print edition 124 സൂപ്പർഫാസ്‌റ്റ് പ്രീമിയം ബസ് നിരത്തിലേക്ക് ; 45 ഫാസ്‌റ്റ് പാസഞ്ചർ ബസും ഉടൻ എത്തും

സുനീഷ് ജോ
Published on Dec 24, 2025, 01:49 AM | 1 min read
തിരുവനന്തപുരം
കൂടുതൽ നോൺ എസി സൂപ്പർഫാസ്‌റ്റ് പ്രീമിയം ബസുകൾ നിരത്തിലിറക്കാൻ കെഎസ്‌ആർടിസി. 124 ബസുകൾ ഒരു മാസത്തിനകം പുതുതായി സർവീസ് നടത്തും. ടാറ്റയിൽനിന്ന് 32 ബസുകൾ തിരുവനന്തപുരത്ത് എത്തി. ഇതിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ 20 എണ്ണം ശബരിമല സർവീസിനായി ഉടൻ ഉപയോഗിക്കും. മകരവിളക്കിനുശേഷം മറ്റ് ദീർഘദൂര റൂട്ടിലേക്ക് മാറ്റും. ഇൗ സർവീസുകൾക്ക് സൂപ്പർഫാസ്‌റ്റിനേക്കാൾ സ്‌റ്റോപ്പുകൾ കുറവായിരിക്കും. ചാർജിൽ 10 രൂപയുടെ വ്യത്യാസവുമുണ്ടാകും.
ഇതിനുപുറമെ 45 ഫാസ്‌റ്റ് പാസഞ്ചർ ബസുകളും ഉടൻ എത്തും. ഇതിനായി തനത് ഫണ്ടിൽനിന്നാണ് തുക വകയിരുത്തിയത്. രണ്ടുമാസംമുന്പ് 60 സൂപ്പർഫാസ്‌റ്റ് പ്രീമിയം ബസുകളും 20 ഫാസ്‌റ്റ് പാസഞ്ചർ ബസുകളും നിരത്തിലിറക്കിയിരുന്നു.
പുതിയ ബസുകൾ എത്തുന്നതോടെ ശരാശരി പ്രതിദിന ടിക്കറ്റ് കലക്‌ഷൻ 9.30 കോടിക്ക് മുകളിലെത്തും. 16ന് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.77 കോടി രൂപ നേടിയിരുന്നു. ടിക്കറ്റിതര വരുമാനമായ 76 ലക്ഷം ഉൾപ്പെടെ 11.53 കോടി രൂപയാണ് അന്നത്തെ ആകെ വരുമാനം. ഒന്പതിന് ടിക്കറ്റ് വരുമാനം 9.84 കോടിയും ടിക്കറ്റിതര വരുമാനം 79.6 ലക്ഷവുമായിരുന്നു. സ്ഥിരമായി വരുമാനം ഉയർത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസുകൾ.
മൂന്നാറിലേക്ക് രണ്ടാം ഡബിൾ ഡക്കർ
മൂന്നാറിലേക്ക് രണ്ടാമത്തെ റോയൽ വ്യൂ ഡബിൾ ഡക്കർ ബസും റെഡിയായി. പാപ്പനംകോട് വർക്ക്‌ഷോപ്പിൽ നിർമാണം പൂർത്തിയായ ബസ് ഇൗമാസം അവസാനം ഉദ്‌ഘാടനം ചെയ്‌തേക്കും. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒരുവർഷത്തിനുള്ളിൽ രണ്ടാമത്തെ ഡബിൾ ഡക്കർ മൂന്നാറിലെത്തിക്കുന്നത്. ഫെബ്രുവരിയിൽ ആരംഭിച്ച ആദ്യ സർവീസ് ഒന്പത് മാസത്തിനകം 1,00,07,400 രൂപ വരുമാനം നേടിയിരുന്നു. താഴത്തെ നിലയിൽ 11, മുകളിൽ 39 എന്നിങ്ങനെയാണ് സീറ്റുകൾ.









0 comments