70,916 കോടിയുടെ 
പുതിയ നിക്ഷേപം ; വൻകുതിപ്പുമായി കേരളം

Invest In Kerala
വെബ് ഡെസ്ക്

Published on Sep 18, 2025, 03:20 AM | 1 min read


തിരുവനന്തപുരം

ടൂറിസം, ഐടി, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ), ഹരിത ഊർജം മേഖലകളിൽ കേരളം മുന്നേറുന്നുവെന്ന്‌ പഠനം. എംഎസ്എംഇ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ നടത്തിയ പഠനത്തിൽ 2021- മുതൽ -25 വരെ 70,916 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികൾ കേരളത്തിലെത്തിയെന്ന്‌ പറയുന്നു. 23,728 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായി. 10,780 കോടി രൂപയുടെ പദ്ധതികൾ പുനരുജ്ജീവിപ്പിച്ചു.


സെന്റർ ഫോർ മോണിറ്ററിങ്‌ ഓഫ് ഇന്ത്യൻ ഇക്കണോമിയിൽ (സിഎംഐഇ)നിന്നാണ് ഡാറ്റ ശേഖരിച്ചത്‌. വിവരസാങ്കേതികവിദ്യ, ടൂറിസം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, എംഎസ്എംഇകൾ എന്നിവയിൽ സംസ്ഥാനം പുരോഗതി നേടി. ഹരിത ഊർജം, വിജ്ഞാന സമ്പദ്‌വ്യവസ്ഥ, സ്റ്റാർട്ടപ്പുകൾ എന്നിവയിൽ പുതിയ അവസരങ്ങളുണ്ടായി. 2024–-25ൽ സർക്കാർമേഖലയിലും സ്വകാര്യമേഖലയിലും 11,544 കോടി രൂപയുടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്‌. 2944 കോടി രൂപയുടെ പൂർത്തിയാക്കിയ പദ്ധതികളും 867 കോടി രൂപയുടെ പുനരുജ്ജീവിപ്പിച്ച പദ്ധതികളും ഇതിൽപ്പെടുന്നു. സ്വകാര്യമേഖലയുടെ സംഭാവന 8119 കോടി രൂപയാണ്‌.


2024-ൽ 2.20 കോടിയിലധികം വിനോദസഞ്ചാരികൾ സംസ്ഥാനം സന്ദർശിച്ചതുവഴി ആഭ്യന്തര വളർച്ചനിരക്ക്‌ 10 മുതൽ -12 ശതമാനമായി ഉയർന്നു. എംഎസ്എംഇ മേഖല അതിവേഗവളർച്ച നേടി. രണ്ടുവർഷത്തിനിടെ 15,000 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുന്ന 2,40,000-ത്തിലധികം പുതിയ എംഎസ്എംഇകൾ സ്ഥാപിച്ചു. 2.20 ലക്ഷംപേർക്ക് തൊഴിലവസരങ്ങളുണ്ടായി. എംഎസ്എംഇ ഇപിസി ചെയർമാൻ ഡോ. ഡി എസ് റാവത്താണ്‌ പഠനം പുറത്തിറക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home