കേരളത്തിന്റെ സസ്യവൈവിധ്യത്തിലേക്ക് പുതിയ അതിഥി ; റോസ്മലയിൽ അപൂർവയിനം പായൽ കണ്ടെത്തി ഗവേഷകർ

ജോഷി അറയ്ക്കൽ
Published on Mar 17, 2025, 01:29 AM | 1 min read
കോതമംഗലം : കേരളത്തിന്റെ സസ്യവൈവിധ്യത്തിലേക്ക് പുതിയ അതിഥി. കൊല്ലം ജില്ലയിലെ റോസ്‌മലയിൽനിന്ന് പുതിയ ഇനം പായൽസസ്യത്തെ ഗവേഷകർ കണ്ടെത്തി. ശുദ്ധജല ആവാസവ്യവസ്ഥകളിൽമാത്രം കാണുന്ന റെഡ് ആൽഗെ വിഭാഗത്തിലെ ഷിത്തിയ വർഗത്തിൽ ഉൾപ്പെടുന്ന സസ്യമാണ് കണ്ടെത്തിയത്. "ഷിത്തിയ റോസ്‌മലയൻസിസ്’ എന്നാണ് ഗവേഷകർ നൽകിയ പേര്.
കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി എസ് ജയലക്ഷ്മി, എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജോസ് ജോൺ എന്നിവരാണ് സസ്യത്തെ കണ്ടെത്തിയത്.
ഷിത്തിയ ഇനത്തിൽ ഇന്ത്യയിൽ ഹിമാലയത്തിൽമാത്രമാണ് മറ്റൊരു ആൽഗെ ഇതിനുമുമ്പ് കണ്ടെത്തിയിട്ടുള്ളത്. ഗവേഷണഫലങ്ങൾ അമേരിക്ക ആസ്ഥാനമായ ഇന്റർനാഷണൽ ഫൈക്കോളജിക്കൽ സൊസൈറ്റിയുടെ ജേർണലായ ഫൈക്കോളജിയയിൽ പ്രസിദ്ധീകരിച്ചു.
ഈ ഗവേഷകർ ഇതിനുമുമ്പ് മൂന്ന് പുതിയ സസ്യങ്ങളും കേരളത്തിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കുമനോവ ചൗഗ്ലെയി, കുമനോവ പെരിയാറെൻസിസ്, മാക്രോസ്പൊറോഫയ്‌ക്കോസ് സഹ്യാദ്രിക്കസ് -എന്നിങ്ങനെ പേരുകൾ നൽകിയിട്ടുള്ള ഇവ എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിൽനിന്നും ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളിൽനിന്നുമായാണ് കണ്ടെത്തിയത്. ഇവയിലെല്ലാം ഡിഎൻഎ ബാർകോഡിങ് നടത്തി ഫലങ്ങൾ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്രോസ്പൊറോഫയ്‌ക്കോസ് എന്ന ഇനം ലോകത്തിൽ ആദ്യമായി കണ്ടെത്തിയതും ഇവരാണ്.
ഡോ. ജയലക്ഷ്മി, ഡോ. ജോസ് ജോൺ എന്നിവരെ എംഎ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ എന്നിവർ അഭിനന്ദിച്ചു.









0 comments