ad
Deshabhimani

print edition ലേബർകോഡുകൾക്കായുള്ള പുതിയ ചട്ടങ്ങൾ ; തൊഴിൽചൂഷണം 
തീവ്രമാക്കും

പെരുമൺ എൻജിനീയറിങ് കോളേജിന് സമീപം പണിയെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾ
വെബ് ഡെസ്ക്

Published on Jan 03, 2026, 01:51 AM | 1 min read


ന്യൂഡൽഹി

പുതിയ ലേബർകോഡുകൾ അടിച്ചേൽപ്പിക്കുന്നതിനായി കേന്ദ്ര ബിജെപി സർക്കാർ തയ്യാറാക്കിയ കരടുചട്ടങ്ങൾ തൊഴിൽ ചൂഷണം തീവ്രമാക്കും. കരടുചട്ടങ്ങൾ പ്രകാരം പ്രതിദിന തൊഴിൽ സമയം നിർണയിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരുകൾക്കുമാണ്‌. നിലവിലെ തൊഴിൽ നിയമങ്ങൾ പ്രകാരം ഒരു മണിക്കൂർ വിശ്രമസമയമടക്കം ഒമ്പതുമണിക്കൂറാണ്‌ പരമാവധി തൊഴിൽ സമയം. എന്നാൽ പുതിയ കരടുചട്ടങ്ങൾ പരമാവധി തൊഴിൽ സമയം എത്രയെന്നത്‌ സർക്കാരുകൾ നിശ്‌ചയിക്കും. ആഴ്‌ചയിൽ പരമാവധി 48 മണിക്കൂറായി തൊഴിൽ സമയത്തെ നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രതിദിന തൊഴിൽ സമയം വർധിപ്പിക്കാൻ സർക്കാരുകൾക്ക്‌ പുതിയ ചട്ടങ്ങൾ പ്രകാരം സാധിക്കും.


നിലവിൽതന്നെ തെലങ്കാന, കർണാടക, മഹാരാഷ്ട്ര‍, ഹരിയാന തുടങ്ങി കോൺഗ്രസും ബിജെപിയും ഭരിക്കുന്ന ഒട്ടനവധി സംസ്ഥാനങ്ങൾ 10 മുതൽ 12 മണിക്കൂർ വരെയായി പ്രതിദിന തൊഴിൽ സമയം ഉയർത്തിയിട്ടുണ്ട്‌. പുതിയ ചട്ടങ്ങൾ വരുന്നതോടെ തൊഴിലുടമകളുടെ സമ്മർദപ്രകാരം തൊഴിൽ സമയം വർധിപ്പിക്കുന്ന തീരുമാനത്തിലേക്ക്‌ കൂടുതൽ സംസ്ഥാനങ്ങൾ നീങ്ങാനാണ്‌ സാധ്യത. ചില ഓൺലൈൻ വിതരണ കമ്പനികളും ഉൽപ്പന്ന നിർമാണ ഫാക്ടറികളും മറ്റും 14 മണിക്കൂർ വരെയായി പ്രതിദിന തൊഴിൽ സമയം ഉയർത്തണമെന്ന നിലപാടിലാണ്‌. ആഴ്‌ചയിൽ മൂന്നോ– നാലോ ദിവസം കൂടുതൽ സമയം തൊഴിലാളികളെ കൊണ്ട്‌ പണിയെടുപ്പിക്കുകയാണ്‌ ലക്ഷ്യം. ആഴ്‌ചയിലെ ശേഷിക്കുന്ന ദിവസങ്ങളിൽ മറ്റൊരു വിഭാഗം തൊഴിലാളികളെ കൊണ്ട്‌ കൂടുതൽ സമയം പണിയെടുപ്പിക്കാനും സാധിക്കും. ഓവർടൈം വേതനം നൽകേണ്ട സാഹചര്യവുമുണ്ടാകില്ല.


പുതിയ ചട്ടങ്ങൾ പ്രകാരം മിനിമംകൂലി ദിവസാടിസ്ഥാനത്തിലാകും നിർണയിക്കുക. രാജ്യവ്യാപകമായി ഒരു കുറഞ്ഞ വേതനം കേന്ദ്രസർക്കാർ നിശ്‌ചയിക്കും. സംസ്ഥാനങ്ങൾ തീരുമാനിക്കുന്ന മിനിമം കൂലി കേന്ദ്രം നിശ്‌ചയിച്ചിട്ടുള്ള കുറഞ്ഞ വേതനത്തിൽ താഴെയാകാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്യുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home