ad
Deshabhimani

ഏഷ്യൻ ഗെയിംസ്: ടെക്ബോളിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ; സെമിയിൽ ക്വിൻസി ഡിസൂസ

DISUSA.j

ക്വിൻസി ഡിസൂസ, മുഹമ്മദ് അനസ് ഇമ്രാൻ ബേഗ്

വെബ് ഡെസ്ക്

Published on Sep 18, 2026, 09:43 PM | 1 min read

നഗോയ: ഏഷ്യൻ ഗെയിംസിൽ ടെക്ബോളിൽ ഇന്ത്യ മെഡൽ നേട്ടത്തിനരികെ. വനിതാ സിംഗിൾസ്, മിക്സഡ് ഡബിൾസ് ഇനങ്ങളിൽ മികച്ച പ്രകടനവുമായി ക്വിൻസി ഡിസൂസ മെഡൽ പ്രതീക്ഷ സജീവമാക്കി. 24 കാരിയായ ക്വിൻസി ഗ്രൂപ്പ് എ-യിൽ ഒന്നാമതെത്തിയാണ് വനിതാ സിംഗിൾസ് സെമിഫൈനലിൽ പ്രവേശിച്ചത്.


ചരിത്ര നേട്ടത്തിനരികിൽ ക്വിൻസി


വനിതാ സിംഗിൾസിൽ ഒരു വിജയം കൂടി നേടിയാൽ ഇന്ത്യക്കായി ടെക്ബോളിൽ ചരിത്രത്തിലാദ്യമായി മെഡൽ ഉറപ്പിക്കാം. ശനിയാഴ്ച നടക്കുന്ന സെമിഫൈനലിൽ ഇൻഡോനേഷ്യയുടെ സുമയയാണ് ക്വിൻസിയുടെ എതിരാളി.


ഈ മത്സരത്തിൽ വിജയിച്ചാൽ കുറഞ്ഞത് വെള്ളി മെഡൽ ഉറപ്പാകും. പരാജയപ്പെട്ടാൽ ഞായറാഴ്ച വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ മത്സരിക്കാൻ താരത്തിന് അവസരമുണ്ടാകും.


നഗോയ സിറ്റി ഹിഗാഷി സ്പോർട്സ് സെന്ററിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ, ജപ്പാന്റെ ടോപ് സീഡ് താരം യുയിന സകമോട്ടോയെ 2-1 (10-12, 12-11, 13-11) എന്ന സ്കോറിന് അട്ടിമറിച്ചാണ് ക്വിൻസി തന്റെ കരുത്ത് തെളിയിച്ചത്. തുടർന്ന് കംബോഡിയയുടെ കോംയെയൻ ഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് (12-9, 12-7) പരാജയപ്പെടുത്തി താരം ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു.


മിക്സഡ് ഡബിൾസ് പോരാട്ടം


മിക്സഡ് ഡബിൾസിൽ ക്വിൻസിയും മുഹമ്മദ് അനസ് ഇമ്രാൻ ബെഗും അടങ്ങിയ സഖ്യം റെപ്പഷേജ് വിജയത്തിലൂടെ മെഡൽ പ്രതീക്ഷ നിലനിർത്തിയിട്ടുണ്ട്. ക്വാർട്ടർ ഫൈനലിൽ വിയറ്റ്നാം ജോഡിയോട് പരാജയപ്പെട്ടെങ്കിലും (7-12, 10-12), റെപ്പഷേജ് റൗണ്ടിൽ ഫിലിപ്പീൻസിന്റെ ജോഡിയെ 2-0 (12-3, 12-6) എന്ന സ്കോറിന് തോൽപ്പിച്ച് ഇവർ മുന്നേറി. ഞായറാഴ്ചയാണ് മിക്സഡ് ഡബിൾസ് മെഡൽ മത്സരങ്ങൾ നടക്കുന്നത്.


പുതിയ കായിക ഇനം


അയ്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ അരങ്ങേറ്റം കുറിക്കുന്ന ആറ് പുതിയ ഇനങ്ങളിൽ ഒന്നാണ് ടെക്ബോൾ. ഫുട്ബോളും ടേബിൾ ടെന്നീസും സംയോജിപ്പിച്ച് 2014-ൽ ഹംഗറിയിലാണ് ഈ കായിക ഇനം കണ്ടുപിടിച്ചത്. കൈകൾ ഒഴികെയുള്ള ശരീരഭാഗങ്ങൾ ഉപയോഗിച്ച് വളഞ്ഞ മേശപ്പുറത്ത് ഫുട്ബോൾ തട്ടിച്ചു കളിക്കുന്നതാണ് ഇതിന്റെ രീതി. മത്സരത്തിന്റെ എല്ലാ ഇനങ്ങളിലും സജീവ സാന്നിധ്യമായി മാറിയ ക്വിംസിയിലൂടെ ഇന്ത്യക്ക് ഗെയിംസിലെ ആദ്യ മെഡൽ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home