'മേഘമൽഹാർ' ; അമ്മത്തൊട്ടിലിൽ പുതിയ അതിഥി

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പുതിയ അതിഥി. വെള്ളിയാഴ്ചത്തെ കനത്ത മഴയ്ക്കിടയിൽ വൈകുന്നേരം 6.30നാണ് ഒരു ദിവസം പ്രായവും 3.25കിലോഗ്രാം ഭാരവുമുള്ള ആൺകുഞ്ഞ് അമ്മത്തൊട്ടിലിലെത്തിയത്. കുഞ്ഞിന് "മേഘമൽഹാർ" എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി പറഞ്ഞു. മൺസൂൺ കാലത്ത് മഴ ആഗ്രഹിച്ച് പാടുന്ന ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രസിദ്ധമായ രാഗമാണ് മേഘമൽഹാർ. ഈ വർഷം തിരുവനന്തപുരം അമ്മത്തൊട്ടിലിലെത്തുന്ന എഴാമത്തെ കുഞ്ഞാണ് മൽഹാർ. ജനറൽ സെക്രട്ടറി ഉൾപ്പടെ സമിതി ആസ്ഥാനത്ത് ഉള്ള സമയത്താണ് പുതിയ അതിഥി എത്തിയത്.
ജനറൽ സെക്രട്ടറിയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരും സംരക്ഷണ ചുമതലയുണ്ടായിരുന്നവരും ഉടൻതന്നെ കുരുന്നിനെ ശിശു പരിചരണ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക നിരീക്ഷണം നടത്തി. തുടർന്ന് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണ്. കുഞ്ഞിനെ പിന്നീട് എസ്എടി ഹോസ്പിറ്റലിലേക്ക് മാറ്റി. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞായതിനാൽ ഒരു ദിവസത്തെ നിരീക്ഷണം ആവശ്യമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
2023 മെയ് മാസം മുതൽ മൂന്ന് വർഷം പിന്നിടുമ്പോൾ സംസ്ഥാനത്തെ അമ്മത്തൊട്ടിലുകൾ വഴി മാത്രം സമിതിയുടെ പരിചരണയിലേക്ക് 106 കുട്ടികളാണ് എത്തിയതെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. ഏറ്റവും കൂടുതൽ കുട്ടികൾ എത്തിയത് തിരുവനന്തപുരം അമ്മത്തൊട്ടിലിലാണ്- 65പേർ. കുറവ് പത്തനംതിട്ടയിലും- ഒരാൾ. കൊല്ലം- 4, ആലപ്പുഴ- 11, എറണാകുളം- 2, കോട്ടയം- 7, തൃശൂർ- 6, കോഴിക്കോട്- 8, കാസർകോട്- 2, എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. ഈ കാലയളവിൽ വിദേശത്തും സ്വദേശത്തുമായി 233 കുട്ടികളെയാണ് ദത്ത് നൽകിയത്. സ്വദേശം- 206, വിദേശം - 27. വിദേശത്ത് ഏറ്റവും കൂടുതൽ കുട്ടികൾ ഇറ്റലിയിലേക്കാണ് ദത്തെടുക്കപ്പെട്ടത്- 10 പേർ. മറ്റുള്ളവർ അമേരിക്ക, ഡെൻമാർക്ക്, സ്പെയിൻ, യുഎഇ, സ്വീഡൻ, എന്നിവിടങ്ങളിലേക്കും.
സംസ്ഥാനത്ത് സമിതിയുടെ കീഴിൽ 11 ജില്ലകളിലെ ദത്തെടുക്കൽ, ശിശുപരിചരണ കേന്ദ്രങ്ങൾ, തിരുവനന്തപുരത്തെ വീട് ബാലികാ മന്ദിരം, വയനാട് ഗേൾസ് എൻട്രി ഹോം എന്നിവിടങ്ങളിലായി 285 കുട്ടികളാണ് പരിചരണത്തിലുള്ളത്. മേഘമൽഹാറിൻ്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുന്നെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടെണ്ടതാണെന്ന് ജി എൽ അരുൺ ഗോപി അറിയിച്ചു.










0 comments