർക്ക്‌ അനക്കമില്ല. വീഴ്‌ചവരുത്തിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡുചെയ്യാത്തതെന്തെന്ന്‌ തുടർച്ചയായി രണ്ടുതവണ ഹൈക്കോടതിക്ക്‌ ചോദിക്കേണ്ടിവന്നു. സർക്കാർ നിഷ്‌ക്രീയതയും പക്ഷപാതിത്വവും ഹൈക്കോടതി ഇതുപോലെ ചോദ്യംചെയ്‌ത സംഭവം മുൻകാലത്തില്ല.


മുഖ്യ പ്രതിക്ക്‌ രക്ഷപ്പെടാൻ ഇടപെട്ട ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി സുധീർ കല്ലനെ സംരക്ഷിക്കാനാണ്‌ അഭ്യന്തരവകുപ്പ്‌ ഇങ്ങനെ നാണക്കേട്‌ സഹിക്കുന്നത്‌. ഡിവൈഎസ്‌പിയെ സസ്‌പെൻഡ്‌ ചെയ്യാത്തതെന്തെന്ന്‌ കഴിഞ്ഞയാഴ്‌ച ചോദിച്ചപ്പോൾ, നടപടിക്രമം തുടരുകയാണ്‌ എന്നാണ്‌ വിജിലൻസ്‌ അഭിഭാഷകൻ അറിയിച്ചത്‌. തിങ്കളാഴ്‌ച വീണ്ടും ഹർജി ഹൈക്കോടതിയിൽ എത്തിയപ്പോഴും സർക്കാർ വാദം ആവർത്തിച്ചതാണ്‌ ജസ്റ്റിസ് എ ബദറുദ്ദീനെ ചൊടിപ്പിച്ചത്‌. എഡിജിപി അജിത്കുമാറിനെ സസ്പെൻഡുചെയ്‌തപ്പോൾ ഇ‍ൗ നടപടിക്രമം ഉണ്ടായില്ലേയെന്നും കോടതി ചോദിച്ചു. സർക്കാരിന്‌ താൽപ്പര്യമില്ലാത്തവരെ നിന്നനിൽപ്പിൽ സസ്‌പെൻഡുചെയ്യുമ്പോഴാണ്‌‍, നിധിൻരാജ്‌ കേസിൽ ക്രമക്കേടുകളുടെ പരമ്പര സൃഷ്ടിച്ച ഡിവൈഎസ്‌പിയെ സർക്കാർ സംരക്ഷിക്കുന്നത്‌.



നിധിൻരാജിന്റെ മരണം നിലവിൽ നാലാമത്തെ പൊലീസ്‌ സംഘമാണ്‌ അന്വേഷിക്കുന്നത്‌. കുടുംബത്തിന്റെകൂടി താൽപ്പര്യം കണക്കിലെടുത്ത്‌ എൽഡിഎഫ്‌ സർക്കാരാണ്‌ കേസ്‌ ക്രൈംബ്രാഞ്ചിന്‌ വിടുന്നത്‌. അന്വേഷണത്തിൽ പൊലീസ്‌ വഴിവിട്ട്‌ ഇടപെട്ടുവെന്ന്‌ കാണിച്ച്‌ നിധിൻരാജിന്റെ മാതാപിതാക്കൾ നൽകിയ ഉപഹർജിയിലാണ്‌ കോടതി രൂക്ഷമായ വിമർശം തുടരുന്നത്‌. അച്ചടക്ക നടപടിയെന്തെന്ന് കോടതിയെ പഠിപ്പിക്കരുതെന്ന് കഴിഞ്ഞ തവണതന്നെ ആഭ്യന്തരവകുപ്പിന് താക്കീതും നൽകിയതാണ്‌. എന്നിട്ടും സ്വന്തക്കാരായ ഉദ്യോഗസ്ഥർക്കായി നാണംകെടുകയാണ്‌ സർക്കാർ.


കഴിഞ്ഞ ഏപ്രിൽ പത്തിനാണ്‌ നിധിൻരാജ് മെഡിക്കൽ കോളേജ് കെട്ടിടത്തിനുമുകളിൽനിന്ന്‌ വീണുമരിച്ചത്. ഒന്നാം പ്രതി ഡോ. റാം അന്നുമുതൽ ഒളിവിലായിരുന്നു. തെലങ്കാന സ്വദേശിയായ ഇയാൾക്ക്‌ അവിടെ കോൺഗ്രസ്‌ ബന്ധം ഉള്ളതിനാൽ അറസ്‌റ്റും നീണ്ടു. ഏറെ സമ്മർദങ്ങൾക്കൊടുവിൽ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റുചെയ്‌തെങ്കിലും അന്നുതന്നെ ജാമ്യംകിട്ടുന്ന അവസ്ഥയും പൊലീസ്‌ സൃഷ്ടിച്ചു.ഇതിനെതിരെയും കോടതി രൂക്ഷ വിമർശം നടത്തിയതിനാൽ, അന്വേഷണച്ചുമതലയുള്ള എസ്‌പിയെ മാത്രം മാറ്റി സർക്കാർ നിസ്സംഗത തുടരുകയാണ്‌. അന്വേഷകസംഘാംഗങ്ങളെ മാറ്റിയതായി വാർത്ത വന്നെങ്കിലും മുന്പുണ്ടായിരുന്നവർതന്നെയാണ്‌ ഇപ്പോഴും അന്വേഷിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home