ജിഎസ്‌ടി നിരക്ക് ; വൈദ്യുതി മേഖലയിലും പ്രതിസന്ധി


സ്വാതി സുജാത
Published on Sep 05, 2025, 03:01 AM | 1 min read
തിരുവനന്തപുരം
സംസ്ഥാനങ്ങളുടെ താൽപര്യം പരിഗണിക്കാതെ ഏകപക്ഷീയമായി ജിഎസ്‌ടി നിരക്ക് ഏകീകരിക്കാനുള്ള തീരുമാനം ഉൗർജമേഖലയിലുംപ്രതിസന്ധിയുണ്ടാക്കും. കൽക്കരിയുടെയും ലിഗ്‌നൈറ്റിന്റെയും ജിഎസ്‌ടി അഞ്ച് ശതമാനത്തിൽനിന്ന് 18 ശതമാനമാക്കിയത് ഉൽപ്പാദനച്ചെലവിൽ വർധനവുണ്ടാക്കും. സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 60 ശതമാനവും കൽക്കരി, ലിഗ്‌നൈറ്റ് നിലയങ്ങളിൽനിന്നാണ്. ഇവിടങ്ങളിൽനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് യൂണിറ്റിന് 15 മുതൽ 35 പൈസവരെ വില ഉയരും.
ദീർഘകാല വൈദ്യുതി കരാറിലൂടെ രാമഗുണ്ടം, തൂത്തുക്കുടി, വള്ളൂർ, കുഡ്കി, സിംഹാദ്രി, താൽച്ചർ എന്നീ പൊതുമേഖലാ താപവൈദ്യുത നിലയങ്ങളിൽ നിന്നും സ്വകാര്യ കമ്പനികളായ ദാമോദർവാലി കോർപറേഷൻ, ബാൽകോം, ജിൻഡാൽ, മൈത്തൺ പവർ ലിമിറ്റഡ് എന്നിവിടങ്ങളിൽനിന്നുമാണ് കൽക്കരി അധിഷ്‌ഠിത വൈദ്യുതി കേരളം വാങ്ങുന്നത്. നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷനിൽനിന്ന് ലിഗ്‌നൈറ്റ് അധിഷ്‌ഠിത വൈദ്യുതിയും ലഭ്യമാകുന്നു. ഇവിടങ്ങളിൽനിന്ന് സംസ്ഥാനങ്ങൾക്ക് നൽകുന്ന വൈദ്യുതിയുടെ വില നിശ്‌ചയിക്കുന്നത് കേന്ദ്ര റെഗുലേറ്ററി കമീഷനാണ്. 2000 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന്റെ വിഹിതം. സംസ്ഥാനത്തിന്റെ ആവശ്യമനുസരിച്ച് ഓരോ മാസവും വാങ്ങുന്ന വൈദ്യുതിക്കാണ് വില നൽകുന്നത്.
ജിഎസ്‌ടി അഞ്ചിൽനിന്ന് 18ശതമാനമായി ഉയരുമ്പോൾ വൈദ്യുതി വാങ്ങൽ ചെലവും ഉയരും. ഹ്രസ്വകാല കരാറിലൂടെ വാങ്ങുന്ന വൈദ്യുതിക്കും വില ഉയരാൻ സാധ്യതയുണ്ട്. പരിഷ്‌കരണത്തിലൂടെ വൻതോതിൽ ഇളവുണ്ടാകും എന്ന കേന്ദ്രസർക്കാർ വാദം പൊള്ളയാണെന്നും ജനങ്ങൾക്ക് ഇരുട്ടടിയാകുമെന്നുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇൗ പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കുമെന്ന ആലോചനയിലാണ് കെഎസ്‌ഇബി.









0 comments