print edition പാങ്ങിൽ ഒരാഴ്ചയ്ക്കകം പുതിയ അധ്യാപകർ


സ്വന്തം ലേഖകൻ
Published on Apr 23, 2026, 12:01 AM | 1 min read
മലപ്പുറം : വാൽപ്പാറ വാഹനാപകടത്തിൽ അധ്യാപകർ മരിച്ച സാഹചര്യത്തിൽ പാങ്ങ് ജിഎൽപി സ്കൂളിൽ പുതിയ അധ്യാപകരെ നിയമിക്കാൻ നടപടി തുടങ്ങി. നാലുപേരെയാണ് പുതുതായി നിയമിക്കുന്നത്. മൂന്ന് എൽപിഎസ്ടി, ഒരു അറബിക് ടീച്ചർ തസ്തികകളിലാണ് ആദ്യഘട്ട നിയമനം. ഇവിടേക്ക് മാറാൻ മറ്റ് സ്കൂളുകളിലെ നാല് അധ്യാപകർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് താൽപ്പര്യപത്രം സമർപ്പിച്ചു. ഒരാഴ്ചക്കുള്ളിൽ നിയമന നടപടി പൂർത്തിയാകും.
തമിഴ്‌നാട് വാൽപ്പാറ ഹെയർപിന്നിൽ 17നുണ്ടായ അപകടത്തിൽ സ്കൂളിലെ അഞ്ച് അധ്യാപകരാണ് മരിച്ചത്. പ്രധാനാധ്യാപിക പി അജിത, അധ്യാപകരായ ആശ, റംല, സുഹ്റ, മജീദ് എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ആകെ ആറ് അധ്യാപക തസ്തികയാണ് സ്കൂളിലുള്ളത്. വിനോദയാത്ര പോകാതിരുന്ന ഒരു അധ്യാപികമാത്രമാണ് ബാക്കിയുള്ളത്. മരിച്ച പാചകത്തൊഴിലാളി സാജിതയ്ക്കും സ്കൂൾബസ് ഡ്രൈവർ നൗഷാദലിക്കും പകരം ജീവനക്കാരെയും നിയമിക്കും.
അപകടശേഷം വിദ്യാർഥികളും രക്ഷിതാക്കളും മാനസികപ്രയാസത്തിലായിരുന്നു. ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് സ്കൂൾ തുറക്കുന്നതിനുമുമ്പ് പുതിയ അധ്യാപകരെ നിയമിക്കുന്നത്. അപരിചിതത്വം ഒഴിവാക്കുന്നതിന് അവധിക്കാലത്ത് അധ്യാപകർ വിദ്യാർഥികളും രക്ഷിതാക്കളുമായി അശയവിനിമയം നടത്തും.










0 comments