ad
Deshabhimani

കുഴഞ്ഞുമറിഞ്ഞ് കോൺഗ്രസ്, ചേരിതിരിഞ്ഞ് പുകഴ്ത്തലും ഇകഴ്ത്തലും; ഇനിയെന്തൊക്കെ കാണാനിരിക്കുന്നു..!

Congress.jpg
avatar
പാർവതി ഗിരികുമാർ

Published on May 16, 2026, 12:49 PM | 2 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ് യുഡിഎഫ് അധികാരത്തിൽ വരുന്നു എന്ന് മനസിലായ അന്ന് മുതൽ കേരളത്തിലാകെ സസ്പെൻസ് ത്രില്ലറുകളാണ്. കേരള രാഷ്ട്രീയം പത്ത് വർഷങ്ങൾക്ക് മുൻപ് നടന്നുവന്നിരുന്ന വടം വലികളുടെ അപ്ഡേറ്റഡ് വേർഷൻ ആണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പേരിലാരംഭിച്ച തർക്കങ്ങൾ, പോസ്റ്റർ യുദ്ധത്തിലേക്കും, കയ്യാങ്കളിയിലേക്കും വരെ എത്തി.


മുന്നണിയിലെ മുഖ്യകക്ഷി മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി തന്നെ തല്ലുകൂടുമ്പോൾ സഖ്യകക്ഷികളുടെ കാര്യം പറയണോ. മന്ത്രിസ്ഥാനങ്ങളും സ്പീക്കർ സ്ഥാനവും എന്നുവേണ്ട, ഗൺമാൻ സ്ഥാനത്തിന് വേണ്ടി പോലും തമ്മിൽത്തല്ലാണെന്നാണ് കേട്ട്കേൾവി. ഫലമറിഞ്ഞ് 5 മിനുട്ടിനുള്ളിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പിന് ശേഷം ഓരോ മൂന്ന് ദിവസം കൂടുമ്പോഴും രഹസ്യയോഗം നടത്തിയ പാർട്ടിക്ക് പക്ഷെ ജനങ്ങൾക്ക് എന്താണ് ആവശ്യം എന്ന് മാത്രം മനസിലായില്ല.


വോട്ട് ചെയ്ത ജനങ്ങളെക്കൊണ്ട് വേണ്ടായിരുന്നു എന്ന് തോന്നിക്കാൻ കോൺഗ്രസിന് ഒരാഴ്ച പോലും വേണ്ടിവന്നില്ല എന്നതാണ് യാഥാർഥ്യം. പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് തെരുവിലിറങ്ങുകയും സെക്രട്ടറിയേറ്റ് മാർച്ച് നടത്തുകയും 'പുതുപ്പള്ളി പുണ്യാളന്റെ' വരെ ഫ്ലക്സ് വലിച്ച് കീറുകയും ചെയ്തതോടെ ഹൈക്കമാൻഡ് വിയർത്ത് തുടങ്ങി. 'നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ മൂന്നാളും കൂടെ ഇങ്ങനെ കടിച്ചുതൂങ്ങല്ലേ' എന്ന് കെസി - വിഡി - ആർസി എന്നിവരോട് കേണപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല.


കെസിയെ മുഖ്യമന്ത്രിയാക്കാൻ എംഎൽഎമാരും യൂത്ത് കോൺഗ്രസും ഹൈക്കമാന്റും കിണഞ്ഞുപരിശ്രമിച്ചിട്ടും വിഡിയുടെ സോഷ്യൽ മീഡിയ പ്രോപഗണ്ടയുടെ തട്ട് താണ് തന്നെ ഇരുന്നു. ആദ്യം പ്രവർത്തകരെ നിരത്തിലിറക്കി മുദ്യാവാക്യം വിളിക്കുന്നു, ശേഷം 'പ്രിയമുള്ളവരേ പാർട്ടി പ്രഖ്യാപിക്കട്ടെ, നിങ്ങളൊക്കെ വീട്ടിൽ പോകൂ' എന്നൊരു ഫേസ്ബുക്ക് പോസ്റ്റും, തുടർന്ന് വിഡി വരട്ടെ എന്ന് പറഞ്ഞ് കെസി മുതൽ രാഹുൽ ഗാന്ധി വരെയുള്ള എഐസിസി നേതാക്കളുടെ പോസ്റ്റുകളുടെ താഴെ കമന്റ് പെരുമഴയും.


