ad
Deshabhimani

'ഓപ്പറേഷൻ നുംഖോർ': നിസാൻ പട്രോൾ പിടിച്ചെടുത്ത സംഭവത്തിൽ നടൻ ദുൽഖർ സൽമാനോട് കസ്റ്റംസ് വിശദീകരണം തേടും

Dulquer.jpg
വെബ് ഡെസ്ക്

Published on May 16, 2026, 11:36 AM | 1 min read

എറണാകുളം: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് ആഡംബര വാഹനങ്ങൾ കടത്തിയെന്ന 'ഓപ്പറേഷൻ നുംഖോർ' കേസിൽ നടൻ ദുൽഖർ സൽമാനോട് കസ്റ്റംസ് വിശദീകരണം തേടും. ദുൽഖറിന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത നിസാൻ പട്രോൾ വാഹനവുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും കസ്റ്റംസ് താരത്തിന് നോട്ടീസ് അയക്കുക.


ഭൂട്ടാനിൽ നിന്ന് വൻതോതിൽ നികുതി വെട്ടിച്ചാണ് ഈ വാഹനം ഇന്ത്യയിലെത്തിച്ചതെന്നും ഇത് ദുൽഖർ നിയമവിരുദ്ധമായി കൈവശം വെക്കുകയായിരുന്നുവെന്നുമാണ് കസ്റ്റംസ് കണ്ടെത്തൽ. കഴിഞ്ഞ ദിവസമാണ് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള നിസാൻ പട്രോൾ വാഹനം എറണാകുളം കളമശ്ശേരിയിലെ പ്രമുഖ കാർ ഷോറൂമിൽ നിന്ന് കസ്റ്റംസ് സംഘം പിടിച്ചെടുത്തത്.


ദുൽഖർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ലക്കി ഭാസ്കർ' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഈ വാഹനം ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭൂട്ടാൻ വഴി നടന്ന ഈ നികുതിവെട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരനായ ബിശ്വദീപ് ദാസ്, കോഴിക്കോട്ടെ 'റോഡ് വേ കാർസ്' എന്ന ആഡംബര കാർ വിൽപ്പന സ്ഥാപനത്തിന് വിറ്റ 7 വാഹനങ്ങൾ കസ്റ്റംസ് നേരത്തെ പിടിച്ചെടുത്തിരുന്നു.


ഈ സ്ഥാപനത്തിന്റെ ഉടമ സെയിൻ മാർവയെ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഈ കേസിന്റെ തുടക്കത്തിൽ ദുൽഖർ സൽമാൻ, നടൻ അമിത് ചക്കാലക്കൽ എന്നിവരുടെ ആഡംബര വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.


ദുൽഖറിന്റെ ലാൻഡ് റോവർ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസാൻ പട്രോൾ എന്നീ മൂന്ന് വാഹനങ്ങളാണ് അന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ ഡിഫൻഡർ വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ദുൽഖർ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് പുതിയ നിസാൻ പട്രോൾ വാഹനം കൂടി കളമശ്ശേരിയിൽ നിന്ന് പിടികൂടിയത്.


ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര കാറുകൾ ഇന്ത്യയിലെത്തിച്ച് സിനിമാ താരങ്ങൾക്കും പ്രമുഖ വ്യവസായികൾക്കും മറിച്ചുവിൽക്കുന്ന വലിയൊരു മാഫിയ തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് രാജ്യവ്യാപകമായി 'ഓപ്പറേഷൻ നുംഖോർ' എന്ന പേരിൽ പരിശോധന ശക്തമാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home