വളർച്ചയിൽ കുതിച്ച് കേരള ബാങ്ക്; ബാങ്കിംഗ് ബിസിനസിൽ നാലാം സ്ഥാനത്ത്

തിരുവനന്തപുരം : ബാങ്കിംഗ് മേഖലയിൽ മികച്ച നേട്ടവുമായി കേരള ബാങ്ക് നാലാം സ്ഥാനത്തേക്ക് ഉയർന്നു. സംസ്ഥാനത്തെ ബാങ്കുകളുടെ മൊത്തം ബിസിനസ് കണക്കിലാണ് കേരള ബാങ്ക് ഈ നേട്ടം കൈവരിച്ചത്. ഉപഭോക്താക്കൾക്കായി ഇന്റർനെറ്റ് ബാങ്കിംഗ്, ക്യുആർ കോഡ് എന്നീ നൂതന ഡിജിറ്റൽ സേവനങ്ങളും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബാങ്ക്.
2026 ജൂൺ മാസത്തിലെ എസ്എൽബിസി കണക്കുകൾ പ്രകാരം അഞ്ചാം സ്ഥാനത്തായിരുന്ന കേരള ബാങ്ക് നാലാം സ്ഥാനത്തേക്ക് ഉയർന്നത്. 2026 മാർച്ച് 31ലെ കണക്കുകൾ പ്രകാരം ബാങ്കിന്റെ മൊത്തം ബിസിനസ് 1,28,697 കോടി രൂപയായി വർധിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 7,700 കോടി രൂപയാണ് ബാങ്ക് നേടിയത്. രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചയാണിത്. ഇതോടെ സംസ്ഥാനത്തെ മൊത്തം ബാങ്കിംഗ് വ്യാപാരത്തിന്റെ 7 ശതമാനം വിപണി വിഹിതം കേരള ബാങ്കിന് സ്വന്തമായി.
സഹകരണ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഇന്റർനെറ്റ് ബാങ്കിംഗ്, ക്യുആർ കോഡ് സേവനങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 22ന് സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു നിർവഹിക്കും. അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്റർ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം ബാങ്കിന്റെ വാർഷിക പൊതുയോഗവും നടക്കും.
ഐ എം പി എസ് (IMPS), നെഫ്റ്റ് (NEFT), ആർ ടി ജി എസ് (RTGS) മുഖേനയുള്ള ഫണ്ട് ട്രാൻസ്ഫർ, ഒന്നിലേറെ അക്കൗണ്ടുകളിലേക്ക് പണമയക്കാവുന്ന ബൾക്ക് ഫണ്ട് ട്രാൻസ്ഫർ, വിവിധ ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യങ്ങൾ, പുതിയ സ്ഥിരനിക്ഷേപങ്ങൾ ആരംഭിക്കൽ എന്നിവ ഇതിലൂടെ സാധ്യമാകും.
സ്ഥാപനങ്ങൾക്ക് മേക്കർ, ചെക്കർ, ഓതറൈസർ സംവിധാനങ്ങളിലൂടെ സുരക്ഷിതമായി പണമിടപാടുകൾ നടത്താൻ പാസ്‌വേഡും ഒ ടി പിയും ഉൾപ്പെടെയുള്ള ത്രിതല സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ്, ബംഗാളി, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ഇന്റർനെറ്റ് ബാങ്കിംഗ് ലഭ്യമാകും. വ്യാപാരികൾക്കും സ്ഥാപനങ്ങൾക്കും ക്യാഷ്‌ലെസ് ഇടപാടുകൾ എളുപ്പമാക്കുന്നതിനാണ് പുതിയ ക്യുആർ കോഡ് സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.









0 comments