print edition ബിജെപിയിൽ പുതിയ കലഹം; കോർ കമ്മിറ്റി വിളിക്കുന്നില്ല; പരസ്യ പ്രതിഷേധവുമായി നേതാക്കൾ

സ്വന്തം ലേഖകൻ
Published on Jul 31, 2026, 01:04 AM | 1 min read
തിരുവനന്തപുരം: എല്ലാം പറഞ്ഞ് സെറ്റിലാക്കാൻ ചേർന്ന യോഗത്തെച്ചൊല്ലിയും ബിജെപിയിൽ പുതിയ കലഹം. കോർ കമ്മിറ്റി വിളിച്ചുചേർക്കണമെന്ന മുതിർന്ന നേതാക്കളുടെ ആവശ്യം നിരന്തരം അവഗണിക്കുന്ന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെയാണ് പ്രതിഷേധം. സംസ്ഥാന ഭാരവാഹികളെമാത്രം പങ്കെടുപ്പിച്ചുള്ള യോഗത്തിൽ കാര്യങ്ങൾ അവതരിപ്പിച്ച് പരസ്‌പര ധാരണയിൽ പോകണമെന്ന് പറഞ്ഞ് പിരിയുകയായിരുന്നു എന്നാണ് ആക്ഷേപം. കോർ കമ്മിറ്റി അംഗങ്ങളായ മുൻ പ്രസിഡന്റുമാരുൾപ്പെടെയുള്ളവർ തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും യോഗത്തിലേക്ക് ക്ഷണിച്ചില്ല.
ജനറൽ സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ എന്നിവരുടെ യോഗമാണ് ചേർന്നത് എന്നാണ് പ്രസിഡന്റിന്റെ അടുപ്പക്കാർ അവകാശപ്പെട്ടത്. എന്നാൽ, മുതിർന്ന ജനറൽ സെക്രട്ടറി എം ടി രമേഷ് വിട്ടുനിന്നു. കോർ കമ്മിറ്റി വിളിച്ചുചേർക്കാത്ത പ്രസിഡന്റിന്റെ ഏകപക്ഷീയമായ നിലപാടുകളോട് വിയോജിച്ചാണ് രമേശ് പങ്കെടുക്കാത്തതെന്നാണ് വിവരം. തലസ്ഥാനത്തുണ്ടായിരുന്ന കെ സുരേന്ദ്രനും തന്നെയൊന്നും അറിയിക്കുന്നില്ലെന്ന പരിഭവം അടുപ്പക്കാരോട് പങ്കുവച്ചു. വി മുരളീധരൻ, കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ ഉൾപ്പെടെ കോർ കമ്മിറ്റിയംഗങ്ങളും തലസ്ഥാന നഗരത്തിലുണ്ടായിരുന്നു. ബുധനാഴ്‌ച കഴക്കൂട്ടത്ത് വി മുരളീധരന്റെ എംഎൽഎ ഓഫീസ് ഉദ്‌ഘാടനത്തിൽ രാജീവ് ചന്ദ്രശേഖറും സുരേന്ദ്രനും ഉൾപ്പെടെ പങ്കെടുത്തിരുന്നു. എന്നിട്ടും നേതൃയോഗത്തിന്റെ കാര്യം അറിയിച്ചില്ലെന്നാണ് മറ്റു നേതാക്കൾ പറയുന്നത്.
ബിജെപിയിലെ ഫണ്ട് വെട്ടിപ്പ് കുംഭകോണമുൾപ്പെടെയുള്ള ആരോപണങ്ങൾ സംബന്ധിച്ച പരാതി രാജീവ് ചന്ദ്രശേഖർ നേതൃയോഗത്തിൽ സമ്മതിച്ചിരുന്നെന്ന വാർത്ത പുറത്തുവന്നിരുന്നു. തുടർനടപടികളൊന്നും വേണ്ടതില്ലെന്ന പ്രസിഡന്റിന്റെ നിലപാടും ചോദ്യം ചെയ്യപ്പെടുകയാണ്.










0 comments