print edition വാർത്തകൾക്ക് വിലക്ക്; കേരളത്തിലും മോദി മോഡൽ സെൻസർഷിപ്


സ്വന്തം ലേഖകൻ
Published on Aug 12, 2026, 01:00 AM | 1 min read
തിരുവനന്തപുരം : രാജ്യത്ത് ഏറ്റവും മാധ്യമസ്വാതന്ത്ര്യമുള്ള കേരളത്തിലും മാധ്യമങ്ങൾക്ക് മോദി മോഡൽ സെൻസർഷിപ്പ് ഏർപ്പെടുത്തി യുഡിഎഫ് സർക്കാർ. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായി സമൂഹമാധ്യമങ്ങളിൽ മാധ്യമങ്ങളുൾപ്പെടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളും കാർഡുകളും റീലുകളും ആണ് ചൊവ്വാഴ്ച മുതൽ വ്യാപകമായി നീക്കുന്നത്. മാധ്യമ വിലക്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ആർഎസ്എസ് പിന്തുണയുള്ള വി ഡി സതീശൻ സർക്കാരിന്റെ നടപടികളെ തുറന്നുകാട്ടുന്ന വാർത്താകാർഡുകൾ, മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ വാർത്തകൾ, കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയുള്ള വിമർശങ്ങൾ തുടങ്ങിയവയും നീക്കം ചെയ്തവയിലുൾപ്പെടുന്നു. ‘ക്ഷേമപെൻഷൻ വീടുകളിലെത്തിക്കുന്നത് തുടരണം’ എന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആവശ്യപ്പെടുന്നത് സംബന്ധിച്ച വാർത്താകാർഡും വിഴിഞ്ഞത്ത് കടലിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ജോൺ മത്യാസിന്റെ മകൾ ജിജി പ്രതികരിക്കുന്ന വീഡിയോകളും നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ ഡൽഹി ജന്തർമന്തറിൽ സമരംചെയ്ത വിദ്യാർഥികളെ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത ടി ജി മോഹൻദാസിന്റെ വിഷം തുപ്പുന്ന പ്രസംഗങ്ങൾ ഇപ്പോഴും നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ ഇടപെട്ടില്ല.
ജന്തർമന്തർ സമരവുമായി ബന്ധപ്പെട്ട് മോദിക്കെതിരായ പരമാർശങ്ങളടങ്ങിയ മുഴുവൻ പോസ്‌റ്റുകളും കാർഡുകളും നീക്കാൻ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ മെറ്റ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ദേശാഭിമാനി, കൈരളി ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ മോദി സർക്കാരിനെ വിമർശിച്ച് നൽകിയ വാർത്തകളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ വ്യാപകമായി നീക്കി. കൈരളി ന്യൂസ് നൽകിയ, ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിനെ തൊടാൻ സർക്കാരിന് പേടിയോ എന്ന ക്യാപ്ഷനിലുള്ള വാർത്താ കാർഡും നീക്കി.
മോദി സർക്കാരും സതീശൻ സർക്കാരും ഒരുപോലെ മാധ്യമസ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറ്റം നടത്തുന്നതിന്റെ കൃത്യമായ സൂചനകളാണ് പുറത്തുവരുന്നത്. സർക്കാരിനും തങ്ങൾക്കുമെതിരായ വാർത്തകൾ ജനങ്ങളിലെത്താതിരിക്കാൻ അധികാരമുപയോഗിച്ച് സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്.
ഐടി ആക്ട് പ്രകാരമാണ് നടപടികൾ. നിയമവിരുദ്ധമായതോ പൊതുസമാധാനത്തിന് ഭംഗം വരുത്തുന്നതോ ആയ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സംസ്ഥാന സർക്കാരുകൾക്കോ പൊലീസിനോ നിർദ്ദേശിക്കാനാകും. ഈ അധികാരമാണ് ദുർവിനിയോഗം ചെയ്യുന്നത്.










0 comments