വിഡിയുടെ കർണാടക യാത്രയും അദാനി ബന്ധവുമൊക്കെ ഈ കമന്റുകളിൽ അലിഞ്ഞില്ലാതാകുമെന്ന ശെരിയായ കോൺഗ്രസ് ബുദ്ധി ആർസിക്കും കെസിക്കും ഉദിച്ചില്ല എന്നതാണ് സത്യം. അതുവരെ ഹൈക്കമാൻഡിനെ ഉപയോഗിച്ച് കരുക്കൾ നീക്കിയ കെസിക്കും പക്ഷത്തിനും വിഡിയുടെ തന്ത്രങ്ങൾക്ക് വഴങ്ങേണ്ടി വന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം കൂടെ വേണമെങ്കിൽ നൽകാം എന്നായിരുന്നു വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളുടെ മുന്നിലുള്ള കെസിയുടെ ആദ്യപ്രതികരണം. കൃത്യമായ വികാരപ്രകടനം!


ആർസിയാകട്ടെ ഒരു പടി കൂടെ കടന്ന് താനിനി മന്ത്രിസഭയുടെ ഭാഗമാകാനില്ല എന്ന് തന്നെ പറഞ്ഞു. വിഡി ചേരിപ്പോര് നടത്തിയുണ്ടാക്കിയ മുഖ്യമന്ത്രിസ്ഥാനമായതിനാൽ അതുകൊണ്ടുണ്ടാകുന്ന സകല ചെലവുകളും വിഡി തന്നെ വഹിക്കണമെന്നായി ഹൈക്കമാൻഡ്. അനുനയനീക്കത്തിനും വിഡി തന്നെ. എന്നാൽ വർഷങ്ങളായി ഉള്ളിൽ കാത്തുവച്ച മോഹത്തിന്റെ തകർച്ച കണ്ടു അത്ര എളുപ്പത്തിൽ അനുനയപ്പെടാൻ ആർസിയും തയാറായില്ല.


വെറും അഞ്ച് സീറ്റായിട്ട് പോലും തമിഴ്‌നാട്ടിൽ വിജയ്‌യുടെ സത്യപ്രതിജ്ഞയിൽ പങ്കുചേരുകയും അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയും ചെയ്ത രാഹുൽ ഗാന്ധി, അദ്ദേഹം 5 വർഷം എംപിയായിരുന്ന കേരളത്തിലെ മുഖ്യമന്ത്രിക്ക് ഈ നിമിഷം വരെ ഒരു ആശംസ പോലും നൽകിയിട്ടില്ല. വ്യക്തമായ അതൃപ്തിയാണ് ഹൈക്കമാന്റും കേരളത്തിലെ കോൺഗ്രസും പുറത്തുകാട്ടുന്നത്.


മുഖ്യമന്ത്രിയാകാൻ ഉടുപ്പ് തയ്ച്ചു വച്ചിരുന്ന മൂന്നുപേർക്കിടയിൽ ഒരാൾ മാത്രം തന്ത്രങ്ങൾ മെനഞ്ഞു, എവിടെ എങ്ങനെ തൊടണം എന്ന് തിരഞ്ഞു, സാമൂഹ്യമാധ്യമങ്ങളിൽ തന്റെ പേര് മാത്രം മുഴങ്ങിക്കേൾപ്പിച്ചു. കെസി തത്കാലം എഐസിസി ജനറൽ സെക്രട്ടറി സ്ഥാനമുള്ളതുകൊണ്ട് അടങ്ങിയെങ്കിലും ആർസിയുടെ മനസ്സിൽ എന്താണെന്ന് വരും ദിവസങ്ങളിൽ കണ്ടു തന്നെ അറിയണം. കേരളത്തിൽ വികസനകാലഘട്ടം കഴിഞ്ഞു, ഇനി രാഷ്ട്രീയ വിനോദകാലഘട്ടം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home