ad
Deshabhimani

കടൽ കടന്ന് നെയ്യാറിലെ കരിമീനും വരാലും; ആഗോളശ്രദ്ധ നേടി ഡാമിലെ കൂട് മത്സ്യകൃഷി

Neyyar fish farming
വെബ് ഡെസ്ക്

Published on Oct 30, 2025, 02:00 PM | 2 min read

തിരുവനന്തപുരം: നെയ്യാർ റിസർവോയറിലെ കൂട് മത്സ്യകൃഷി ആഗോള ശ്രദ്ധയാകർഷിച്ച് വിജയഗാഥ തീർത്ത് മുന്നേറുന്നു. റീസർവോയറിൽ സ്ഥാപിച്ച കൂടുകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന കരിമീനും വരാലും യുകെ- യിലേക്കാണ് കടൽ കടന്നുപോയത്. അഞ്ചു ടണ്ണിലധികം മത്സ്യമാണ് ഇതിനോടകം കയറ്റി അയക്കാനും വിൽക്കാനും സാധിച്ചത്. തദ്ദേശീയ ജനതക്കായി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് ഇത്തരത്തിൽ ആഗോളതലത്തിലും ശ്രദ്ധേയമാവുന്നത്.


2024 ജൂണിലാണ് പദ്ധതി ആരംഭിച്ചത്. ഒരു വർഷത്തിനിപ്പുറം മത്സ്യകൃഷിയെ കുറിച്ച് വിദേശരാജ്യങ്ങളിൽ നിന്നടക്കം അന്വേഷണങ്ങൾ എത്തി തുടങ്ങി. ശുദ്ധജലാശയങ്ങളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കരിമീൻ കൃഷിയും കൂടുകളിൽ വരാൽ കൃഷിയും ആഗോളതലത്തിൽ തന്നെ ആദ്യമായി നടപ്പിലാക്കിയതെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. റിസർവോയറിലെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് ഒട്ടും തന്നെ കോട്ടം തട്ടാതെയാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഗോത്രവർ​ഗക്കാരായ തദ്ദേശീയ ജനതയ്ക്ക് ജീവനോപാധി ഉറപ്പുവരുത്തുക, പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ തദ്ദേശീയ ഇനം മത്സ്യങ്ങളെ മാത്രം ഉൽപാദനത്തിനായി തെരഞ്ഞെടുക്കുക തുടങ്ങിയ അടിസ്ഥാനങ്ങളിലൂന്നിയാണ് സർക്കാർ കൂട് മത്സ്യകൃഷി പദ്ധതി വിഭാവനം ചെയ്തത്. പിഎംഎംഎസ്‍വൈയിൽ ഉൾപ്പെടുത്തി 10.81 കോടി രൂപ ചെലവിലാണ് പദ്ധതി ആരംഭിച്ചത്.


നെയ്യാർ റിസർവോയറിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശീയമായി കാണപ്പെടുന്ന കരിമീൻ, വരാൽ മുതലായ മത്സ്യ ഇനങ്ങളെ മറ്റു ജലആവാസ സമൂഹത്തെ ബാധിക്കാത്ത തരത്തിൽ പ്രത്യേക കേജുകളിൽ വളർത്തുന്നതിനായി തെരഞ്ഞെടുക്കുകയായിരുന്നു. ആറ് മീറ്റർ നീളവും നാല് മീറ്റർ ഉയരവും നാല് മീറ്റർ വീതിയുമുള്ള 100 ഹൈ ഡെൻസിറ്റി പോളി എത്തിലീൻ (എച്ഡിപിഇ) ഫ്ളോട്ടിംഗ് കേജുകളാണ് നെയ്യാറിൽ സ്ഥാപിച്ചത്. ഇതിൽ സോളാർ വിളക്കുകളും 16 സിസിടിവി ക്യാമറകളും സംഭരണമുറി, വിശ്രമമുറി, സ്റ്റോർമുറികൾ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ബോട്ടും, വള്ളങ്ങളും, മത്സ്യബന്ധന വലകളും ഗുണഭോക്താക്കൾക്ക് നൽകിയിട്ടുമുണ്ട്. വിളവെടുത്ത മത്സ്യങ്ങളുടെ വിപണനത്തിനായി ഓരോ കാരിയർ വാഹനവും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ബുധനാഴ്ചയും ഞായറാഴ്ചയും പൊതുജനങ്ങൾക്ക് ഇവിടെ മത്സ്യവിൽപന നടത്തിവരുന്നു. ഒരു കിലോ കരിമീനിന് 450 രൂപയും ഒരു കിലോ വരാലിന് 350 രൂപയുമാണ് വില.


മത്സ്യബന്ധന വകുപ്പിന് കീഴിലുളള ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള (എഡിഎകെ) മുഖേന നടപ്പിലാക്കിയ പദ്ധതിയിലൂടെ പുരവിമല സെറ്റിൽമെന്റിലെ 14 പേർക്ക് തൊഴിൽ ലഭിച്ചു. നെയ്യാറിൽ പദ്ധതി വിജയിപ്പിച്ചതിന് ശേഷം പിന്നീട് ഇടുക്കി, പീച്ചി റിസർവോയറുകളിൽ പദ്ധതി നടപ്പിലാക്കി.


ആരംഭത്തിൽ വളരെയധികം സാങ്കേതിക പ്രതിസന്ധികൾ ഉണ്ടായെങ്കിലും അവയെല്ലാം ശാസ്ത്രീയമായ മത്സ്യകൃഷിയിൽ യാതൊരു മുൻപരിചയവുമില്ലാത്ത ഗോത്ര വിഭാഗത്തിൽപ്പെട്ടവരെ കൊണ്ടുതന്നെ വിജയകരമായി തരണം ചെയ്യാൻ സാധിച്ചു എന്നത് പദ്ധതിയുടെ വലിയ വിജയമാണെന്ന് പദ്ധതി പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കുന്ന സി കെ ഹരീന്ദ്രൻ എംഎൽഎ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home